Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

''നിങ്ങളൊരു ക്രിക്കറ്റ് താരമാണ് സിനിമാനടിയല്ല''; വിമർശിച്ചവർക്ക് മിതാലി രാജിന്റെ മറുപടി

mithali-reply ചിത്രത്തിന് കടപ്പാട്; ട്വിറ്റർ.

സുഹൃത്തുക്കൾക്കൊപ്പമെടുത്ത സെൽഫി വെറുതെ സമൂഹമാധ്യമത്തിൽ അപ്‌ലോഡ് ചെയ്തപ്പോൾ അതിത്ര വലിയ പുലിവാലാകുമെന്ന് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിതാലി രാജ് ഓർത്തു കാണില്ല. ചിത്രം പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകമെത്തി ചില ദോഷൈകദൃക്കുകളുടെ മോശം പ്രതികരണങ്ങളെത്തി. ടർട്ടിൽനെക്ക് ഉള്ള സ്ലീവ്‌ലെസ്സ് വസ്ത്രം ധരിച്ച മിതാലിയെ കണക്കിനു പരിഹസിച്ചുകൊണ്ടാണ് വിമർശകർ ട്രോളുകളുകളിറക്കിയത്. 

നിങ്ങളിൽ നിന്നും ഇതൊന്നും പ്രതീക്ഷിച്ചില്ല എന്നു പറഞ്ഞാണ് ചിലർ മറുപടി കൊടുത്തത്. മറ്റുചിലർ പറഞ്ഞത് മിതാലിക്ക് ഒട്ടും തന്നെ ഡ്രസ്സിങ് സെൻസ് ഇല്ലെന്നും അതുകൊണ്ടു തന്നെ പൊതുവിടങ്ങളിൽ ഇത്തരം ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത് ശരിയല്ലെന്നും ചിത്രം നീക്കം ചെയ്യണമെന്നുമാണ്. ഇത്തരം ഭ്രാന്തൻ പ്രതികരണങ്ങളോട് മിതാലി പ്രതികരിച്ചില്ലെങ്കിലും മിതാലിയുടെ ആരാധകർ ചുട്ടമറുപടി നൽകി. മാറ്റേണ്ടത് മിതാലിയുടെ വസ്ത്രമല്ലെന്നും ആ വസ്ത്രധാരണത്തിൽ തെറ്റുകാണുന്ന ആളുകളുടെ മനസ്സിനാണെന്നുമാണ് മിതാലിയെ പിന്തുണയ്ക്കുന്നവർ നൽകിയ മറുപടി. 

ആദ്യമൊന്നും പ്രതികരിക്കാൻ തയാറായില്ലെങ്കിലും ഒരു സിങ്കിൾ ട്വീറ്റ് കൊണ്ട് തന്റെ നിശ്ശബ്ദത ഭഞ്ജിച്ചിരിക്കുകയാണ് മിതാലി. ജോലിയിൽ താൻ ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും കഠിനാധ്വാനം ചെയ്തു തന്നെയാണ് മുന്നോട്ടു പോകുന്നതെന്നും  തന്റെ കഴിവിന്റെ പരമാവധി കളിക്കളത്തിൽ പ്രകടമാക്കുമെന്നും അവർ ട്വീറ്റ് ചെയ്തു. അതുകൊണ്ടും തീർന്നില്ല. ഒന്നിനു പിന്നാലെ മറ്റൊന്നായി വിവിധതരത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചുകൊണ്ടുള്ള സെൽഫികളും തുടർച്ചയായി പോസ്റ്റ് ചെയ്തു. വിമർശകർ പോലും മിതാലിയുടെ പുതിയ അപ്പിയറൻസിനെ ഫോളോ ചെയ്യുന്നുണ്ടെന്നാണ് കേൾക്കുന്നത്.