ADVERTISEMENT

ചെന്നൈ ∙ വേനലവധി ആഘോഷിക്കാൻ നാട്ടിൽ പോകുന്ന മലയാളികളുടെ വീടുകൾ കേന്ദ്രീകരിച്ചുള്ള മോഷണം വർധിക്കുന്നതായി മുന്നറിയിപ്പ്. അയപ്പാക്കത്ത് താമസിക്കുന്ന മലയാളിയുടെ വീട്ടിൽ ആളില്ലാതിരുന്ന സമയം നോക്കി മുൻവാതിൽ പൊളിച്ച് അകത്തു കയറിയ മോഷ്ടാക്കൾ ഒരു ലക്ഷം രൂപയും രണ്ട് ലക്ഷത്തിലേറെ രൂപയുടെ ആഭരണങ്ങളുമായി കടന്നു. ഭർത്താവ് കേരളത്തിലേക്കും ഭാര്യയും കുട്ടികളും ബന്ധു വീട്ടിലും പോയ തക്കം നോക്കിയാണ് കഴിഞ്ഞ ദിവസം രാത്രി കള്ളന്മാർ അകത്തു കടന്നത്. നർത്തകിയായ മകളുടെ ആടയാഭരണങ്ങളടക്കം കവർന്നു.

അയൽക്കാരെ അറിയിക്കണം
വീടുപൂട്ടി പോകുമ്പോൾ സുരക്ഷ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്ന് നെമിലിച്ചേരിയിൽ താമസിക്കുന്ന പ്രദീപ് കുമാർ പറഞ്ഞു. കുടുംബമൊന്നിച്ച് നാട്ടിൽ പോകുന്ന അവസരങ്ങളിൽ അയൽക്കാരോട് പ്രത്യേകം പറഞ്ഞ് ഏൽപിക്കും. സ്വർണവും പണവും അടക്കമുള്ള വസ്തുക്കൾ വീട്ടിൽ വച്ച് പോകാറില്ലെന്നും പ്രദീപ് പറഞ്ഞു. വീടുകളിലും ചെറിയ കെട്ടിടങ്ങളിലും താമസിക്കുന്നവരെ അപേക്ഷിച്ച് ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് ഇക്കാര്യത്തിൽ സുരക്ഷ കൂടുതലുണ്ടെന്നാണ് പുളിയന്തോപ്പിൽ താമസിക്കുന്ന ഡൗട്ടൺ മോഹന്റെ അഭിപ്രായം. വീടുപൂട്ടി പോകുമ്പോൾ അയൽക്കാരുടെ ശ്രദ്ധ എപ്പോഴുമുണ്ടാകും. എന്നാൽ മാലിന്യം ശേഖരിക്കാനെന്ന വ്യാജേന എത്തി ഫ്ലാറ്റിന് മുൻപിൽ വച്ചിരിക്കുന്ന ചെരുപ്പുകളും വിലകൂടിയ ഷൂസുകളും മോഷ്ടിക്കുന്ന സംഭവങ്ങൾ ഉണ്ടാകാറുണ്ട്.വാഹനങ്ങളുടെ സുരക്ഷയാണ് നഗരവാസികളെ അലട്ടുന്ന മറ്റൊരു പ്രധാന പ്രശ്നം, വീടിനോടും ഫ്ലാറ്റിനോടും ചേർന്ന് പാർക്കിങ് സൗകര്യമില്ലാത്തവർ പലപ്പോഴും റോഡുകളിൽ തന്നെയാണ് വാഹനങ്ങൾ നിർത്തുന്നത്. ഇരുചക്ര വാഹനങ്ങൾ ഇത്തരത്തിൽ നിർത്തിയിട്ടിട്ട് നാട്ടിൽ പോകാൻ കഴിയില്ല. നാട്ടിൽ പോകുമ്പോൾ ബൈക്ക് ഓഫിസിന്റെ പാർക്കിങ് സ്ഥലത്ത് വച്ചിട്ടാണ് പോകുന്നതെന്ന് പുരുഷവാക്കത്ത് താമസിക്കുന്ന നവീൻ പറഞ്ഞു. 

