Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

''എങ്ങനെ പരസ്യമായി പറയും മകൾ സാനിറ്ററി പാഡ് ഉണ്ടാക്കി വിൽക്കുകയാണെന്ന്'' ; ആശങ്കകൾ അസ്ഥാനത്താക്കി ദീപാഞ്ജലി

deepanjali-dalmia ദീപാഞ്ജലി.

ലോകത്തെ മുൻനിര സ്ഥാപനം. മികച്ച ജോലി. മികച്ച ശമ്പളവും. 26–ാം വയസ്സിൽ അങ്ങനെയൊരു ജോലി വിട്ടെറിഞ്ഞുപോകാൻ‌ തീരുമാനിക്കുമോ ആരെങ്കിലും ? ദീപാഞ്ജലിക്ക് അങ്ങനെ തീരുമാനിക്കേണ്ടിവന്നു. ന്യൂയോർക്കിൽ ഏണസ്റ്റ് ആൻഡ് യങ് കമ്പനിയിൽ ഫിനാൻഷ്യൽ കൺസൾട്ടന്റ്.

പക്ഷേ പെട്ടെന്നൊരു ദിവസം ജോലി മതിയാക്കി സ്വന്തം സ്ഥാപനം തുടങ്ങാൻ തീരുമാനിച്ചു ദീപാഞ്ജലി ഡാൽമിയ. അച്ഛനും അമ്മയുമുൾപ്പെടെ കുടുംബം വിചാരിച്ചതു മകൾക്ക് എന്തോ കാര്യമായി തകരാറു സംഭവിച്ചുവെന്ന്. എന്തിനു കളയണം നല്ലൊരു ജോലി. സോപ്പോ ഡിറ്റർജന്റ് പൗഡറോ ഉണ്ടാക്കി വിറ്റാൽ എന്തു കിട്ടാൻ. സംശയങ്ങൾ. ആശങ്കകൾ. ദീപാഞ്ജലി ഉറച്ചുനിന്നു. ജൈവ സാനിറ്ററി പാഡാണു താൻ നിർമിക്കാൻ പോകുന്നതെന്നു പ്രഖ്യാപിച്ചു. അതോടെ കുടുംബത്തിലുണ്ടായ ആശങ്കയ്ക്കു കണക്കില്ല. 

എല്ലാവരും കരുതി എനിക്കു വട്ടായെന്ന്. സാനിറ്ററി പാഡിന്റേത് വലിയ മാർക്കറ്റ്; കുത്തകകൾ നിയന്ത്രിക്കുന്ന രംഗം. അവിടെ ഒരു തുടക്കക്കാരിക്ക് എന്തു ചെയ്യാൻ. ആർത്തവം പോലെയുള്ള വിഷയങ്ങൾ രഹസ്യമായി പറയുന്നവയാണ്. സാനിറ്ററി പാഡ് പോലെയൊരു ഉൽപന്നത്തെക്കുറിച്ച് എങ്ങനെ പരസ്യമായി പറയും. ജീവിക്കാൻ മകൾ സാനിറ്ററി പാഡ് ഉണ്ടാക്കിവിൽക്കുകയാണെന്ന് പറയാൻ ഏത് അച്ഛനും അമ്മയും തയ്യാറാകും: ദീപാഞ്ജലി വ്യവസായം തുടങ്ങാൻ‌ ഇറങ്ങിത്തിരിച്ച ആദ്യനാളുകൾ ഓർമിക്കുന്നു. 

ജീവിതത്തിൽ ദീപാഞ്ജലിയുടെ ഏറ്റവും വലിയ ശക്തി അച്ഛൻ. പ്രചോദനത്തിന്റെ ഉറവിടവും. ആദ്യംതന്നെ അച്ഛനോടു പ്രശ്നം സംസാരിച്ചു. ആർത്തവത്തെക്കുറിച്ച് അച്ഛനുമായി സംസാരിക്കുന്നത് ആദ്യം. അദ്ദേഹത്തിനും മടിയുണ്ടായിരുന്നെങ്കിലും പിന്നീടു രണ്ടുപേരും തുറന്നുസംസാരിച്ചു. അതോടെ വലിയൊരു ലോകം തുറന്നുകിട്ടി.ആത്മവിശ്വാസത്തോടെ ആദ്യത്തെ ചുവടു വച്ചു – ഹെയ്ഡേ സാനിറ്ററി പാഡ്. 

