Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനി കണക്കുപറഞ്ഞു പണം വാങ്ങും; 88–ാം വയസ്സിൽ പരീക്ഷ പാസ്സായ പാപ്പ

pappa-88 അട്ടപ്പാടിയിലെ സാക്ഷരതാ പരീക്ഷ ഉദ്ഘാടനം ചെയ്യുന്ന പാപ്പ

അട്ടപ്പാടി സ്വദേശി എൺപത്തിയെട്ടുവയസ്സുകാരി പാപ്പയ്ക്ക് ഇതിനുമുമ്പു താൻ കബളിക്കപ്പെട്ടിട്ടുണ്ടോ എന്നറിയില്ല. വനത്തിൽനിന്നു ശേഖരിക്കുന്ന തേനും ഔഷധ്യസസ്യങ്ങളും മറ്റും കടകളിൽകൊണ്ടുവിറ്റാണ് അവർ ഉപജീവനം നേടുന്നത്. കണക്കുകൂട്ടാൻ അറിവില്ലാത്തതിനാൽ കടയുടമസ്ഥർ പറയുന്ന വിലയ്ക്ക് കച്ചവടം സമ്മതിക്കും. വർഷങ്ങളുടെ പതിവ് ഇതായിരുന്നെങ്കിൽ ഇനി കണക്കുപറഞ്ഞുതന്നെ പാപ്പ പണം വാങ്ങും. നഷ്ടമാണോ ലാഭമാണോ സംഭവിച്ചതെന്നും അവർക്കു മനസ്സിലാകും. കാരണം സാക്ഷരതാ മിഷന്റെ നാലാം ക്ലാസ് തുല്യതാ പരീക്ഷ അവർ ഉയർന്ന മാർക്കുവാങ്ങി വിജയിച്ചുകഴിഞ്ഞു. ഇത്തവണ തുല്യതാ പരീക്ഷയിലെ ഏറ്റവും പ്രായം കൂടിയ പഠിതാവാണ് പാപ്പ. വിവിധ പ്രായക്കാരായ 1975 പേർ കൂടി പരീക്ഷ വിജയിച്ചുകഴിഞ്ഞു. ഇനി ജീവിതത്തിന്റെ കണക്കുകൾ അവർതന്നെ കൂട്ടും, കുറയ്ക്കും. ലാഭവും നഷ്ടവും തിട്ടപ്പെടുത്തും. 

പാലക്കാട്ടെ ആദിവാസി ഗ്രാമങ്ങൾക്കുവേണ്ടി സാക്ഷരതാ മിഷൻ തയാറാക്കിയ സമഗ്രപാഠ്യപദ്ധതിയാണു വിജയം കണ്ടിരിക്കുന്നത്. കഴിഞ്ഞവർഷം ഡിസംബറിലായിരുന്നു പരീക്ഷ. രണ്ടായിരത്തിഅഞ്ഞൂറിൽക്കൂടുതൽ ആദിവാസികൾ പരീക്ഷ വിജയിച്ചു– 97 ശതമാനം വിജയം. പാലക്കാട്ട് പുത്തൂർ, അഗളി, ഷോളയൂർ എന്നീ ആദിവാസി ഗ്രാമങ്ങളിൽനിന്നായി 2624 പേർ പരീക്ഷയെഴുതി. 138 പരീക്ഷാ കേന്ദ്രങ്ങളിൽ. പുത്തൂരിൽനിന്നാണ് ഏറ്റവും കുടുതൽ വിജയികൾ–1269. ആദിവാസികൾക്കു വേണ്ടി പ്രത്യേക സിലബസ് അടിസ്ഥാനമാക്കിയായിരുന്നു ക്ലാസും പരീക്ഷയും. വായന, എഴുത്ത്, അടിസ്ഥാനഗണിതം എന്നിങ്ങനെ മൂന്നു മേഖലകളായി തിരിച്ചു പഠനം. ഓരോ വിഭാഗത്തിലും വിജയിക്കാൻ വേണ്ടിയിരുന്നുത് 100 ൽ 30 മാർക്ക്. ആദ്യഘട്ടത്തിൽ വിജയിച്ചത് 1117 പേർ. രണ്ടാംഘട്ടത്തിൽ സായാഹ്നക്ലാസുകൾ നടത്തി. ക്ലാസുകൾ പതിവായതോടെ പലരും സ്ഥിരം മദ്യപാനം ഉപേക്ഷിച്ചു. കൂടുതൽ പണം സമ്പാദിച്ചുതുടങ്ങി. സാക്ഷരതാ മിഷന്റെ പരീക്ഷ മാർക്ക് നൽകുക മാത്രമല്ല, ആദിവാസികളുടെ ജീവിതം മെച്ചപ്പെടുത്തുകകൂടിയാണു ചെയ്തിരിക്കുന്നത്. 

ആദിവാസി വിഭാഗങ്ങളിൽനിന്നുതന്നെയുള്ള പരിശീലകരായിരുന്നു കൂടുതലും. പ്രത്യേകിച്ചും വയനാട് നടത്തിയ സാക്ഷരതാ പദ്ധതി വിജയകരമായി പൂർത്തിയാക്കിയവർ. അക്ഷരം എഴുതാനും വായിക്കാനും പഠിക്കുന്നതിനൊപ്പം സാമൂഹിക ബോധം ഉണർത്താനും ശ്രമിക്കുന്നുണ്ടെന്ന് സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ പി.എസ്.ശ്രീകല പറയുന്നു. സാക്ഷരതാ മിഷനു കീഴിൽ എണ്ണൂറോളം പരിശീലകരാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്ലാസുകൾ നയിക്കുന്നതും നിരക്ഷരതയുടെ ഇരുട്ടിൽകഴിയുന്നവരെ സാക്ഷരതയുടെ പ്രകാശത്തിലേക്കു നയിക്കുന്നതും.