സിസിടിവി ക്യാമറകൾ അവശ്യ വസ്തുവായി
മോഷണവും കൊലപാതകവുമടക്കം ആവർത്തിക്കുന്നത് സിസിടിവി പോലുള്ള നിരീക്ഷണ സംവിധാനങ്ങളുടെ ആവശ്യകത വർധിപ്പിച്ചു. മൊബൈൽ ഫോണുകളുമായി ബന്ധിപ്പിക്കാൻ കഴിയുന്നതിനാൽ എവിടെയിരുന്നും വീടും പരിസരവും നിരീക്ഷിക്കാമെന്ന സൗകര്യമാണ്. വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലങ്ങളിലും വീടുകളുടെ മുൻപിലും പിന്നിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നത് മോഷണവും മറ്റു കുറ്റകൃത്യങ്ങളും സംബന്ധിച്ച തെളിവുകൾ ശേഖരിക്കാൻ മാത്രമല്ല ഒരു പരിധി വരെ കുറ്റകൃത്യങ്ങൾ തടയാനും സഹായിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. സിസിടിവി സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങളും വീടുകളും ഒഴിവാക്കിയാണ് ഇപ്പോൾ മോഷണങ്ങൾ കൂടുതലും നടക്കുന്നത്.

വീടുപൂട്ടി പോകുമ്പോൾ സൂക്ഷിക്കേണ്ടത്
∙ വീട്ടിലെ വിലപിടിപ്പുള്ള വസ്തുക്കളുടെ വിശദമായ പട്ടിക തയാറാക്കുക.
∙ പണം, ആഭരണം തുടങ്ങിയവ വീട്ടിൽ നിന്നു മാറ്റി ലോക്കറുകളിലോ സുരക്ഷിതമായ ഇടങ്ങളിലോ സൂക്ഷിക്കുക.
∙ വീടുകളുടെ വാതിലുകളും ജനലുകളും ശരിയായി പൂട്ടിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക.
∙ വീടിനു സുരക്ഷാ ജീവനക്കാരെ നിയോഗിക്കാൻ പറ്റുമെങ്കിൽ അതു ചെയ്യുക. വീട്ടിൽ നിരീക്ഷണ ക്യാമറകളുണ്ടെങ്കിൽ അവ കുറ്റമറ്റ രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
∙ അത്യാവശ്യമില്ലാത്ത വൈദ്യുത ഉപകരണങ്ങൾ പ്ലഗുകളിൽ നിന്ന് വേർപെടുത്തുക. സ്വിച്ചുകൾ ഓഫാണെന്ന് ഉറപ്പു വരുത്തണം. പാചക വാതക സിലിണ്ടറുകളുടെ റഗുലേറ്ററുകളും ഊരി വയ്ക്കുക. പൈപ്പുകളെല്ലാം ശരിയായി പൂട്ടിയിട്ടുണ്ടെന്ന് ഉറപ്പിക്കുക. 
∙ തപാലുകളും കുറിയർ സേവനങ്ങളും വാങ്ങേണ്ടി വന്നാൽ അതിനായി അയൽക്കാരെയോ സുഹൃത്തുക്കളെയോ ചുമതലപ്പെടുത്തുക. വീട്ടിൽ ആരുമില്ലാത്ത സമയത്ത് എത്തുന്ന തരത്തിൽ ഓൺലൈനിൽ ഉൽപന്നങ്ങൾ ഓർഡർ ചെയ്യരുത്.
∙ വീട്ടിൽ വളർത്തുന്ന ജീവികളുടെ പരിപാലനത്തിനും ചെടികൾ നനയ്ക്കാനും ആളുകളെ ചുമതലപ്പെടുത്തുക. 
∙ അത്യാവശ്യ ഘട്ടങ്ങളിൽ ബന്ധപ്പെടാൻ ഒന്നിലേറെ ഫോൺ നമ്പറുകൾ വിശ്വാസ യോഗ്യരായ അയൽക്കാർക്കും അടുത്ത സുഹൃത്തുക്കൾക്കും നൽകുക. 
∙ അവധിയാഘോഷ ഫോട്ടോകൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുമ്പോൾ, അവ അപരിചിതരുടെ ശ്രദ്ധയിൽപ്പെടാത്ത തരത്തിൽ ക്രമീകരിക്കുക. 
∙ ഒരാഴ്ചയെങ്കിലും വീട് പൂട്ടിയിടുന്നുണ്ടെങ്കിൽ നിർബന്ധമായും തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയും ബന്ധപ്പെടാനുള്ള നമ്പർ നൽകുകയും ചെയ്യുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com