Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അശ്ലീലം പറഞ്ഞ് പിന്നാലെ കൂടിയവർക്ക് പെൺകുട്ടി കൊടുത്ത പണി; സെൽഫി കണ്ടത് ലോകം മുഴുവൻ

selfies

ഒരിക്കലെങ്കിലും പൂവാലശല്യം നേരിടാത്ത സ്ത്രീകളോ പെണ്‍കുട്ടികളോ ഉണ്ടാവില്ല. അശ്ലീല പദപ്രയോഗങ്ങളുമായി പിന്നാലെ കൂടുന്നവര്‍. തുറിച്ചുനോക്കി ശല്യം ചെയ്യുന്നവരുടെ എണ്ണവും എത്രയോ കൂടുതല്‍. ചിലരാകട്ടെ പിന്തുടരുകയും ചെയ്യും. ഇങ്ങനെ പിന്നാലെ നടക്കുന്നവരില്‍നിന്നു രക്ഷപ്പെടാനായി ഓടി അപകടത്തില്‍പെട്ടവരുടെ സംഖ്യയും ചെറുതല്ല. എല്ലായിടത്തുമുണ്ട് ഈ ശല്യക്കാര്‍. 

മദ്യപാനികളും മയക്കുമരുന്നിന്റെ അടിമകളുമായിരിക്കും മിക്കവരും. സ്വബോധത്തോടെ സ്ത്രീകളെ ശല്യം ചെയ്യുന്നവരുമുണ്ട്. എന്തായാലും ഇത്തരക്കാരുടെ ശല്യം ഒഴിവാക്കാന്‍ ഒരു പുതിയ മാര്‍ഗം കണ്ടുപടിച്ചിരിക്കുന്നു ആംസ്റ്റര്‍ഡാമില്‍നിന്നുള്ള ഒരു പെണ്‍കുട്ടി. പേര് നോവ ജന്‍സ്മ. സെപ്റ്റംബറില്‍ തന്റെ പിന്നാലെ കൂടി ശല്യം ചെയ്ത പുരുഷന്‍മാരുടെ ചിത്രങ്ങള്‍ എടുത്ത് നോവ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. സെല്‍ഫികള്‍. അതേ, അധികാരികളും സമൂഹവും ആക്രമണകാരികളുടെ ബന്ധുക്കളും കാണട്ടെ ഈ വിചിത്രമനസ്സുള്ള പുരുഷന്‍മാരെ. അവര്‍ തന്നെയും അവരുടെ തെറ്റ് തിരിച്ചറിയട്ടെ. അതായിരുന്നു നോവയുടെ കണക്കുകൂട്ടല്‍.  ഓരോ ചിത്രത്തിനും അടിക്കുറിപ്പുമുണ്ട്. പിന്നാലെ നടന്ന് പുരുഷന്‍മാര്‍ പറഞ്ഞ വാക്കുകള്‍ തന്നെയുണ്ട് അടിക്കുറിപ്പില്‍. 

