Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

''അയാൾ സ്ക്രീൻ ടെസ്റ്റിനു വിളിക്കുമെന്നു കരുതി ; പക്ഷേ ചോദിച്ചത് അഡ്ജസ്റ്റ് ചെയ്യാമോയെന്ന്''

sulagna-chatterjee സുലഗ്ന ചാറ്റർജി.

അവസരത്തിനുവേണ്ടി അഡ്ജസ്റ്റ്മെന്റ്: സിനിമാ–ടെലിവിഷൻ മേഖലയുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ ഉയർന്നുകേട്ട പ്രയോഗങ്ങളിലൊന്ന്. ഹോളിവുഡിനെ പിടിച്ചുലച്ച ഹാർവി വെയ്ൻസ്റ്റെയ്ൻ വിവാദം അവസരത്തിനുവേണ്ടി അഡ്ജസ്റ്റ്മെന്റ് എന്നത് ഒരു പ്രയോഗം മാത്രമല്ല യാഥാർഥ്യമെന്നു തെളിയിച്ചു.

ദുരനുഭവങ്ങളിലൂടെ കടന്നുപോയ അനേകം സ്ത്രീകൾ തങ്ങൾക്കുനേരിടേണ്ടിവന്ന ചതി തുറന്നുപറഞ്ഞുകൊണ്ട് രംഗത്തെത്തി. മീ ടൂ എന്ന പ്രചാരണ നിരയിലേക്ക് ലോകത്തിന്റെ വിവിധഭാഗങ്ങളിൽനിന്നു സ്ത്രീകളെത്തി. അക്ഷരാർഥത്തിൽ വിനോദ വ്യവസായത്തെ പിടിച്ചുലച്ചു വെയ്ൻസ്റ്റെയ്ൻ വിവാദവും അതിനെത്തുടർന്നെത്തിയ മീ ടൂ പ്രചാരണവും. 

ബോളിവുഡിലും അഡ്ജസ്റ്റ്മെന്റ്ുണ്ട് എന്നു പറയപ്പെടുന്നുണ്ടെങ്കിലും തെളിവുകളുമായി ആരും രംഗത്തുവരാറില്ല. ഇപ്പോഴിതാ ടിവി താരം സുലഗ്ന ചാറ്റർജി ഒരു ഏജന്റ് തന്നെ സമീപിച്ചതായും അ‍ഡ്ജസ്റ്റ്മെന്റിനു തയ്യാറാണോ എന്നു ചോദിച്ചതായും വെളിപ്പെടുത്തിയിരിക്കുന്നു. ആരോപണം ഉന്നയിച്ചതിനൊപ്പം ഏജന്റുമായി നടന്ന സംഭാഷണത്തിന്റെ സ്ക്രീൻഷോട്ടും സുലഗ്ന പുറത്തുവിട്ടു. 

ടെലിവിഷൻ മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന മുൻനിര താരങ്ങളോ നടന്മാരോ നിർമാതാക്കളോ ഒന്നുമല്ല അഡ്ജസ്റ്റമെന്റ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഒരു സംവിധായകനുവേണ്ടിയാണെന്നു പറഞ്ഞുകൊണ്ട് സംസാരിക്കുന്നത് ഏജന്റ്. സംവിധായകൻ ആരെന്ന് ഏജന്റോ സുലഗ്നയോ വെളിപ്പെടുത്തിയിട്ടുമില്ല. എന്നോ ഒരിക്കൽ പരിചയപ്പെട്ട ഒരാളാണ് ഇപ്പോൾ മൊബൈലിൽ ബന്ധപ്പെട്ടതെന്നു പറയുന്നു സുലഗ്ന. അയാളെ പരിചയമില്ല. ഇപ്പോൾ ഓർക്കുന്നുപോലുമില്ല. പെട്ടെന്നൊരു ദിവസം അയാൾ സന്ദേശം അയക്കുകയായിരുന്നു. 

അഡ്ജസ്റ്റ്മെന്റിനു തയ്യാറാണെങ്കിൽ വലിയ ഒരവസരം ഉണ്ട് എന്നു പറയുന്നു ഏജന്റ്. തനിക്കു താൽപര്യമില്ലെന്നു സുലഗ്ന. ഒരു സംവിധായകനുവേണ്ടിയാണെന്ന് ഏജന്റ്. 

ആർക്കുവേണ്ടിയാണെങ്കിലും താൽപര്യമില്ലെന്നു തീർത്തുപറയുന്നു സുലഗ്ന. എങ്കിൽ ശരി എന്നു പറഞ്ഞു സംഭാഷണം അവസാനിപ്പിക്കുന്നു ഏജന്റ്. 

ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടും ആർക്കും വലിയ അത്ഭുതമില്ല എന്നതാണ്  സുലഗ്ന ചൂണ്ടിക്കാട്ടുന്ന പ്രധാനകാര്യം. കാരണം ഇതു പതിവാണ്– വിനോദ വ്യവസായത്തിൽ. സ്ക്രീൻ ഷോട്ട് പരസ്യമാക്കിയെങ്കിലും സംഭവം വിവാദമാക്കാനോ പബ്ലിസിറ്റി നേടാനോ തനിക്കു താൽപര്യമില്ലെന്നു പറയുന്നു സുലഗ്ന.

ബോളിവുഡുമായി ബന്ധപ്പെട്ട് ഒരു അവസരം ഉണ്ടെന്നു പറഞ്ഞപ്പോൾ എനിക്കു സന്തോഷം തോന്നി. ഷൂട്ട് ഒരുദിവസം നീളുമെന്ന് അയാൾ പറഞ്ഞു.അപ്പോഴും ഞാൻ ഓകെ പറഞ്ഞു. അടുത്തതായി അയാൾ സ്ക്രീൻ ടെസ്റ്റിനു വിളിക്കും എന്നാണു ഞാൻ കരുതിയത്. പക്ഷേ, അഡ്ജസ്റ്റ്മെന്റിനെക്കുറിച്ചാണ് അയാൾ പറഞ്ഞത്. എന്നെങ്കിലും ഇത്തരം അവസരം ഉപയോഗപ്പെടുത്തിയിട്ടുണ്ടോ എന്നും അയാൾ ചോദിച്ചു. ഇല്ലെന്നു ഞാൻ മറുപടി പറഞ്ഞു– സുലഗ്ന തന്റെ നിലപാട് വ്യക്തമാക്കുന്നു. 

വിനോദവ്യവസായത്തിലെ പ്രമുഖരല്ല ഇടനിലക്കാരാണു പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്നു പറയുന്നു സുലഗ്ന. മുൻനിര നടൻമാരോ നിർമാതാക്കളോ ഇങ്ങനെയെന്തെങ്കിലും ആവശ്യം എന്നോട് ഇതുവരെ പറഞ്ഞിട്ടില്ല – –സുലഗ്ന പറയുന്നു.