Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷോറൂമിലെത്തിയ യുവതി പറഞ്ഞു പ്രണയിക്കാൻ ഒരു ചെക്കനെ വേണം; വിഡിയോ കാണാം

show-room

ഒറ്റയ്ക്കാണോ. ഒരു പങ്കാളിയെ തേടുകയാണോ. എന്തൊക്കെ ഗുണങ്ങളാണു പങ്കാളിയില്‍ അന്വേഷിക്കുന്നത്. മികച്ച പങ്കാളിയെ തിരഞ്ഞെടുക്കാന്‍ ഇക്കാലത്ത് ഡേറ്റിങ് സൈറ്റുകള്‍ ഒട്ടേറെയുണ്ട്. പക്ഷേ, തിരഞ്ഞെടുപ്പു പൂര്‍ത്തിയാകുമ്പോള്‍ ചില കാര്യങ്ങളില്‍ സന്തോഷിച്ചാലും മറ്റുചില കാര്യങ്ങളില്‍ നിരാശ തന്നെ ഫലം. എല്ലാ ഗുണങ്ങളും തികഞ്ഞ ആള്‍- എവിടെ എങ്ങനെ ലഭിക്കും. വ്യാപകമായ ഈ ആശങ്കയ്ക്കു പരിഹാരമാകുന്നു. പങ്കാളികളെത്തേടുന്ന എല്ലാവര്‍ക്കും സന്തോഷകരമായ വാര്‍ത്ത എത്തുന്നു: ബോയ്ഫ്രണ്ട് ഷോറൂം. 

ഓണ്‍ലൈനില്‍ വന്നിരിക്കുന്ന ഒരു വിഡിയോയാണ് ബോയ്ഫ്രണ്ട് ഷോറൂമിനെ പരിചയപ്പെടുത്തുന്നത്. പ്രണയിക്കുവാന്‍ എല്ലാ യോഗ്യതകളും തികഞ്ഞ ആളെ കണ്ടെത്തുന്ന കട. പലതരക്കാരായ ആണുങ്ങള്‍ അവിടെയുണ്ട്. സ്വപ്നത്തിലുള്ള പ്രിയപ്പെട്ട ആളെ തിരഞ്ഞെടുക്കുകയേ വേണ്ടൂ. 

ഷോറൂമില്‍ ഇരിക്കുന്ന ആള്‍ ഒരു സ്ത്രീയോടു സംസാരിക്കുന്നതാണു വിഡിയോയുടെ തുടക്കത്തില്‍. കടയിലേക്ക് സുന്ദരിയായ ഒരു ചെറുപ്പക്കാരി വരുന്നു. കടയുടമ യുവതിയെ സ്വീകരിക്കുന്നു. ബോയ്ഫ്രണ്ടിനെ തേടിയാണവര്‍ വരുന്നത്. എന്തൊക്കെ ഗുണങ്ങളാണു വേണ്ടതെന്നു ചോദിക്കുന്നെങ്കിലും മറുപടി പറയാന്‍ കഴിയുന്നില്ല യുവതിക്ക്. തങ്ങളുടെ ഗ്യാലറിയിലുള്ളവരെ കാണിച്ചുതരാമെന്നു പറയുന്നു കടയുടമ. അവര്‍ ഗ്യാലറിയിലക്കു പോകുന്നു. കടയുടമ റിമോട്ടിന്റെ ചലനങ്ങളിലൂടെ ഓരോ ബ്രോയ്ഫ്രണ്ട്സിനെയായി സ്ക്രീനില്‍ കാണിക്കുന്നു. യുവതിയുടെ അഭിപ്രായമറിയുന്നു. ഇതാണു പ്രക്രിയ. രസകരമായ നിരീക്ഷണങ്ങളും പുതുമയും കൊണ്ടു ശ്രദ്ധ പിടിച്ചുപറ്റുകയാണ് ഈ വിഡിയോ.

എന്തുകൊണ്ടും അ‍ഡ്ജസ്റ്റബിളായ ചെറുപ്പക്കാരനെയാണ് ഗ്യാലറിയില്‍ ആദ്യം കാണിക്കുന്നത്. രാവിലെ ഗുഡ്മോണിങ് പറയുന്ന, രാത്രി ഗുഡ്നൈറ്റ് പറയുന്ന വീട്ടിലെ നായയുടെ പോലും ജന്മദിനം ഓര്‍ത്തുവയ്ക്കുന്ന ചെറുപ്പക്കാരന്‍. പങ്കാളി ദുഃഖിതയാണെങ്കില്‍ ദുഃഖിതനാകും. സന്തോഷം വേണ്ടപ്പോള്‍ സന്തോഷവും. എന്തെങ്കിലും അബദ്ധം സംഭവിച്ചാല്‍ സോറി പറയുകയും ചെയ്യും. ഫെയ്സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും എന്തിനു ബാങ്കില്‍പ്പോലും ജോയിന്റ് അക്കൗണ്ടും തുടങ്ങും. ഇത്രയൊക്കെ ഗുണങ്ങളുണ്ടെങ്കിലും യുവതി സമ്മതിക്കുന്നില്ല. തനിക്ക് ഒരു സ്വകാര്യതയും തരില്ല. മറ്റൊന്ന് ആൾ കാണാന്‍ അത്ര സുന്ദരനുമല്ല. 

