സാറയുടെ സ്ക്രീൻ പ്രസൻസ് ഗംഭീരം; സെയ്ഫ് അലീഖാന്റെ മകളുടെ ഫസ്റ്റ് ലുക്ക്

സെയ്ഫ് അലീഖാന്റെയും അമൃത സിങ്ങിന്റെയും മകൾ സിനിമയിലേയ്ക്ക് വരുന്നതും കാത്തിരുന്ന ആരാധകരെ സന്തോഷിപ്പിച്ചുകൊണ്ടാണ് മകൾ സാറ അലീഖാൻ ആദ്യമായി അഭിനയിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് ചിത്രങ്ങൾ പുറത്തു വന്നത്. അഭിഷേക് കപൂർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സാറയുടെ നായകനായെത്തുന്നത് സുശാന്ത് സിങ് രജ്പുത് ആണ്.

സാറയുടെ അൾട്രാ ഗ്ലാമർ വേഷം കാണാൻ കാത്തിരുന്നവരെ നിരാശപ്പെടുത്തിക്കൊണ്ട് നാടൻ വേഷത്തിലാണ് സാറയെത്തിയത്. സ്ക്രീൻ പ്രസൻസിൽ സാറ അച്ഛന്റെ മോൾ തന്നെയാണ് എന്നാണ് പുറത്തുവരുന്ന ഫസ്റ്റ്ലുക്ക് ചിത്രങ്ങൾ പറഞ്ഞുവെയ്ക്കുന്നത്. തുടക്കക്കാരിയുടെ പരിഭ്രമങ്ങളോ ഭയമോ ഇല്ലാതെയാണ് കേദാർനാഥ് എന്ന ചിത്രത്തിൽ സാറ അഭിനയിക്കുന്നത്. കേദാർനാഥ് ക്ഷേത്രം സന്ദർശിക്കാനെത്തുന്ന ടൂറിസ്റ്റിന്റെ വേഷമാണ് സാറ അഭിനയിക്കുന്നതെന്നും സാറയുടെ അപ്പിയറൻസിൽതന്നെ അതുവായിച്ചെടുക്കാമെന്നുമാണ് ചിത്രങ്ങൾ പുറത്തു വന്നതിനെത്തുടർന്നുള്ള ആരാധകരുടെ അഭിപ്രായ പ്രകടനങ്ങൾ.

ക്ഷേത്രം കാണാനെത്തുന്ന ടൂറിസ്റ്റ് അവിടെയുള്ള യുവാവുമായി പ്രണയത്തിലാകുന്നതാണ് കഥയുടെ ഇതിവൃത്തം. എന്തായാലും അച്ഛനെപ്പോലെ തന്നെ മകളും അഭിനയരംഗത്ത് തിളങ്ങുന്ന താരമാകുമെന്നു തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. ചിത്രം അടുത്ത വർഷം പുറത്തിറങ്ങും.