ലോകത്ത് എവിടെയായിരുന്നാലും പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും അവസ്ഥ എത്ര ഭീകരവും ദയനീയവുമാണെന്നു കാണിക്കാനായിരുന്നു നോവയുടെ സാഹസിക ശ്രമം. പൂവാലശല്യവും അശ്ലീല പദങ്ങളുമായുള്ള ആക്രമണവും ഒരു ആരോപണം മാത്രമല്ലെന്നും യാഥാര്‍ഥ്യമാണെന്നും തെളിയിക്കുന്നു നോവ. ഒരുദിവസംതന്നെ എത്രയോ തവണ ഒരു പെണ്‍കുട്ടിക്ക് ഇത്തരം ആക്രമണത്തിനു വിധേയയാകേണ്ടിവരുന്നു. ഇത്തരം ആക്രമണങ്ങള്‍ ഒരു വ്യക്തിയുടെ ആത്മാഭിമാനത്തില്‍ ഏല്‍പിക്കുന്ന മുറിവ് എത്ര വലുതാണ്. പൂവാലന്‍മാരെ വെറുതെ ചിത്രീകരിക്കുകയല്ല നോവ; മറിച്ച് അവരുടെ ആംഗ്യങ്ങളും മുഖഭാവങ്ങളും ഉള്‍പ്പെട്ട സെല്‍ഫിയാണു പോസ്റ്റ് ചെയ്യുന്നത്. സ്വന്തംകാര്യം മാത്രം നോക്കി പോകുന്ന പെണ്‍കുട്ടിയെയാണ് ഇത്തരക്കാര്‍ ശല്യംചെയ്യുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ ‘ ഡിയര്‍ കാറ്റ്കാളേഴ്സ് ’ എന്ന പേരില്‍ ഒരുപേജ് തന്നെ തുടങ്ങിയിട്ടുണ്ട് നോവ. ലോകവ്യാപകമായി പൂവാലശല്യത്തെക്കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനും മോശമായി പെരുമാറുന്നവരെ ലോകത്തിനുമുന്നില്‍ കൊണ്ടുവരുന്നതിനുമാണ് നോവ പേജ് തുടങ്ങിയത്. ജന്‍സ്മയുടെ മാതൃരാജ്യമായ നെതര്‍ലന്‍ഡില്‍ പൂവാലശല്യം കുറ്റകരമാക്കുന്ന നിയമം നിലവില്‍ വന്നിരിക്കുകയാണ്; ഈ ജനുരി ഒന്നുമുതല്‍.  നിയമം ലംഘിക്കുന്നവര്‍ 190 യൂറോ (പതിനയ്യായിരത്തോളം രൂപ) വരെ പിഴയൊടുക്കേണ്ടിവരും. നോവയുടെ പ്രവൃത്തി തരംഗമായതിനെത്തുടര്‍ന്ന് പൂവാലശ്യം നിയന്ത്രിക്കാന്‍ മറ്റുരാജ്യങ്ങളും നിയമനിര്‍മാണം നടത്തുമോ എന്നാണ് ഇനി അറിയാനുള്ളത്. 

നോവ പോസ്റ്റ് ചെ്ത പല സെല്‍ഫികളുടെയും അടിക്കുറിപ്പുകള്‍ രസകരമാണ്. ചുംബനം ചോദിച്ചു പിന്നാലെ കൂടുന്നവര്‍. മറ്റൊരു പുരുഷന്‍ പത്തുമിനിറ്റോളം നോവയുടെ പിന്നാലെ നടന്നു. സുന്ദരീ, നീ എവിടെയാണു പോകുന്നത്. ഞാനും നിന്റെ കൂടെ വരട്ടെ ...എന്നാണയാളുടെ ചോദ്യം. കാറില്‍ രണ്ടു തെരുവകളിലൂടെ നിരന്തരമായി പിന്തുടര്‍ന്നയാളുമുണ്ട് കൂട്ടത്തില്‍. കാറില്‍ കൂടെ വരുന്നോ എന്നാണയാളുടെ ചോദ്യം. 

നിന്നെ കാണുമ്പോള്‍ എനിക്കു സഹിക്കാനേ പറ്റുന്നില്ല എന്നു പറഞ്ഞുകൊണ്ട് ഒരാള്‍ സ്കൂട്ടറില്‍ നോവയുടെ പിന്നാലെ കൂടി. ഇവരൊക്കെയും നോവയുടെ സെല്‍ഫികളിലൂടെ ഇപ്പോഴിതാ ലോകത്തിനു മുന്നിലെത്തിയിരിക്കുന്നു. പുറമെ അന്തസ്സുള്ളവരെന്നു കരുതുന്നവരു‍ടെ മുഖംമൂടി വലിച്ചുചീന്തുന്ന നോവയുടെ പ്രവൃത്തി ലോകമെങ്ങും വലിയ ചര്‍ച്ചയായിരിക്കുകയാണസ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ആത്മാഭിമാനപ്രശ്നവും.