Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭീമൻ റോക്കറ്റ്: ഇലോൺ മസ്കിനെ വിജയത്തിലെത്തിച്ചത് 57വയസ്സുകാരി

gwynne-shotwell ഗ്വിൻ ഷോട്ട്‌വെൽ.

ബഹിരാകാശ യാത്രകൾക്ക് ഇനി സ്വകാര്യ റോക്കറ്റ് എന്ന തലക്കെട്ട് മാധ്യമങ്ങളിൽ നിറഞ്ഞതിനോടൊപ്പം തന്നെ ആളുകൾ ശ്രദ്ധിച്ച പേരുകളാണ് സ്പേസ് എക്സ്, ഇലോൺ മസ്ക് എന്നിവ. ലോകത്തിൽ നിലവിലുള്ള ഏറ്റവും കരുത്തുറ്റ റോക്കറ്റ് ഫാൽക്കൻ ഹെവി വിക്ഷേപിച്ചതിലൂടെയാണ് സ്വകാര്യ കമ്പനിയായ സ്പേസ് എക്സ് ചർച്ചയാകുന്നത്. ശതകോടീശ്വരൻ ഇലോൺ മാസ്കാണ് സ്പേസ് എക്സിന്റെ ഉടമ. എന്നാൽ ഈ പേരുകളോടൊപ്പം തന്നെ പ്രാധാന്യമൊട്ടും കുറയാതെ കൂട്ടിവായിക്കപ്പെടേണ്ട ഒരു പേരു കൂടിയുണ്ട്. സ്പേസ് എക്സിന്റെ പ്രസിഡന്റും ചീഫ് ഓപ്പറേറ്റിങ് ഓഫീസറുമായ ഗ്വിൻ ഷോട്ട്‌വെൽ.

കമ്പനിയുടെ സ്ഥാപകനും ഉടമസ്ഥനും ഇലോൺ മാക്സ് ആണെങ്കിലും കമ്പനിയിലെ ദൈനംദിനപ്രവർത്തനങ്ങളുടെ ഉത്തരവാദിത്തങ്ങൾ വഹിക്കുന്നത് ഗ്വിൻ ഷോട്ട്‌‌വെൽ എന്ന വനിതയാണ്. പുരുഷമേധാവിത്വമേറെയുള്ള തൊഴിൽമേഖലയായ എയറോ സ്പേസ്, എൻജിനീയറിങ് വിഭാഗങ്ങളുടെ നേതൃനിരയിലേക്ക് ഉയർന്നുവന്ന ഗ്വിന്നിന്റെ ജീവിതകഥ തീർച്ചയായും ഒരിക്കലെങ്കിലും സ്ത്രീ പുരുഷന്മാർ വായിച്ചിരിക്കണം.

യുഎസിലെ എലനോയിൽ 1963 നവംബർ 23 നാണ് ഗ്വിൻ ജനിച്ചത്. ബാല്യം മുതലേ മെഷീനുകളുടെ പ്രണയിച്ച മിടുക്കിപ്പെൺകുട്ടി സ്കൂളിലെ ചിയർലീഡിങ്ങ് സ്ക്വാഡിലും ബാസ്ക്കറ്റ്ബോൾ ടീമിലുമൊക്കെ സജീവമായിരുന്നു. എൻജിനീയറിങ് എന്ന പ്രൊഫഷനിലേക്ക് വരണമെന്ന കൃത്യമായ പദ്ധതിയോടെയൊന്നുമായിരുന്നില്ല ഗ്വിന്നിന്റെ ജീവിതം. പഠനശേഷം എന്തുചെയ്യണം എന്ന അവളുടെ സന്ദേഹത്തിന് കൃത്യമായ ഉത്തരം ലഭിച്ചത് അവളുടെ അമ്മയിലൂടെയാണ്. സൊസൈറ്റി ഓഫ് വിമൻ എൻജിനിയേഴ്സിന്റെ പാനൽ ഡിസ്കഷനിൽ അമ്മയുടെ നിർദേശപ്രകാരം പങ്കെടുത്തതോടുകൂടിയാണ് കരിയറിനെക്കുറിച്ചുള്ള വ്യക്തമായ ലക്ഷ്യബോധം ഗ്വിന്നിന് ലഭിച്ചത്.

