Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'പത്രപ്രവർത്തകന്റെ പീഡനത്തിൽ നിന്ന് രക്ഷിക്കണം'; ഫെയ്സ്ബുക്കിൽ സഹായമഭ്യർഥിച്ച് നടി

പീഡനശ്രമത്തെത്തുടർന്നു നിയമത്തിന്റെ വഴി തേടിയെങ്കിലും നീതി നിഷേധിക്കപ്പെട്ടതോടെ സമൂഹമാധ്യമത്തിലൂടെ അനുഭവം തുറന്നുപറയുകയാണ് തമിഴ്നാട്ടിലെ പ്രശസ്തയായ ഒരു നടി. മുതിർന്ന ഒരു പത്രപ്രവർത്തകനെതിരെയാണു 42 വയസ്സുകാരിയായ നടി പരാതിപ്പെടുന്നത്. കഴിഞ്ഞ കുറച്ചുവർഷങ്ങളായി പത്രപ്രവർത്തകൻ തന്നെ പീഡിപ്പിക്കാൻ ശ്രമിക്കുകയാണെന്നും നടി ആരോപിക്കുന്നു. ഫെയ്സ്ബുക്കിലൂടെയാണ് നടിയുടെ ആരോപണങ്ങൾ പുറത്തുവന്നിരിക്കുന്നത്. 

എട്ടുമിനിറ്റ് നീളുന്ന വീഡിയോ ആണു നടി ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. വാക്കുകളിലൂടെ സത്യസന്ധതയും യുവതിയുടെ നിസ്സഹായതയും ബോധ്യപ്പെട്ടതോടെ സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണു വിഡിയോ. പ്രകാശ് എം. സ്വാമി എന്ന പത്രപ്രവർത്തകനെതിരെയാണു നടി വിരൽ ചൂണ്ടുന്നത്. നടിയുടെ ഭർത്താവ് ഹോങ്കോങ്ങിൽവച്ചു മരിച്ചതിനുശേഷം മകന്റെ പാസ്പോർട്ടുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാനാണ് നടി പത്രപ്രവർത്തകന്റെ സഹായം തേടിയത്. കണ്ണീരോടെ യുവതി താൻ ഇരയാക്കപ്പെട്ടതിനെക്കുറിച്ചു പറയുന്നു: വീട്ടിൽ വന്ന അയാൾ എന്റെ തൊട്ടടുത്ത് ഇരുന്നു. അപമര്യാദയോടെ പെരുമാറാൻ തുടങ്ങിയതോടെ പുറത്തുപോകാൻ ഞാൻ അയാളോട് ആവശ്യപ്പെട്ടു. 

പക്ഷേ, പ്രശ്നം അവിടെ തീർന്നില്ല. ഫോണിലൂടെയും ഇന്റർനെറ്റ് വഴിയും പീഡനം തുടർന്നുകൊണ്ടിരുന്നു. വാട്സാപിലൂടെ അയാൾ എനിക്ക് അശ്ലീല ചിത്രങ്ങൾ അയച്ചുതന്നു. ആഗ്രഹങ്ങൾക്കു വഴങ്ങിയില്ലെങ്കിൽ അപകീർത്തിപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി. ഹൃദയാഘാതത്തെത്തുടർന്നാണ് ഭർത്താവ് മരിക്കുന്നത്. പക്ഷേ ഭർത്താവിനെ കൊന്നതു ഞാനാണെന്ന് അയാൾ കള്ളക്കഥകൾ പ്രചരിപ്പിക്കാൻ‌ തുടങ്ങി. എന്നെക്കുറിച്ച് അടിസ്ഥാനമില്ലാത്ത മോശമായ കഥയെഴുതി ഒരു പ്രാദേശിക മാധ്യമത്തിൽ അയാൾ പ്രസിദ്ധീകരിക്കുകയും ചെയ്തു– നടി ആരോപിക്കുന്നു. 

