ADVERTISEMENT

കൊച്ചി∙ ജില്ലയിൽ നീറ്റ് യുജി പരീക്ഷയെഴുതിയതു 15,880 വിദ്യാർഥികൾ. സിബിഎസ്ഇ സ്കൂളുകൾ, എൻജിനീയറിങ് കോളജുകൾ എന്നിവയുൾപ്പെടെ 32 കേന്ദ്രങ്ങളിലായിരുന്നു പരീക്ഷ. എല്ലാ കേന്ദ്രങ്ങളിലും സുഗമമായി പരീക്ഷാ നടപടികൾ പൂർത്തിയായതായും ഒരിടത്തും പ്രശ്നങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ലെന്നും നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) റീജനൽ കോഓർഡിനേറ്റർ സുചിത്ര ഷൈജിന്ത് പറഞ്ഞു.പരീക്ഷയെഴുതിയവരിൽ 60 ശതമാനത്തിനു മുകളിൽ പെൺകുട്ടികളായിരുന്നു. രാവിലെ 10.30 മുതൽ 1.30 വരെ പരീക്ഷാ ഹാളിലേക്കു പ്രവേശനം അനുവദിച്ചിരുന്നു. ഭൂരിഭാഗം വിദ്യാർഥികളും 12ന് മുൻപു തന്നെ ഹാളിലെത്തി. പ്രവേശനം ലഭിക്കാതെ തിരികെ പോകേണ്ടി വന്ന സംഭവങ്ങൾ ഇതുകൊണ്ടു തന്നെ കാര്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

ഇക്കുറി പരീക്ഷാ കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കുകയും മുൻകാലങ്ങളെ അപേക്ഷിച്ച് ഒരു സെന്ററിൽ അനുവദിക്കുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ കുറവു വരുത്തുകയും ചെയ്തിരുന്നു. ഓരോ കേന്ദ്രത്തിലും 600–700 വിദ്യാർഥികൾ മാത്രമാണുണ്ടായിരുന്നത്. കൂടുതൽ പേർ എത്തുമ്പോഴുള്ള ഗതാഗതപ്രശ്നങ്ങളും ട്രാഫിക് ബ്ലോക്കും ഒഴിവാക്കാനും പലർക്കും പരീക്ഷാകേന്ദ്രങ്ങളിൽ എത്താൻ പറ്റാത്തതിലുള്ള പ്രതിസന്ധി പരിഹരിക്കാനും നടത്തിയ പരിഷ്കാരം വിജയിച്ചു എന്നാണ് അധികൃതരുടെ വിലയിരുത്തൽ.  കടുത്ത ചൂടു കണക്കിലെടുത്തു പരീക്ഷാ കേന്ദ്രങ്ങളിലെല്ലാം ആവശ്യത്തിനു ഫാനുകൾ ഏർപ്പെടുത്തിയിരുന്നു. കുടിക്കാൻ ശുദ്ധജലവും ക്രമീകരിച്ചു. വെള്ളം കൊണ്ടുവരാൻ വിദ്യാർഥികൾക്ക് അനുമതിയുണ്ടായിരുന്നു. രണ്ടിന് ആരംഭിച്ച പരീക്ഷ വൈകിട്ട് 5.20ന് പൂർത്തിയായി.    

ചോദ്യപ്പേപ്പറിന് ഡിജിറ്റൽ പൂട്ട്
എൻടിഎ നീറ്റ് യുജി പരീക്ഷാ ചോദ്യപ്പേപ്പർ എത്തിയതു ഡിജിറ്റൽ പൂട്ടിട്ട്. ബാങ്ക് ലോക്കറിൽ അതീവ സുരക്ഷയിൽ സൂക്ഷിക്കുന്ന ചോദ്യപ്പേപ്പർ പെട്ടികൾ രാവിലെ തന്നെ സെന്ററുകളിൽ എത്തിക്കുകയും പരീക്ഷ തുടങ്ങും മുൻപു മാത്രം ഇതു തുറക്കുകയും ചെയ്യുന്നതാണു നീറ്റ് പരീക്ഷയുടെ രീതി. ചോദ്യപ്പേപ്പർ പെട്ടിയുടെ താക്കോൽ സെന്ററുകളുടെ ചുമതലയുള്ളവർക്കു കൈമാറുകയായിരുന്നു മുൻപു പതിവ്. എന്നാൽ, പരീക്ഷ തുടങ്ങുന്നതിനു തൊട്ടുമുൻപു താനേ തുറക്കുന്ന ഡിജിലോക്ക് സംവിധാനമാണു ചോദ്യപ്പേപ്പറുകൾ എത്തിക്കുന്ന പെട്ടിക്കുള്ളത്. ന്യൂഡൽഹിയിലെ എൻടിഎ ആസ്ഥാനത്തു നിന്നു നേരിട്ടു നിയന്ത്രിക്കാനാകുന്ന ഈ ഡിജിറ്റൽ പൂട്ട് രാജ്യത്തെ മുഴുവൻ സെന്ററുകളിലും ഒരേ സമയത്തു സ്വയം തുറക്കും.ജിപിആർഎസ്, എഐ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തിയാണ് ഡിജി ലോക്ക് പ്രവർത്തിക്കുന്നത്. ചോദ്യപ്പേപ്പർ ചോർച്ച ഒഴിവാക്കാനാണ് ഈ സുരക്ഷാസംവിധാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com