ADVERTISEMENT

ബെംഗളൂരു∙ സ്റ്റേഷനുകളുടെ നിർമാണ കരാർ ഏറ്റെടുക്കാൻ കമ്പനികൾ മടിച്ചതോടെ സബേർബൻ റെയിൽപാതയുടെ ബയ്യപ്പനഹള്ളി–ചിക്കബാനവാര ഇടനാഴി നിർമാണത്തിന് 2 ഘട്ടങ്ങളിലായി വീണ്ടും ടെൻഡർ വിളിക്കാൻ റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കമ്പനി കർണാടക (കെ റൈഡ്). 25.57 കിലോമീറ്റർ ദൂരം പാതയിലെ 8 സ്റ്റേഷനുകൾ ആദ്യ ഘട്ടത്തിലും 4 സ്റ്റേഷനുകൾ രണ്ടാംഘട്ടത്തിലുമാണ് നിർമിക്കുക. ഇതിൽ 9.72 കിലോമീറ്റർ ദൂരം പാത നിർമിക്കുന്നത് തൂണുകൾക്ക് മുകളിലാണ്. ബെന്നിഗനഹള്ളി, കസ്തൂരിനഗർ, സേവാനഗർ, ബാനസവാടി, നാഗവാര, കനകനഗർ, ഹെബ്ബാൾ, മത്തിക്കരെ, യശ്വന്തപുര, ഷെട്ടിഹള്ളി, മേദരഹള്ളി, ചിക്കബാനവാര എന്നിവിടങ്ങളിലാണ് സ്റ്റേഷനുകൾ. കഴിഞ്ഞ വർഷം 859.97 കോടി രൂപയ്ക്കാണു പാതയുടെ നിർമാണം സ്വകാര്യ കമ്പനി ഏറ്റെടുത്തത്. എന്നാൽ പ്രവൃത്തി വൈകുന്നതോടെയാണ് 2 ഘട്ടങ്ങളിലായി പൂർത്തിയാക്കാൻ നടപടികൾ ആരംഭിച്ചത്. സ്റ്റേഷൻ ഭാഗം ഒഴിച്ചു പാതയുടെ നിർമാണം മാത്രമാണ് ഇതിൽ ഉൾപ്പെടുന്നത്. 

കാമരാജ് റോഡ് ഭാഗികമായി തുറക്കും 
എംജി റോഡ് ഭൂഗർഭ സ്റ്റേഷൻ നിർമാണത്തിനായി അടച്ചിട്ട കാമരാജ് റോഡ് ഈ മാസം ഭാഗികമായി തുറക്കും. ഒരു വശത്ത് കൂടെ മാത്രമായിരിക്കും ആദ്യഘട്ടത്തിൽ ഗതാഗതം അനുവദിക്കുക. സ്റ്റേഷൻ തുറന്നു കൊടുക്കുന്നതോടെ ഇരുവശങ്ങളിലേക്കും ഗതാഗതം അനുവദിക്കും. എംജി റോഡ് ഭൂഗർഭ മെട്രോ സ്റ്റേഷൻ നിർമാണത്തിന്റെ ഭാഗമായാണ് 4 വർഷം മുൻപ് കാമരാജ് റോഡ് അടച്ചത്. എംജി റോഡ്–കബൺ റോഡ് എന്നിവയെ ബന്ധിപ്പിക്കുന്ന കാമരാജ് റോഡ് തുറന്നുകൊടുക്കുന്നതോടെ കമേഴ്സ്യൽ സ്ട്രീറ്റ്, ശിവാജിനഗർ ഭാഗത്തുള്ളവർക്കു വേഗത്തിൽ എത്താൻ സാധിക്കും. 

മെട്രോ പ്രവേശന കവാടം അടച്ചു
നമ്മ മെട്രോ ചിക്ക്പേട്ട് സ്റ്റേഷന്റെ പ്രധാന കവാടം അടച്ചതോടെ യാത്രക്കാർ ദുരിതത്തിൽ. എസ്കലേറ്റർ നിർമാണത്തിന്റെ ഭാഗമായാണു കവാടം അടച്ചത്. മെയിൻ റോഡിലേക്കുള്ള കവാടത്തിലൂടെയാണ് ഇപ്പോൾ യാത്രക്കാരെ പ്രവേശിപ്പിക്കുന്നത്. എന്നാൽ ഈ റോഡിൽ വൈറ്റ് ടോപ്പിങ് നിർമാണത്തിന്റെ ഭാഗമായി നിയന്ത്രണം ഏർപ്പെടുത്തിയതോടെ കാൽനടയാത്ര പോലും ബുദ്ധിമുട്ടിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com