ലൈവ് വാർത്തയ്ക്കിടെ അവതാരകയ്ക്ക് പ്രസവവേദന; വാർത്ത അവസാനിക്കുന്നതുവരെ വേദനസഹിച്ചു ശേഷം?

നതാലിയ ഭർത്താവിനും കുഞ്ഞിനുമൊപ്പം.

ലൈവ് ചർച്ച പുരോഗമിക്കുന്നതിനിടെയാണ് ഗർഭിണിയായ വാർത്താ അവതാരക ആ സത്യമറിഞ്ഞത്. ശരീരത്തിൽ നിന്ന് അമ്നിയോട്ടിക് ദ്രാവകം പുറന്തള്ളപ്പെടുന്നുണ്ട്. ഏതു നിമിഷവും കുഞ്ഞു പിറന്നേക്കാം. എന്നിട്ടും അവർ ധൈര്യം കൈവിട്ടില്ല. വാർത്ത അവസാനിക്കുന്നതുവരെ വേദന കടിച്ചുപിടിച്ചു നിന്നു. ശേഷം തന്റെ അവസ്ഥയെക്കുറിച്ച് സഹപ്രവർത്തകരോട് തുറന്നു പറഞ്ഞു. ന്യൂയോർക്കിലെ വാർത്താ അവതാരകയായ നതാലി പാസ്ക്വറല്ലയാണ് ഔദ്യോഗിക ജീവിതത്തിനിടയിൽ അപ്രതീക്ഷിതമായ സംഭവങ്ങളിലൂടെ കടന്നുപോയത്.

കുഞ്ഞു പിറക്കാൻ ഇനിയും ദിവസങ്ങൾ ബാക്കിയുണ്ടല്ലോ എന്ന ധൈര്യത്തോടെയാണ് നതാലിയ സ്റ്റുഡിയോയിലെത്തിയത്. പതിവുപോലെ ചാനൽ ചർച്ചയിലെ ഒരാളായിരുന്നു തന്റെ ജോലി തുടർന്നു. ചർച്ച പുരോഗമിച്ചപ്പോഴാണ് അമ്നിയോട്ടിക് ദ്രാവകം ശരീരത്തിൽ നിന്നു പുറത്തു വരുന്നതായി അനുഭവപ്പെട്ടത്. ഒരു ചെറുചിരിയോടെ  ചർച്ചയിലുടനീളം അവർ ശാന്തയായിരുന്നു. വാർത്ത അവസാനിച്ചപ്പോൾ തന്റെ ശാരീരിക സ്ഥിതിയെക്കുറിച്ച് സഹപ്രവർത്തകരോട് തുറന്നു പറഞ്ഞു.

സംഗതിയറിഞ്ഞ ഷോയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുൾപ്പെടെയുള്ളവർ നതാലിയയെ വേഗം ആശുപത്രിയിലെത്തിച്ചു. സംഭവമറിഞ്ഞ നതാലിയയുടെ ഭർത്താവ് ജമിൻ പാസ്റ്റോറും ആശുപത്രിയിലെത്തിയിരുന്നു. ആശുപത്രിയിൽ വെച്ച് നതാലിയ ആരോഗ്യമുള്ള ഒരാൺകുഞ്ഞിന് ജന്മം നൽകി. വിചാരിച്ചതിലും നേരത്തെയെത്തിയ കുഞ്ഞതിഥിയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ നതാലിയ പങ്കുവെച്ചു.

നതാലിയയോടൊപ്പം വാർത്ത അവതരിപ്പിച്ച സഹപ്രവർത്തകരാണ് ലൈവ് വാർത്തക്കിടെ നതാലിയയ്ക്കുണ്ടായ വിഷമത്തെക്കുറിച്ചും ആ വേദനയെ ചെറുപുഞ്ചിരിയിലൊളുപ്പിച്ചുകൊണ്ട് വാർത്ത അവതരിപ്പിച്ച നതാലിയയുടെ മനസ്സാന്നിധ്യത്തെക്കുറിച്ചും തുറന്നു പറഞ്ഞത്.