ഞാൻ മാത്രമല്ല അയാളുടെ ഇര. മറ്റു പല സ്ത്രീകളോടും അയാൾ മോശമായി പെരുമാറിയിട്ടുണ്ട്. മന്ത്രിമാരോടും ഉന്നത ഉദ്യോഗസ്ഥരോടും ഒപ്പം നിൽക്കുന്ന ചിത്രങ്ങൾ അയാൾ സ്ഥിരമായി കാണിക്കും. ഉന്നതവൃത്തങ്ങളിൽ വലിയ സ്വാധീനമാണെന്നാണ്  അവകാശവാദം. സമൂഹത്തിനു ഭീഷണിയായ അയാളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്തു ശിക്ഷിക്കണം– ധാർമികരോഷത്തോടെ നടി ആവശ്യപ്പെടുന്നു. 

പരാതിപ്പെട്ടെങ്കിലും പത്രപ്രവർത്തകനെതിരെ ഇതുവരെ പൊലീസ് പ്രഥമവിവര റിപോർട്ട് തയാറാക്കിയിട്ടില്ലെന്നും നടി ആരോപിക്കുന്നു. ലൈംഗിക പീഡന പരാതിയായതിനിൽ തങ്ങൾക്കൊന്നും ചെയ്യാനില്ലെന്നാണ് അവരുടെ നിലപാട്. ഫോൺ വഴിയുള്ള പീഡനവും ഉൾപ്പെട്ടതിനാൽ പരാതി സൈബർ വിഭാഗത്തിനു കൈമാറിയതായും  പൊലീസ് പറയുന്നു. 

നടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലായതിനെത്തുടർന്ന് മറ്റൊരു യുവതിയും പത്രപ്രവർത്തകനെതിരെ രംഗത്തുവന്നു. 

അയാൾ എന്നെ ഒരു സർവീസ് അപാർട്ട്മെന്റിലേക്കു ക്ഷണിക്കുകയുണ്ടായി. അവിടെ ചെന്നപ്പോൾ മുറിക്കകത്തും സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നതു കണ്ടതോടെ അപകടം മനസ്സിലാക്കി ഞാൻ ഓടിരക്ഷപ്പെട്ടു.  പിന്നീട് അയാൾ എന്റെ മകളെ ഭീഷണിപ്പെടുത്തുകയും ജോലി ഇല്ലാതാക്കുമെന്നു മുന്നറിയിപ്പു നൽകുകയും ചെയ്തു. 

വർഷങ്ങളായി അമേരിക്ക കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പ്രകാശ് എം സ്വാമി തനിക്കെതിരെയുള്ള ആരോപണങ്ങൾ നിഷേധിച്ചു. പാസ്പോർട്ട് വിഷയത്തിൽ താൻ യുവതിയെ സഹായിക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും പീഡനശ്രമം ഉണ്ടായിട്ടില്ലെന്നാണ് നിലപാട്. ഞാൻ ആരോപണം ഉന്നയിച്ച നടിയുടെ വീട് സന്ദർശിച്ചിട്ടില്ല. പീഡിപ്പിക്കാൻ ശ്രമിച്ചിട്ടുമില്ല. ഞാൻ യുവതിയുടെ വീട് സന്ദർശിച്ചിട്ടുണ്ടെങ്കിൽതന്നെ ഇത്രയും നാൾ പരാതി പറയാതെ അവർ എവിടെയായിരുന്നു ? – പ്രകാശ് സ്വാമി ചോദിക്കുന്നു. 

സഹാറ കേസുമായി ബന്ധപ്പെട്ട് ഒരിക്കൽ ഒരു മാസം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള പത്രപവർത്തകൻ ഐക്യരാഷ്ട്രസംഘടനയുടെ ഡിപ്ലോമാറ്റിക് കറസ്പോണ്ടന്റ് എന്നാണ് ഫെയ്സ്ബുക്കിൽ പരിചയപ്പെടുത്തുന്നത്.