രണ്ടാമത്തെയാളെ പരിചയപ്പെടുത്തുന്നു കടയുടമ. കാഴ്ചയ്ക്കു സുന്ദരനായ ആള്‍ . ഒരു മോഡലിന്റെ ആകാരവടിവുകളുള്ള, ചോക്ലേറ്റ് ബോയ്. യുവതിക്ക് ഒരു കാര്യം അറിയണം. അയാള്‍ക്കു നര്‍മബോധമുണ്ടോ. കടയുടമ കൈ മലര്‍ത്തുന്നു. സൗന്ദര്യവും നര്‍മബോധവും ഒത്തുപോകില്ല.

മൂന്നാമത്തെ മോഡല്‍ വരവായി. ചിരിപ്പിക്കാന്‍ കഴിയുന്ന ആളാണു വരുന്നത്. ഒരു കുഴപ്പം മാത്രം. ദുഃഖത്തിന്റെ അവസരങ്ങളിലും അയാളുടെ ശ്രമം ചിരിപ്പിക്കാനായിരിക്കും. അങ്ങനെയൊരാളെ തനിക്കു വേണ്ടെന്നു യുവതി പറയുന്നതോടെ നാലാമത്തെ ആളെ അവതരിപ്പിക്കുന്നു. 

ബോഡി ബില്‍ഡറാണു കക്ഷി. മഹേന്ദ്രസിങ് ധോണിയുടെ ബോഡിബില്‍ഡറുടെ കൂട്ടുകാരന്‍ എന്നു പരിചയപ്പെടുത്താവുന്നയാള്‍. നല്ല ആരോഗ്യം. സുരക്ഷ. യുവതി തൃപ്തയാകുന്നില്ല. 

അഞ്ചാമന്‍ വരവായി. അയാളെ കണ്ടതേ, യുവതിക്ക് ഓക്കാനം വരുന്നു. ക്ഷമാപണത്തോടെ കടയുടമ അടുത്തയാളെ കാണിക്കുന്നു. സംസ്കാരസമ്പന്നന്‍. ഒരു പെരുമാറ്റദൂഷ്യവും പറയാനില്ലാത്തയാള്‍. യുവതി കൂടുതല്‍ അറിയാന്‍ താല്‍പര്യം കാണിക്കുന്നു. വീട്ടുജോലികളില്‍ സഹായിക്കും. പ്രാര്‍ഥന ചൊല്ലും. ഭജന്‍ ആലപിക്കും. വിശുദ്ധജലം മാത്രമേ കുടിക്കൂ. അഗര്‍ബത്തിയുടെ പുക മാത്രമേ ശ്വസിക്കൂ. യുവതിക്കു പോരാ. അതോടെ വീണ്ടും കടയുടമ ചോദിക്കുന്നു: ഏതുതരം ആണ്‍സുഹ‍ൃത്തിനെയാണു വേണ്ടത്. ആരും പരിപൂര്‍ണരല്ല. ജീവിതത്തിലൂടെ അവരെ പൂര്‍ണതയിലക്കു നയിക്കണം. 

അവസാനത്തെയാള്‍ വരുന്നു. അയാളില്‍ കടയുടമയ്ക്കു താല്‍പര്യമില്ല. വെറുതെ കാണിക്കുന്നുവെന്നു മാത്രം. പക്ഷേ, യുവതിക്ക് അയാളെയാണു താല്‍പര്യം. ആരോടും വിശ്വസ്തത പുലര്‍ത്താത്തയാള്‍. അച്ഛന്റെ പഴ്സിലെ പണം കൊണ്ടു ജീവിക്കുന്നയാള്‍. ഒരു വികാരവുമില്ലാത്തയാള്‍. അച്ഛനോടു പോലും ആരാ അച്ഛന്‍ എന്നു ചോദിക്കും. രാവിലെ വാട്സാപ്പില്‍ മെസജ് അയച്ചാല്‍ മറുപടി വൈകിട്ട്. മുഖത്ത് എപ്പോഴും ഒരൊറ്റ വികാരം മാത്രം. ഒരിക്കലും ഒരു അഭിനന്ദനവും ലഭിക്കില്ല...യുവതി ആവേശഭരിയാകുന്നു. മതി. ഇതു മതി. ഇതാണു ഞാന്‍ തേടിനടന്നയാള്‍....ഉടന്‍ തന്നെ പാക്ക് ചെയ്യാന്‍ യുവതി പറയുമ്പോള്‍ അത്ഭുതപ്പെട്ട കടയുടമയുടെ കണ്ണുകളില്‍ അവസാനിക്കുന്നു ബോയ്ഫ്രണ്ട് ഷോറൂം.