സ്കൂൾ, കോളജ് പഠനം ദീപാഞ്ജലി പൂർത്തിയാക്കിയത് പെൺകുട്ടികൾ മാത്രമുള്ള കൊളേജുകളിൽ. ഡൽഹി കാർമൽ കോൺവെന്റ് സ്കൂളിലും ന്യൂയോർക്ക് കൊളംബിയ സർവകലാശാലയിലെ ബർനാഡ് കൊളേജിലും. സ്ത്രീകളുടെ ഇഷ്ടാനിഷ്ടങ്ങൾ എന്തൊക്കെ എന്നും നല്ല ധാരണയുണ്ടായിരുന്നു. തന്റെ ഉദ്ദേശം വെറുമൊരു ഉൽപന്നം വിൽക്കുക മാത്രമല്ല. അതുകൊണ്ടു സ്ത്രീകൾക്കു പ്രയോജനമുണ്ടാകണം – ദീപാഞ്ജലി ആദ്യമേ തീരുമാനിച്ചു. പഠിച്ചതു സാമ്പത്തിക ശാസ്ത്രവും മനശാസ്ത്രവുമായിരുന്നെങ്കിലും ലൈഫ് സ്റ്റൈൽ പ്രൊഡക്റ്റ്സിലും താൽപര്യമുണ്ടായിരുന്നു. അതു ഗുണമായി. 

ആദ്യം സാമ്പത്തിക അടിത്തറയുണ്ടാക്കി. വിദഗ്ധരുടെ സേവനം ഉറപ്പാക്കി. നീൽസൺ എന്ന കമ്പനിയുമായി ചേർന്ന് മാർക്കറ്റിനെക്കുറിച്ചു ഗവേഷണം നടത്തി. മാർക്കറ്റിൽ നിലവിലുള്ള സാനിറ്ററി പാഡുകൾ സ്ത്രീകൾ ഉപയോഗിക്കുന്നത് മെച്ചപ്പെട്ടത് ഇല്ലാത്തതുകൊണ്ടാണെന്നു മനസ്സിലാക്കി. ജൈവ ഉൽപന്നങ്ങളാണു വേണ്ടത്.  പ്രകൃതിക്കു ദോഷം ചെയ്യാത്തത്. നിലവിലുള്ള പാഡുകൾ പ്രകൃതിയെ നശിപ്പിക്കുന്നു. ഒപ്പം ഉപയോഗിക്കുന്ന സ്ത്രീകളെയും. പാഡ് ഉപയോഗിച്ചുകഴിഞ്ഞു കളയുമ്പോൾ പ്രകൃതിക്കുണ്ടാകുന്ന നാശം വളരെവലുത്. പാഡുകൾ പ്രധാനമായും നിർമിക്കുന്നതു പ്ലാസ്റ്റിക് വസ്തുക്കളാൽ. ഏറെ രാസവസ്തുക്കൾ അവയിൽ അടങ്ങിയിരിക്കുന്നു. അങ്ങനെയുള്ളവ ശരീരത്തിനു ചെയ്യുന്ന ദോഷവും വലുത്. 

ദീപാഞ്ജലി ഒരു കാര്യം ആദ്യംതന്നെ തീരുമാനിച്ചു: പ്രകൃതിക്കു ദോഷം വരുത്താത്ത, കൃത്രിമ വസ്തുക്കൾ ചേർക്കാത്ത തികച്ചും ജൈവരീതിയിൽ നിർമിക്കുന്ന പാഡുകൾ വേണം. രണ്ടുവർഷത്തെ ഗവേഷണത്തിനും കഠിനാധ്വാനത്തിനുമൊടുവിൽ ആദ്യത്തെ ജൈവ സാനിറ്ററി പാഡ് നിർമിച്ചു –ഹെയ് ഡേ. പല വെല്ലുവിളികളും അതിജീവിച്ചതിനുശേഷമായിരുന്നു നിർമാണവും വിപണനവും. 

സിന്തറ്റിക് പാഡുകൾക്കുപകരം മരങ്ങളിൽനിന്നു പാഡ് ഉൽപാദിപ്പിക്കുകയായിരുന്നു അദ്യത്തെ ലക്ഷ്യം. അന്വേഷണം അവസാനിച്ചതു മുളയിൽ. ആ മരത്തിന്റെ ഗുണങ്ങൾ അറിഞ്ഞതോടെ ദീപാഞ്ജലി അതുറപ്പിച്ചു. നിർമാണകേന്ദ്രങ്ങൾ സ്ഥാപിച്ചതു ചൈനയിലും ഫിൻലൻഡിലും. ഓരോദിവസവും രണ്ടുരാജ്യങ്ങളിലെയും 12 നിർമാണകേന്ദ്രങ്ങളിൽനിന്നായി ലക്ഷക്കണക്കിനു ജൈവ പാഡുകൾ പുറത്തുവരുന്നു. 

