Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നല്ല മരുമകളാകാൻ മൂന്നു മാസത്തെ കോഴ്സുമായി സർവകലാശാല

Happy newly married Indian, young woman reading on notepad. പ്രതീകാത്മക ചിത്രം.

മൂന്നുമാസത്തെ കോഴ്സിലൂടെ ആദർശവതികളായ മരുമകളെ വാർത്തെടുക്കാമെന്ന ഉറപ്പുമായെത്തിയിരിക്കുകളാണ് ഒരു സർവകലാശാല. വാർത്ത പുറത്തു വന്നതിനു പിന്നാലെ ലോകമെമ്പാടു നിന്നും വലിയ വിമർശനങ്ങളാണ് സർവകലാശാലയ്ക്കു നേരെ ഉയർന്നിരിക്കുന്നത്. സ്ത്രീ ആയിരിക്കുന്നതിൽ അഭിമാനിക്കുന്ന, സ്ത്രീകൾക്കെതിരെ നടക്കുന്ന അക്രമങ്ങളിൽ പ്രതികരിക്കുന്ന പലരും സർവകലാശാലയ്ക്കെതിരെ മുന്നോട്ടു വന്നിട്ടുണ്ട്.

ഭോപ്പാലിലെ ബർക്കത്തുള്ള സർവകലാശാലയാണ് വിചിത്രമായ ഒരു കോഴ്സ് നടത്താനൊരുങ്ങുന്നത്. കോഴ്സ് കഴിഞ്ഞിറങ്ങുന്ന പെൺകുട്ടികൾ ആദർശവതികളായ മരുമക്കളാകുമെന്ന ഉറപ്പുമായാണ് സർവകലാശാല ഈ സർട്ടിഫിക്കറ്റ് കോഴ്സ് നടത്താനൊരുങ്ങുന്നത്. സമൂഹത്തോട് തങ്ങൾക്ക് ചില കടപ്പാടുകളുണ്ടെന്നും അതുകൊണ്ടാണ് വിവാഹിതരാകാൻ പോകുന്ന പെൺകുട്ടികൾക്കുവേണ്ടി ഇത്തരമൊരു കോഴ്സ് നടത്തുന്നതെന്നുമാണ് വൈസ്ചാൻസ്‌ലർ പ്രഫ ഡിസി ഗുപ്ത മാധ്യമങ്ങൾക്ക് നൽകിയ വിശദീകരണം.

സോഷ്യോളജി, സൈക്കോളജി, വിമൻസ് സ്റ്റഡീസ് വിഭാഗങ്ങളിലാണ് കോഴ്സ് നടത്താൻ ഉദ്ദേശിക്കുന്നതെന്നും അടുത്ത അക്കാദമിക് വർഷം ആരംഭിക്കുന്ന കോഴ്സിന്റെ ആദ്യ ഘട്ടത്തിൽ മുപ്പതു പെൺകുട്ടികൾക്കു മാത്രമാകും പ്രവേശനമുണ്ടാവുകയെന്നും അധികൃതർ പറയുന്നു. പഠനമെന്നത് കേവലം അക്കാദമിക തലത്തിൽ ഒതുങ്ങി നിൽക്കുന്നില്ലെന്നും കുടുംബത്തിന് കോട്ടംവരാതെ സംരക്ഷിക്കുന്ന നല്ല ഭാര്യമാരാക്കാൻ പെൺകുട്ടിയെ തയാറെടുപ്പിക എന്ന ഉദ്ദേശം കൂടി അതിൽ ഉൾപ്പെടുന്നുണ്ടെന്നും ഇതും സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമാണെന്നും അധികൃതർ അവകാശപ്പെടുന്നു.

സമൂഹത്തിൽ വളരെ പോസിറ്റീവായ മാറ്റമുണ്ടാവണം എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഈ കോഴ്സ് പൂർത്തിയാക്കുന്ന പെൺകുട്ടികൾക്ക് കോഴ്സ് കഴിയുന്നതോടെ കുടുംബത്തിന്റെ വിവിധ തലങ്ങളെക്കുറിച്ച് നല്ല വ്യക്തതയും ധാരണയുമുണ്ടാകുമെന്നും അവർ പറയുന്നു. കോഴ്സിനെക്കുറിച്ചുള്ള വാർത്ത പുറത്തുവന്നതോടെ രൂക്ഷമായ വിമർശമാണ് വിവിധ മേഖലകളിൽ നിന്നുയരുന്നത്. പെൺകുട്ടികളെ നല്ല മരുമക്കളാകാൻ പഠിപ്പിക്കുന്നവർ എന്തുകൊണ്ട് ആൺകുട്ടികളെ സ്വന്തം ഉത്തരവാദിത്തം നിറവേറ്റാൻ പഠിപ്പിക്കുന്ന കോഴ്സുമായി എത്തുന്നില്ല എന്ന ചോദ്യവും ഉയരുന്നുണ്ട്.