Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാടൻ ലുക്കിൽ സുന്ദരിയായി സുഹാന; ചിത്രങ്ങൾ വൈറൽ

suhana സുഹാന.

ഷാരൂഖാന്റെ മകൾ സുഹാനയുടെ അഭിനയരംഗത്തേക്കുള്ള അരങ്ങേറ്റം കാത്തിരിക്കുന്ന ആരാധകർ ഇപ്പോൾ പെരുത്ത സന്തോഷത്തിലാണ്. എപ്പോഴും പാശ്ചാത്യവസ്ത്രമണിഞ്ഞു മാത്രം ചടങ്ങുകളിൽ പ്രത്യക്ഷപ്പെടുന്ന സുഹാന നാടൻവേഷമണിഞ്ഞു നിൽക്കുന്ന സുന്ദരമായ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. കുടുംബത്തിലെ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളാണവ.

ഡൽഹിയിൽ നടന്ന ചടങ്ങിലാണ് സാഗാ ഗ്രീൻ, മെറൂൺ, പിങ്ക് എന്നീ നിറങ്ങളിലെ ലെഹങ്കകളണിഞ്ഞ് സുഹാന പ്രത്യക്ഷപ്പെട്ടത്. വിവാഹത്തിന് സാഗാ ഗ്രീൻ ലെഹങ്കയും അതിനോടനുബന്ധിച്ചു നടന്ന ചടങ്ങുകളിൽ മെറൂൺ, പിങ്ക് ലെഹങ്കകളുമണിഞ്ഞാണ് സുഹാന ചടങ്ങിന് മോടി കൂട്ടിയത്. അച്ഛനെപ്പോലെ തന്നെ ഒരു അഭിനേതാവാകാനാണ് സുഹാനയ്ക്കും താൽപ്പര്യം.

തന്നെക്കണ്ടു പഠിക്കാൻ സുഹാനക്കിഷ്ടമില്ലെന്നും അവൾക്ക് നാടകങ്ങളാണ് കൂടുതലിഷ്ടമെന്നും ഷാരൂഖ് ഖാൻ ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്. മകൾ സിനിമാമേഖലയിലേക്കു വരുന്നതിൽ തനിക്കു വ്യക്തിപരമായി വിരോധമില്ലെന്നും ഇൻഡസ്ട്രിയിൽ നിലനിൽക്കുന്ന ചില അസമത്വങ്ങളുടെ പേരിൽ അവൾക്കൊരിക്കലും സങ്കടമുണ്ടാവരുതേയെന്ന ആഗ്രഹം മാത്രമേ തനിക്കൂള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

താൻ കഷ്ടപ്പെടുന്നതിന്റെ ഇരട്ടിയിലധികം കഷ്ടപ്പെട്ടാൽപ്പോലും വനിതകളായ തന്റെ സഹതാരങ്ങളെപ്പോലെ തന്നേക്കാൾ കുറഞ്ഞ ശമ്പളമേ അവൾക്കു ലഭിക്കുകയുള്ളൂവെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു. കിങ്ഖാന്റെ രാജകുമാരിയുടെ അഭിനയത്തിന്റെ കാര്യത്തിൽ ആരാധകർക്ക് തെല്ലും ആശങ്കയില്ല. പക്ഷേ ആ സുന്ദരിയുടെ അരങ്ങേറ്റചിത്രത്തിനായി അക്ഷമയോടെ കാത്തിരിക്കുകയാണ് ആരാധകർ.