ഫിനിഷിങ്‌ലൈനിനു തൊട്ടുമുമ്പ് വീണുപോയി; തോൽക്കാതിരിക്കാൻ ആ യുവതി ചെയ്തത്

ചിത്രത്തിനു കടപ്പാട്; ഫെയ്സ്ബുക്ക്.

അപ്രതീക്ഷിതമായ തിരിച്ചടികൾ നൽകി ജീവിതം ചിലപ്പോൾ നമ്മെ ശിക്ഷിക്കാറുണ്ട്. അപ്പോഴൊക്കെയും ഒഴുക്കിനെതിരെ എങ്ങനെ നീന്തണമെന്നറിയാതെ പകച്ചു നിൽക്കുകയാണ് ഒട്ടുമിക്കപേരുടെയും പതിവ്. ചിലർ ചെറിയ പരാജയങ്ങളുടെ മുന്നിൽപ്പോലും മുട്ടുമടക്കി വീണുപോകും അങ്ങനെയുള്ളവർ ഈ അത്‌ലറ്റിന്റെ കഥവായിക്കണം. ഫിനിഷിങ് ലൈനിനു തൊട്ടുമുമ്പ് അടിതെറ്റി വീണിട്ടും അവൾ വിജയിക്കുവാൻ വേണ്ടി ചെയ്ത പ്രവൃത്തി കണ്ട് ഗാലറി മുഴുവൻ അവളെ നോക്കി കൈയടിച്ചു.

യുഎസിൽ നടന്ന ടണൽ വിഷൻ മാരത്തണിൽ പങ്കെടുക്കവേയാണ് ലക്ഷ്യത്തിലെത്തും മുമ്പ് ഡിവോൺ ബിലിങ് എന്ന യുവതി അടിതെറ്റി വീണത്. യുവതിയുടെ പ്രകടനത്തിനും ശേഷം മൈതാനത്തിൽ നടന്ന കാഴ്ചകൾക്കു സാക്ഷിയായ ഫൊട്ടോഗ്രാഫർ ആ പ്രചോദനാത്മകമായ അനുഭവത്തെക്കുറിച്ച് തന്റെ ഫെയ്സ്ബുക്ക് പേജിൽ ഒരു കുറിപ്പെഴുതി. ആ കുറിപ്പുവായിച്ച് നിരവധിപേരാണ് യുവതിയെ അഭിനന്ദിച്ചത്.

അറ്റ്ലാന്റയിൽ നഴ്സായി ജോലിചെയ്യുന്ന ഡിവോൺ മാരത്തണിൽ പങ്കെടുക്കുമ്പോൾ ഫിനിഷിങ് ലൈൻ എത്തുന്നന്നതിനു കുറച്ചു ദൂരം മുമ്പ് അടിതെറ്റി വീണു. എഴുന്നേൽക്കാൻ പരമാവധി ശ്രമിച്ചെങ്കിലും അവർക്കതിനായില്ല. പരുക്കനായ തറയിലൂടെ മുട്ടിലിഴഞ്ഞു നീങ്ങാനായിരുന്നു പിന്നത്തെ ശ്രമം. ആ ശ്രമത്തിനിടയിൽ അവരുടെ മുട്ടുകൾ ഉരഞ്ഞുപൊട്ടി അവർ വീണ്ടും വീണു. എന്നിട്ടും തോറ്റുപോകാൻ അവർ തയാറായില്ല. നിലത്തൂടെ ഉരുണ്ടുരുണ്ട് അവളൊടുവിൽ ഫിനിഷിങ് ലൈനിൽ എത്തിച്ചേർന്നു.

ഒരു സുഹൃത്താണ് മൈതാനത്തിൽ നടന്ന അസാധാരണ സംഭവത്തിലേക്കു തന്റെ ശ്രദ്ധ ക്ഷണിച്ചതെന്നും അങ്ങനെയാണ് യുവതിയുടെ ദൃശ്യങ്ങൾ പകർത്തിയതെന്നുമാണ് ഫൊട്ടോഗ്രാഫർ പറയുന്നത്. ജീവിതത്തിൽ വീഴ്ചകളുണ്ടാവാം എങ്കിലും തളർന്നുപോകാതെ തകർന്നു പോകാതെ പോരാടണം എന്ന സന്ദേശമാണ് യുവതി തന്റെ പ്രവൃത്തിയിലൂടെ സമൂഹത്തിനോട് പങ്കുവെച്ചതെന്നും ഫൊട്ടോഗ്രാഫർ പറയുന്നു.

3 മണിക്കൂറും 34 മിനിറ്റും 2സെക്കന്റും കൊണ്ടു മാരത്തൺ പൂർത്തിയാക്കിയിരുന്നുവെങ്കിൽ ബോസ്റ്റൺ മാരത്തണിൽ പങ്കെടുക്കാനുള്ള അവസരം അവർക്കു ലഭിക്കുമായിരുന്നു. പക്ഷേ 3 മണിക്കൂറും 35 മിനിറ്റുംകൊണ്ടാണ് അവർ മത്സരം പൂർത്തിയാക്കിയത്. എന്തായാലും ബോസ്റ്റണിലെ മാരത്തണിൽ പങ്കെടുക്കാനുള്ള അനുവാദം ചോദിച്ചുകൊണ്ട് ഡിവോൺ അധികൃതർക്ക് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. തോറ്റുപോകാൻ സാധ്യതയുണ്ടായിട്ടും ആ തോൽവിയെ അതിജീവിച്ച ഡിവോണിനെ അധികൃതർ പരിഗണിക്കുമെന്നു തന്നെയാണ് പ്രതീക്ഷ. .