നോർത്ത്‌വെസ്റ്റേൺ യൂണിവേഴ്സിറ്റിയിൽ നിന്ന്  മെക്കാനിക്കൽ എൻജിനീയറിങിൽ ബിരുദവും അപ്ലൈഡ് മാത്തമാറ്റിക്സിൽ ബിരുദാനന്തരബിരുദവും നേടിയ ശേഷമാണ് ഓട്ടോമൊബൈൽ വ്യവസായരംഗത്ത് ജോലിതേടിയിറങ്ങിയത്. ക്രിസ്‌ലെർകോർപ്പറേഷനിൽ മാനേജ്മെന്റ് ട്രെയിനിയായി കുറേക്കാലം ജോലിചെയ്തെങ്കിലും ഇതിലും കൂടുതലെന്തൊക്കെയോ ചെയ്യണമെന്ന തോന്നലുണ്ടായതിനാൽ അവർ അവിടുത്തെ ജോലി ഉപേക്ഷിച്ചു. പിന്നീട് സുഹൃത്തിന്റെ നിർദേശപ്രകാരം കലിഫോർണിയയിലെ എയറോസ്പേസ് ഇൻഡസ്ട്രിയിൽ ജോലി നോക്കി. പത്തുവർഷത്തോളം അവിടെ ജോലി ചെയ്തതിനു ശേഷം എയറോസ്പേസിലെ ജോലിവിട്ട ഗ്വിൻ മൈക്രോകോസം എന്ന കമ്പനിയിൽ പ്രവേശിച്ചു. 1998 ൽ ആയിരുന്നു അത്. കുറഞ്ഞ ചെലവിൽ റോക്കറ്റുകൾ ഉണ്ടാക്കുന്ന ആ കമ്പനിയിൽ ഗ്വിന്നിന്റെ ജോലി കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.

ഗ്വിന്നിന്റെ ജീവിതം മാറ്റിമറിച്ചത് അവരുടെ ഒരു സുഹൃത്താണ്. സുഹൃത്തിന്റെ ക്ഷണപ്രകാരം സ്പേസ് എക്സ് സന്ദർശിക്കാൻ പോയപ്പോൾ അവിചാരിതമായി സ്പേസ് എക്സിന്റെ ഉടമ ഇലോൺ മാസ്കുമായി കുറച്ചു നിമിഷങ്ങൾ സംസാരിക്കാൻ ഗ്വിന്നിന് അവസരം ലഭിച്ചു. അക്ഷരാർഥത്തിൽ ആ കൂടിക്കാഴ്ചയോടെയാണ് സ്പേസ് എക്സിലേക്കുള്ള വാതിൽ ഗ്വിന്നിനു മുന്നിൽ തുറന്നു കിട്ടിയത്. സുരക്ഷിതമായ ഒരു കമ്പനിയിൽ ജോലി ചെയ്യുമ്പോഴാണ് കേവലം 10 ഉദ്യോഗസ്ഥർമാത്രമുള്ള സ്പേസ് എക്സിലേക്ക് ജോലിയിൽ പ്രവേശിക്കാൻ ഗ്വിന്നിന് ക്ഷണം ലഭിക്കുന്നത്. അവർ ആ ക്ഷണം സ്വീകരിക്കുകയും കമ്പനിയിലെ 11–ാമത്തെ ഉദ്യോഗസ്ഥയായി ജോലിയിൽ പ്രവേശിക്കുകയും ചെയ്തു.

ബിസിനസ്സ് ഡെവലപ്മെന്റ് വിഭാഗത്തിന്റെ വൈസ് പ്രസിഡന്റായായിരുന്നു ഗ്വിന്നിനെ നിയമിച്ചത്. ഗ്വിൻ തന്റെ കഴിവിന്റെ പരമാവധിയുപയോഗിച്ചു. ബഹിരാകാശത്തേക്ക് സാറ്റലൈറ്റ് അയയ്ക്കാൻ ആഗ്രഹിക്കുന്നവരെ സ്പേസ് എക്സിന്റെ കഴിവ് ബോധ്യപ്പെടുത്തുന്നതിന്റെ ചുമതലയായിരുന്നു ഗ്വിന്നിനുണ്ടായിരുന്നത്. എങ്കിലും കമ്പനിയുടെ എല്ലാമേഖലകളിലും ഗ്വിൻ കൈയൊപ്പു ചാർത്തി.

