ADVERTISEMENT

പറവൂർ ∙ നഗരസഭ ഇടപെട്ടു നന്നാക്കിയ ചേന്ദമംഗലം കവലയിലെ ട്രാഫിക് സിഗ്നൽ വീണ്ടും കേടായി. അപകടങ്ങൾ പതിവാകുകയും നഗരസഭയ്ക്ക് നേരെ വിമർശനമുയരുകയും ചെയ്തതോടെയാണ് നഗരത്തിലെ 2 വ്യാപാര സ്ഥാപനങ്ങളുടെ സഹകരണത്തോടെ സിഗ്നൽ നന്നാക്കിയത്. കെൽട്രോണിന്റെ ഉദ്യോഗസ്ഥർ അറ്റകുറ്റപ്പണികൾ നടത്തിയ സിഗ്നൽ ഒരാഴ്ച തികയും മുൻപ് തകരാറിലായി. ഇപ്പോൾ പറവൂരിൽ നിന്ന് ആലുവയിലേക്കുള്ള സിഗ്നലിൽ ചുവപ്പും പച്ചയും ഒരുമിച്ചു തെളിയുകയാണ്. വാഹനങ്ങൾക്ക് ആശയക്കുഴപ്പമുണ്ടായതോടെ സിഗ്നൽ ഓഫ് ചെയ്തു. മലയാള മനോരമ ഏജന്റ് കെ.വി.സോമൻ അപകടത്തിൽ മരിച്ചതിനെത്തുടർന്നാണ് ട്രാഫിക് സിഗ്നൽ തെളിയിക്കാത്തതിനെതിരെ വിമർശനം ശക്തമായത്.  

രാത്രി ബ്ലിങ്കിങ് മോഡ് ഓൺ ചെയ്യാൻ കഴിയാത്തത് പല അപകടങ്ങൾക്കു കാരണമായി. വീതികുറഞ്ഞ കവല ഒരു ജംക്‌ഷനാണെന്ന് സ്ഥലപരിചയമില്ലാത്ത ഡ്രൈവർ‍മാർക്ക് തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടാകുന്നു. 10 വർഷത്തിലേറെ പഴക്കമുള്ള ട്രാഫിക് സിഗ്നൽ സംവിധാനമാണ് ചേന്ദമംഗലം കവലയിലുള്ളത്. പലതവണ അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും ശരിയായില്ല. പഴഞ്ചൻ സിഗ്നൽ മാറ്റി പുതിയതു സ്ഥാപിക്കാൻ അടിയന്തര നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണ്. അപകടങ്ങൾ തുടർന്നിട്ടും ട്രാഫിക് റഗുലേറ്ററി കമ്മിറ്റി വിളിച്ചു ചേർക്കാൻ നഗരസഭാധ്യക്ഷ തയാറാകുന്നില്ലെന്നു നഗരസഭ പ്രതിപക്ഷനേതാവ് ടി.വി.നിഥിൻ പറഞ്ഞു. ഒന്നര വർഷമായി ട്രാഫിക് റഗുലേറ്ററി കമ്മിറ്റി കൂടിയിട്ടില്ല. സിഗ്നൽ തകരാർ ഉടൻ പരിഹരിക്കുകയും ട്രാഫിക് റഗുലേറ്ററി കമ്മിറ്റി വിളിക്കുകയും ചെയ്തില്ലെങ്കിൽ സമരം ആരംഭിക്കുമെന്നും നിഥിൻ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com