Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്തുകൊണ്ട് ഇരകൾ നിശ്ശബ്ദരാകുന്നു; പദ്മലക്ഷിയുടെ മറുപടിക്ക് കൈയടിച്ച് ലോകം

padmalakshmi-55

ഉത്തരം പറയേണ്ട ഒരു ചോദ്യമാണത്. എന്തുകൊണ്ട് നിശ്ശബ്ദരായിരുന്നു ഇത്രനാളും? പലരും അങ്ങനെയൊരു ചോദ്യത്തിലാണ് അഭയം തേടുന്നത്. അതുകൊണ്ടുതന്നെ സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ ഉത്തരം പറയാൻ തീരുമാനിച്ചുകഴിഞ്ഞു പദ്മ ലക്ഷ്മി. 32 വർഷം മുമ്പു നടന്ന അനുഭവം ഓർത്തെടുത്തുകൊണ്ടാണ് പ്രശസ്ത അമേരിക്കൻ മോഡലും വിഖ്യാത എഴുത്തുകാരൻ സൽമാൻ റുഷ്ദിയുടെ മുൻ ഭാര്യയുമായ പദ്മ ലക്ഷ്മി ശബ്ദം ഇല്ലാത്ത ഇരകൾക്കു ശബ്ദം കൊടുത്ത മീ ടൂ.പ്രസ്ഥാനത്തിൽ അണി ചേരുന്നതും ആരോപണങ്ങളുടെ സത്യാവസ്ഥ പുറത്തുപറയുന്നതും. 

സുപ്രീം കോടതി ജഡ്ജായി യുഎസ് പ്രസിഡന്റ് നാമനിർദേശം ചെയ്ത ബ്രെറ്റ് കവനോയ്ക്ക് എതിരെ പഴയ വനിതാ സഹപാഠികൾ ലൈംഗികാരോപണവുമായി രംഗത്തെത്തിയിരുന്നു. മുപ്പതു വർഷം മുമ്പു നടന്ന സംഭവം അന്നു പറയാതെ ഇത്രയും നാൾ നിശ്ശബ്ദരായി ഇരുന്നിട്ട് ഇപ്പോൾ പറയുന്നത് ഇരട്ടത്തപ്പാണെന്നും വിശ്വസനീയമല്ലെന്നും ആരോപണങ്ങളെക്കുറിച്ച് പ്രസിഡന്റ് ട്രംപ് ഉൾപ്പെടെയുള്ളവർ പ്രതികരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് താനും ഇരയായിട്ടുണ്ടെന്നും നിശ്ശബ്ദയായിട്ടുണ്ടെന്നും ഇപ്പോൾ സത്യം തുറന്നുപറയുകയാണെന്നും പറഞ്ഞുകൊണ്ട് പദ്മ രംഗത്തെത്തിയത്. 

നിശ്ശബ്ദരായിരുന്നു എന്നതുകൊണ്ട് സത്യത്തെ മൂടിവയ്ക്കാനാവില്ല. ആരോപണം ഇല്ലാതാകുന്നുമില്ല. ഇരകൾ നിശ്ശബ്ദരാകാറുണ്ട്. എനിക്കറിയാം അവർ എന്തുകൊണ്ട് നിശ്ശബ്ദരാകുന്നുവെന്ന്– പദ്മ പറയുന്നു. 

കൗമാരത്തിൽ ഒരു യുവാവുമായി താൻ ഡേറ്റിങ്ങിലായിരുന്നുവെന്നു പറയുന്നു പദ്മ. ഒരുദിവസം അവർ അയാളുടെ അപാർട്ട്മെന്റിലേക്കു പോയി. അന്നവിടെയാണ് ഉറങ്ങിയത്. ഉണർന്നപ്പോൾ യുവാവ് തനിക്കു മുകളിലുണ്ടായിരുന്നുവെന്നു പറയുന്നു പദ്മ. 

നിങ്ങൾ എന്താണ് ചെയ്യുന്നത് –പദ്മ യുവാവിനോടു ചോദിച്ചു. 

കുറച്ചു വേദനിക്കും. അതു കഴിയുമ്പോൾ മാറും – യുവാവു മറുപടി പറഞ്ഞു. 

ദയവുചെയ്ത് ഇങ്ങനെ ചെയ്യാതിരിക്കൂ– പദ്മ അലറിവിളിച്ചു. 

പിന്നീട് അയാൾതന്നെയാണു പദ്മയെ വീട്ടിൽ കൊണ്ടാക്കിയത്. പക്ഷേ അപ്പോഴും കടുത്ത നടുക്കത്തിലായിരുന്നു അന്നു കൗമാരപ്രായം മാത്രമുണ്ടായിരുന്ന പദ്മ. 

സംഭവം ഞാൻ ആരോടും പറഞ്ഞില്ല. അമ്മയോടോ സുഹൃത്തുക്കളോടോ പൊലീസിനോടോ ഒന്നും പറഞ്ഞില്ല– പദ്മ ഓർമിക്കുന്നു. 

ഡേറ്റിങ്ങിനിടെ സംഭവിക്കുന്ന മാനഭംഗങ്ങളെക്കുറിച്ച് എങ്ങനെ പരാതിപ്പെടണം എന്ന് അന്നു ഞങ്ങൾക്ക് അറിയില്ലായിരുന്നു. 1980–കളിൽ. അയാളുടെ അപാർട്ട്മെന്റിൽ നിങ്ങൾ എന്തിനാണു പോയത് എന്ന് മുതിർന്നവർ ചോദിക്കും എന്നും എനിക്കറിയാമായിരുന്നു. 

32 വർഷം കഴിഞ്ഞിരിക്കുന്നു. പഴയ സംഭവം ഇപ്പോൾ പറഞ്ഞിട്ട് ഒരു കാര്യവുമില്ലെന്ന് എനിക്കറിയാം. ഇരകളാക്കപ്പെടുന്നവർ അക്കാലത്തുതന്നെ സംഭവം തുറന്നുപറയാതിരുന്നത് എന്തുകൊണ്ട് എന്നു ചോദിക്കുന്നവർ ഒരുകാര്യം മനസ്സിലാക്കണം– അന്നതു പറഞ്ഞിരുന്നെങ്കിൽ എനിക്കു പലതും നഷ്ടപ്പെടുമായിരുന്നു. ഇപ്പോൾ കവനോയ്ക്ക് എതിരെ രംഗത്തുവന്നിരിക്കുന്നവരുടെ കാര്യവും അതുതന്നെ. പീഡനം നടന്ന സമയത്തുതന്നെ പറഞ്ഞിരുന്നെങ്കിൽ എന്തായിരുന്നേനേം അവരുടെ അവസ്ഥ–പദ്മ ചോദിക്കുന്നു. എന്തുകൊണ്ട് ഇരകൾ നിശ്ശബ്ദരാകുന്നു എന്ന ചോദ്യത്തിനു പദ്മ ലക്ഷ്മി പറഞ്ഞ മറുപടി സമൂഹമാധ്യമങ്ങളിൽ കയ്യടി നേടുകയാണ്.