Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓഫ് ഷോൾഡർ ടോപ് ധരിച്ച് ആൺകുട്ടികൾ; ഇത് ഫാഷനല്ല കൂട്ടുകാരികൾക്കു വേണ്ടിയുള്ള പോരാട്ടം

boys-wear-off-shoulder-top ചിത്രത്തിന് കടപ്പാട്; ഫെയ്സ്ബുക്ക്.

കലിഫോർണിയയിലെ ഹോളിസ്റ്റർ സാൻ ബെനിറ്റോ സ്കൂളിൽ കഴിഞ്ഞദിവസം എത്തിയ ആൺകുട്ടികളെ കണ്ട അധികൃതർ അത്ഭുതപ്പെട്ടു. പെൺകുട്ടികൾ ധരിക്കുന്ന രീതിയിലുള്ള മേൽക്കുപ്പായങ്ങളായിരുന്നു അവർ ധരിച്ചിരുന്നത്. തോളുകൾ പുറത്തുകാണുന്ന രീതിയിലൂള്ള സവിശേഷ വസ്ത്രങ്ങൾ. ഫാഷനിൽ കുട്ടികൾ ഒരു പുതിയ ചുവട് മുന്നോട്ടുവയ്ക്കുകയായിരുന്നില്ല. മറിച്ച് തങ്ങളുടെ സഹപാഠികൾക്കു നേരിടേണ്ടിവന്ന അപമാനത്തിൽ പ്രതിഷേധിക്കാനായിരുന്നു ഈ അപൂർവവസ്ത്രധാരണം. 

ഓഗസ്റ്റ് 10 സ്കൂൾ തുറന്ന ദിവസം അമ്പതോളം പെൺകുട്ടികളെ സ്കൂൾ അധികൃതർ ശകാരിച്ചു സ്കൂളിൽനിന്നു പുറത്താക്കി. അനുവദനീയമല്ലാത്ത വേഷങ്ങൾ ധരിച്ചുകൊണ്ടെത്തിയതിനായിരുന്നു പുറത്താക്കൽ. തോളിലേക്ക് ഇറങ്ങിയ മേൽക്കുപ്പായം ധരിച്ച പെൺകുട്ടികൾക്കാണ് അപ്രതീക്ഷിത നടപടി നേരിടേണ്ടിവന്നത്. പെൺകുട്ടികളെ പുറത്താക്കാൻ കാരണമായ വസ്ത്രങ്ങൾ സ്കൂളിൽ ധരിക്കുന്നതിനു നിരോധനം ഉണ്ടായിരുന്നെങ്കിലും ഇതാദ്യമായാണ് അധികൃതർ കർശന നിലപാട് സ്വീകരിക്കുന്നതെന്നു പറയുന്നു പെൺകുട്ടികൾ.

ഇതിനു മുമ്പ് ഇത്തരം വേഷങ്ങൾ ധരിച്ചുവന്നവർക്കെതിരെ നടപടി ഉണ്ടായിട്ടില്ല. വസ്ത്രധാരണ നിയമങ്ങൾ കർശനമാക്കിയിരുന്നുമില്ല. മുൻവർഷങ്ങളിൽ മുതിർന്ന അനേകം വിദ്യാർഥികൾ തോളുകൾ പ്രദർശിപ്പിക്കുന്ന വേഷങ്ങൾ ധരിച്ചതിന്റെ തെളിവുകൾ ആൽബങ്ങളിൽ ഉണ്ടെന്നും വിദ്യാർഥികൾ ചൂണ്ടിക്കാട്ടുന്നു.

ഇക്കഴിഞ്ഞ വർഷങ്ങളിലൊന്നുമില്ലാത്ത നിയമം ഇപ്പോൾ നടപ്പാക്കുന്നതിന്റെ ഉദ്ദേശശുദ്ധി മനസ്സിലാകുന്നില്ലെന്നു പറയുന്നു ഒരു മുതിർന്ന വിദ്യാർഥിനി. അധികൃതർ പറയുന്നത് ഈ നടപടി പെൺകുട്ടികളുടെ സുരക്ഷയ്ക്കുവേണ്ടിയെന്നാണ്. എന്തിൽനിന്നുള്ള സുരക്ഷയാണ് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാകുന്നില്ല.

പെൺകുട്ടികളെ പുറത്താക്കിയ  സ്കൂൾ അധികൃതരുടെ നടപടിയിൽ പ്രതിഷേധിക്കാൻ അനേകം വിദ്യാർഥികൾ പ്രത്യേകവേഷമണിഞ്ഞ് കഴിഞ്ഞദിവസം അണിനിരന്നിരുന്നു. അധികൃതരുടെ പുതിയ നിയമം വിവേചനപരമാണെന്ന് ആരോപിക്കുന്നു ഭൂരിപക്ഷവും. ഇനി എന്നെങ്കിലും ആരെങ്കിലും ഒരു പെൺകുട്ടിയെ ഉപദ്രവിച്ചാൽ അത് ആ പെൺകുട്ടിയുടെ കുഴപ്പം മാത്രമാണെന്നും അക്രമി നിരപരാധിയാണെന്നും കൂടി അധികൃതർ പറയും. –ഒരു മുതിർന്ന വിദ്യാർഥി ചൂണ്ടിക്കാട്ടുന്നു.

പെൺകുട്ടികളോട് ബഹുമാനത്തോടെ പെരുമാറണം.സമഭാവനയോടെ. ഇഷ്ടപ്പെട്ട വേഷം അണിയാനുള്ള അവകാശം ഈ ബഹുമാനത്തിന്റെ ഭാഗമാണ്. അല്ലാതെ കർശനനിയമങ്ങൾക്കുള്ളിൽ പെൺകുട്ടികളെ തളച്ചിടുന്നത് ആധുനിക സമൂഹത്തിനു ചേർന്നതല്ല.

പുരുഷൻമാരുടെ ശ്രദ്ധ ആകർഷിക്കാതിരിക്കാൻ പെൺകുട്ടികൾ മൂടിപ്പൊതിയുന്ന വേഷം അണിയണമെന്നു പറയുന്നത് പഴഞ്ചൻ ചിന്താഗതിയാണ്. ഇതു പുരുഷൻമാരെ അപമാനിക്കുന്നതിനു തുല്യമാണ്. പുരുഷൻമാർ എപ്പോഴും ലൈംഗികകാര്യങ്ങൾ മാത്രമാണു ചിന്തിക്കുന്നതെന്ന ധാരണയിൽനിന്നാണ് ഇത്തരം നിയമങ്ങൾ പിറവിയെടുക്കുന്നതെന്നും വിദ്യാർഥികൾ ചൂണ്ടിക്കാട്ടുന്നു. 

സ്കൂൾ പ്രിൻസിപ്പൽ അഡ്രിയാൻ റാമിറെസ് പ്രശ്നത്തിൽ ഇടപെട്ടു. പ്രതിഷേധിക്കുന്ന വിദ്യാർഥികളുടെ അഭിപ്രായം കേൾക്കാൻ താൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്തായാലും പെൺകുട്ടികളായ തങ്ങളുടെ സഹപാഠികൾക്കുവേണ്ടി ആൺകുട്ടികൾ നടത്തിയ വ്യത്യസ്ത സമരമാർഗം ലോകത്താകെ ചർച്ചയായിരിക്കുന്നു.