നിർമാണം വിദേശരാജ്യങ്ങളിലാക്കാൻ കാരണമുണ്ട്. ഓരോ സ്ഥലത്തെയും മണ്ണ് പരിശോധനയ്ക്ക് അയച്ചു. എല്ലായിടത്തെ മണ്ണിലും രാസവസ്തുക്കൾ. ഏറ്റവും കുറവ് കണ്ടെത്തിയത് ചൈനയിലും ഫിൻലൻഡിലും. പാഡ് പൂർണമായും നിർമിക്കുന്നതു ചൈനയിൽ. കവർ നിർമിക്കുന്നതു ഫിൻലൻഡിലും.  ഇന്ത്യയിലേക്കു കയറ്റിഅയക്കുന്നു. പായ്ക്കിങ് ഇന്ത്യയിൽ. പോളിത്തീൻ പേപ്പറുകളിലല്ല, കട്ടി കൂടിയ യഥാർഥ പേപ്പറിൽതന്നെ. പാഡും കവറും പായ്ക്കറ്റും നൂറുശതമാനവും പ്രകൃതി സൗഹൃദം. 

നിർമാണച്ചെലവും കൂടുതലാണെങ്കിലും ഹെയ്ഡേ ഉൽപന്നങ്ങൾക്ക് മാർക്കറ്റിലെ സമാന ഉൽപന്നങ്ങളുടെ അതേ വിലയേ ഇടാക്കുന്നുള്ളൂ എന്നു പറയുന്നു ദീപാഞ്ജലി. ഉപയോഗം കഴിഞ്ഞ് ഉപേക്ഷിക്കുന്ന ഈ പാഡുകൾ ആറുമാസത്തിനകം നശിച്ചുപൊയ്ക്കൊള്ളും. ഡൽഹി, നോയിഡ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഹെയ്ഡേ സാനിറ്ററി പാഡുകൾ ലഭ്യമാണ്. ഇന്ത്യയിലെ മറ്റു സ്ഥലങ്ങളിലേക്കും വേഗം തന്നെ എത്താൻ കഠിനമായി പരിശ്രമിക്കുന്നു. 

പുരുഷകേന്ദ്രീകൃതമാണ് വ്യവസായരംഗം.ഹെയ്ഡേയുടെ വിതരണ വിഭാഗത്തിൽ കൂടുതലും സ്ത്രീകളുമാണ്. കടകളിൽ ചെല്ലുമ്പോൾ അവരെ സംശയത്തോടെ നോക്കുന്ന പ്രവണതയുണ്ട്. കാരണം കടയുടമസ്ഥർക്കിഷ്ടം പുരുഷൻമാരോട് വ്യാപാരം ഉറപ്പിക്കാൻ. പല പെൺകുട്ടികളും എന്നോടുവന്നു ചോദിച്ചു: ഈ ഉൽപന്നങ്ങളെക്കുറിച്ച് എങ്ങനെ പറയും. പരസ്യം ചെയ്യും. നിങ്ങൾക്കു ശബ്ദമുണ്ട്. അതുറക്കെ പറയണം – ഞാൻ അവരോടു പറഞ്ഞു. ഒരാൾ ശ്രദ്ധിച്ചില്ലെങ്കിൽ മറ്റൊരാൾ ശ്രദ്ധിക്കും. ക്രമേണ നമ്മുടെ ഉൽപന്നങ്ങൾ സ്വയം സംസാരിക്കും – വ്യാപാര തന്ത്രത്തെക്കുറിച്ചു ദീപാഞ്ജലി പറയുന്നു.

ആദ്യം വിസമ്മതിച്ചെങ്കിലും കടയുടമസ്ഥർ ഇപ്പോൾ ഹെയ്ഡേ ഉൽപന്നങ്ങൾ തങ്ങളുടെ കടകളിൽ പ്രദർശിപ്പിക്കുന്നു. ദുബായ്, ഫിലിപ്പൈൻസ് തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് ആവശ്യക്കാരാറെയുണ്ട്. ഈ വർഷം ആദ്യമായിരുന്നു ഹെയ്ഡേയുടെ വിപണന തുടക്കം. വാരാനിരിക്കുന്ന വർഷങ്ങൾ ഹെയ്ഡേ സ്വന്തമാക്കുമെന്ന പ്രതീക്ഷയിലും ആത്മവിശ്വാസത്തിലുമാണു ദീപാഞ്ജലി.