Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

''ഞാനന്ന് പേടിച്ചു കരഞ്ഞു; പക്ഷേ സമ്മാനങ്ങൾ നൽകി അമ്മ അത് ആഘോഷമാക്കി''

Radhika Apte രാധിക ആപ്തേ.

തനിക്കെന്താണ് സംഭവിക്കുന്നതെന്നറിയാതെ ഒരു പെൺകുട്ടി പേടിച്ചു കരയുമ്പോൾ അമ്മയും കുടുംബാംഗങ്ങളും ചേർന്ന് ഒരു പാർട്ടി നടത്തിയാൽ എന്തുചെയ്യും?. അങ്ങനെയൊരു അനുഭവമാണ് ബോളിവുഡ് താരം രാധിക ആപ്തേ പങ്കുവെച്ചത്. 

സ്ത്രീകൾക്ക് കുറഞ്ഞചിലവിൽ സാനിറ്ററിപാഡ് നിർമ്മിച്ചു നൽകാനായി ഏറെ ത്യാഗങ്ങൾ സഹിച്ച അരുണാചൽ മുരുഗാനന്ദയുടെ ജീവിതകഥ പറയുന്ന ചിത്രമാണ് പാഡ്മാൻ.അക്ഷയ് കുമാർ നായകനാകുന്ന പാഡ്മാൻ എന്ന ചിത്രത്തിലെ ആദ്യഗാനം റിലീസ് ആകുന്ന പരിപാടിയ്ക്കിടെയിലാണ് രാധിക തന്റെ വ്യക്തിപരമായ അനുഭവം വ്യക്തമാക്കിയത്. തനിക്ക് ആദ്യമായി ആർത്തവം വന്നപ്പോൾ താൻ കരഞ്ഞുവെന്നും ആ ദിവസം അമ്മയും ബന്ധുക്കളും തനിക്ക് ധാരാളം സമ്മാനങ്ങൾ തന്നുവെന്നും പാർട്ടി നടത്തിയെന്നും രാധിക പറയുന്നു.

ആദ്യമായി ആർത്തവമുണ്ടായപ്പോൾ ഭയന്നു പോയില്ലേ എന്ന ചോദ്യത്തിന് താരം മറുപടി പറഞ്ഞതിങ്ങനെ. അച്ഛനുമമ്മയും ഡോക്ടേഴ്സായതിനാൽ ആർത്തവത്തെക്കുറിച്ചൊക്കെ നേരത്തെ തന്നെ പറഞ്ഞു തന്നിരുന്നുവെന്നും എങ്കിലും ആദ്യദിവസം താൻ ശരിക്കും പേടിച്ചുപോയിയെന്നും രാധിക പറയുന്നു. ആർത്തവത്തിന്റെ ആദ്യകാലങ്ങളിൽ ഇതിനെക്കുറിച്ച് തുറന്നു സംസാരിക്കാനും പുറത്തുപോയി സാനിറ്ററി നാപ്കിനുകൾ വാങ്ങാനുമൊക്കെ മടിയുണ്ടായിരുന്നുവെന്നും പിന്നീട് താൻ തന്നെ ആ പേടി മാറ്റിയെടുത്തുവെന്നും രാധിക വ്യക്തമാക്കുന്നു.

കടകളിൽപ്പോയി സാനിറ്ററി പാഡുകൾ വേണമെന്ന് ഉറക്കെപ്പറഞ്ഞുകൊണ്ടാണ് അത്തരം ഇൻഹിബിഷനുകളെ താൻ മറികടന്നതെന്നും രാധിക പറയുന്നു. നിറഞ്ഞ കൈയടിയോടെയാണ് രാധികയുടെ വാക്കുകൾ സ്വീകരിക്കപ്പെട്ടത്.