''ഇതുകൊണ്ടാണ് ഞാൻ ദീപികയെ ഇഷ്ടപ്പെടുന്നത്''; മാധുരീ ദീക്ഷിത്

ദീപിക പദുക്കോൺ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച പത്മാവതി എന്ന ചിത്രത്തെക്കുറിച്ചുള്ള വിവാദങ്ങൾ ആളിക്കത്തുമ്പോഴാണ് ദീപികയ്ക്കു പിന്തുണയുമായി മാധുരീ ദീക്ഷിത് എത്തിയത്. ചരിത്രകഥാപാത്രങ്ങൾ ചെയ്യാൻ ദീപികയെ കഴിഞ്ഞേ ആളുള്ളൂവെന്നാണ് മാധുരിയുടെ പക്ഷം. രജപുത്ര റാണിയുടെ കഥപറയുന്ന പത്മാവതി എന്ന ചിത്രം സംവിധാനം ചെയ്ത സഞ്ജയ് ലീലാബൻസാലിയും ആ ചിത്രത്തിൽ അഭിനയിച്ച ദീപികയും വധഭീഷണിനേരിടുന്ന സാഹചര്യമാണിപ്പോഴുള്ളത്.

ഒരു അവാർഡ്ദാനച്ചടങ്ങിനിടെ ഇഷ്ടമുള്ള നടിയാരാണ് എന്ന ചോദ്യത്തിന് മറുപടി പറയവേയാണ് ചരിത്രകഥാപാത്രങ്ങൾ ചെയ്യാൻ നല്ലത് ദീപികയാണെന്ന് മാധുരി അഭിപ്രായപ്പെട്ടത്. അത്തരത്തിലുള്ള ഒരു ഓറയാണ് ദീപികയ്ക്കുള്ളത്. തനിക്കേറെയിഷ്ടം ആലിയയെും ദീപികയെയും പ്രിയങ്കയേയുമാണെന്നും അവർ പറഞ്ഞു. ക്യാമറയ്ക്കു മുന്നിൽ വളരെ സ്വാഭാവികമായി അഭിനയിക്കുന്ന നടിയാണ് ആലിയയെന്നും ഒരുപാട് എക്സ്പിരിമെന്റുകൾ ചെയ്യാൻ ഇഷ്ടപ്പെടുന്നയാളാണെന്നും മാധുരി പറയുന്നു.

കൈയിൽ കിട്ടുന്ന ഏതുവേഷവും മനോഹരമാക്കി പ്രിയങ്ക അതിശയിപ്പിക്കാറുണ്ടെന്നും അതുകൊണ്ടാണ് അവരെ ഇഷ്ടപ്പെടുന്നതെന്നും മാധുരി പറയുന്നു.