Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്മയുടെ കൈയിൽ നിന്നു താഴെ വീണ കുഞ്ഞിന്റെ ജീവൻ രക്ഷിച്ച എയർഹോസ്റ്റസ്

mitanshi

ഭൂമിയിൽ ഒരു കുഞ്ഞ് ഏറ്റവും സുരക്ഷിതമായിരിക്കുന്നത് അമ്മയുടെ കൈകളിലാണ്. ആ അമ്മയുടെ കൈയിൽ നിന്ന് വഴുതിവീണ കുഞ്ഞിനെ ഒരു പോറൽ പോലുമേൽക്കാതെ കാത്തതൊരു മാലാഖയും. സുരക്ഷാപരിശോധനയ്ക്കിടെ തന്റെ കൈയിൽ നിന്നും താഴെ വീണ കുഞ്ഞിനെ സ്വന്തം ജീവൻ പണയംവെച്ചു രക്ഷിച്ച എയർഹോസ്റ്റസിനെ മാലാഖയെന്നു വിളിക്കാനാണ് ആ അമ്മയ്ക്കിഷ്ടം.

ജെറ്റ് എയർവേസിലെ മിതാൻഷിയെന്ന എയർഹോസ്റ്റസാണ് ആ നന്മ മനസ്സിനുടമ. സ്വകാര്യ കമ്പനിയിലെ എംഡിയായ ഗുലാഫ ഷെയ്ഖ് പത്തുമാസം പ്രായമായ കുഞ്ഞിനൊപ്പം മുംബൈയിൽ നിന്ന് അഹമ്മദാബാദിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു. യാത്രയ്ക്കു മുന്നോടിയായി നടന്ന സുരക്ഷാ പരിശോധനയ്ക്കിടെ ഗുലാഫയുടെ കൈയിൽ നിന്ന് കുഞ്ഞ് വഴുതി വീണു. കുഞ്ഞ് തറയിലേക്കു വീഴുന്നതിനു മുമ്പു തന്നെ ഇവരുടെ സമീപം നിന്ന എയർഹോസ്റ്റസ് കുഞ്ഞിനെ രക്ഷിച്ചു. രക്ഷാശ്രമത്തിനിടെ എയർഹോസ്റ്റസിന്റെ മുഖം തറയിലിടിച്ചു. മൂക്കിനും മുഖത്തിനും കാര്യമായിത്തന്നെ പരുക്കുപറ്റിയെങ്കിലും അവർ വേദന കടിച്ചമർത്തി പുഞ്ചിരിച്ചുകൊണ്ട് കുഞ്ഞിനെ അമ്മയ്ക്ക് കൈമാറി.

ഒരു പോറൽ പോലുമേൽക്കാതെ കുഞ്ഞിനെ രക്ഷിച്ച എയർഹോസ്റ്റസിനോട് ആ അമ്മ ഹൃദയം നിറഞ്ഞ നന്ദി പറയുന്നു. അവർക്കായി കൂടുതലെന്തെങ്കിലും നൽകണമെന്നും പിന്നീട് ബന്ധപ്പെടാനായി ഫോൺ നമ്പർ നൽകണമെന്നും അവർ പറഞ്ഞു. എന്നാൽ അതൊക്കെ കമ്പനിയുടെ നയങ്ങൾക്കു വിരുദ്ധമാണെന്ന് പറഞ്ഞുകൊണ്ട് എയർഹോസ്റ്റസ് പിൻവാങ്ങി. തനിക്കൊന്നും വേണ്ടെന്നും പ്രാർഥനയിൽ തന്നെ ഓർത്താൽ‍ മതിയെന്നും പറഞ്ഞുകൊണ്ടാണ് അവർ മടങ്ങിയത്.

എന്നാൽ എയർഹോസ്റ്റസിന്റെ സത്പ്രവൃത്തിയെക്കുറിച്ച് ഗുലാഫ ജെറ്റ് എയർവേയ്സ് അധികൃതർക്ക് കത്തെഴുതി. എയർഹോസ്റ്റസിന്റെ മുഖത്തെ പരുക്കുകൾ അവരുടെ ജോലിയെ ബാധിക്കുമോയെന്ന ആശങ്ക തനിക്കുണ്ടെന്നും അവർ കത്തിൽ കുറിച്ചു. കത്തിൽ പറഞ്ഞ അടയാളങ്ങൾ വച്ച് മിതാൻഷിയെ അവർ തിരിച്ചറിയുകയും അഭിനന്ദിക്കുകയും ചെയ്തു. മുഖത്തെ പരുക്കുകളെക്കുറിച്ചോ അതു മൂലം ജോലിനഷ്ടപ്പെടുന്നതിനെക്കുറിച്ചോ മിതാൻഷിക്ക് ആശങ്കയില്ലെന്നും അവർ അറിയിച്ചതായി ജെറ്റ്‌ എയർവേസ് അധികൃതർ പറയുന്നു.