നാസ ഉൾപ്പെടെയുള്ളവരുമായി സ്പേസ് എക്സിന് കരാറിലേർപ്പെടാൻ കഴിഞ്ഞതിന്റെ മുഴുവൻ ക്രെഡിറ്റും കമ്പനി നൽകിയത് ഗ്വിന്നിനാണ്. ഗ്വിന്നിന്റെ മികവിന് കമ്പനി പകരം നൽകിയത് ഉയർന്ന സ്ഥാനമാനങ്ങളായിരുന്നു. കമ്പനിയുടെ പ്രസിഡന്റ് ആയി ഗ്വിൻ അവരോധിക്കപ്പെട്ടു. ഇന്ന് വിവിധ കമ്പനികളുമായും രാജ്യങ്ങളുമായും ഏഴ് ബില്യണ്‍ ഡോളറിന്റെ കരാറൊപ്പിട്ടുണ്ട് സ്പേസ്എക്സ്.

gwynne-shotwell-01 ഗ്വിൻ ഷോട്ട്‌വെൽ.

വമ്പൻ വിജയങ്ങൾക്കൊപ്പം കൂറ്റൻപരാജയങ്ങളും പലപ്പോഴും കമ്പനിക്ക് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. പ്രൊഫഷണൽ സമ്മർദ്ദം സ്വകാര്യജീവിതത്തെ ബാധിക്കില്ലേയെന്ന ചോദ്യത്തിന് ഗ്വിന്നിന് എന്നും കൃത്യമായ മറുപടിയുണ്ട്. ജോലിയും വ്യക്തിജീവിതവും ബാലൻസ് ചെയ്തുകൊണ്ടു പോവുകയല്ല. ചില സമയത്ത് നമ്മുടെ മുൻഗണനകൾ മാറും ജോലിക്ക് പ്രാധാന്യം കൊടുക്കേണ്ട സമയം വരുമ്പോൾ അങ്ങനെ ചെയ്യും. പിന്നെ സമ്മർദ്ദങ്ങൾ ഒഴിവാക്കാൻ വായനയും സംഗീതവും നന്നായി സഹായിക്കുന്നുണ്ട്. സ്പേസ് എക്സിൽ എഞ്ചിനീയറായി ജോലി ചെയ്യുന്ന റോബര്‍ട്ട് ഷോട്ട്‌വെൽ ആണ് ഗ്വിന്നിന്റെ ഭർത്താവ്.

പ്രൊഫഷണൽ ലൈഫിലായാലും വ്യക്തിജീവിതത്തിലായാലും ഗ്വിന്നിന് വ്യക്തമായകാഴ്ചപ്പാടുകളുണ്ട്. അതുകൊണ്ടുതന്നെയാണ് ലോകമെങ്ങും ലൈംഗിക അസമത്വമാണെന്ന് ചിലരെങ്കിലും മുറവിളികൂട്ടുമ്പോൾ ആണുങ്ങൾ അരങ്ങുവാഴുന്നയിടങ്ങളിലൊന്നിൽ സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കാൻ ഗ്വിന്നിന് കഴിഞ്ഞതും. സൊസൈറ്റി ഓഫ് വിമൻ എഞ്ചിനിയേഴ്സ് പാനലിൽ കണ്ടുമുട്ടിയ ഒരു വനിതാ എഞ്ചിനീയറാണ് തന്നെ സ്വപ്നം കാണാനും ആ സ്വപ്നം നേടിയെടുക്കാനും സഹായിച്ചതെന്ന് തുറന്നു പറയാൻ ഗ്വിന്നിന് മടിയില്ല. ഒരു സ്ത്രീയാണ് തന്റെ ലക്ഷ്യം തിരിച്ചറിയാൻ സഹായിച്ചതെന്ന് ഉറക്കെപ്പറയുന്ന ഗ്വിൻ ഇന്ന് നിരവധി സ്ത്രീകൾക്ക് പ്രചോദനമാണ്.