ADVERTISEMENT

ഉദയംപേരൂർ ∙ വേനൽ കടുത്തതോടെ പഞ്ചായത്തിൽ കടുത്ത ശുദ്ധജല ക്ഷാമം. ആവശ്യത്തിനു ശുദ്ധജലം ലഭ്യമാക്കണം എന്നാവശ്യപ്പെട്ടു പ്രതിപക്ഷ അംഗങ്ങളും സ്വതന്ത്ര അംഗവും എറണാകുളം ജല അതോറിറ്റി ചീഫ് എൻജിനീയർ ഓഫിസിനു മുൻപിൽ അനിശ്ചിതകാല റിലേ സത്യഗ്രഹം ആരംഭിച്ചു. എംഎൽഎമാർ അടക്കമുള്ളവരുടെ നേതൃത്വത്തിൽ ഒട്ടേറെ ചർച്ചകൾ നടത്തിയിട്ടും നടപടി ഒന്നും ഇല്ലാതായതോടെയാണു പഞ്ചായത്ത് അംഗങ്ങൾ സമരം ആരംഭിച്ചത്. കക്കാട് പദ്ധതി വഴി ഒന്നിടവിട്ട ദിവസങ്ങളിൽ പഞ്ചായത്തിലേക്കു 35 ലക്ഷം ലീറ്റർ കുടിവെള്ളം ലഭ്യമാക്കണം എന്ന തീരുമാനം ഇതുവരെ നടപ്പായിട്ടില്ലെന്നു പഞ്ചായത്ത് അംഗങ്ങൾ ആരോപിക്കുന്നു. ഉദയംപേരൂർ പഞ്ചായത്തിലേക്കു ശുദ്ധജലം വിതരണം ചെയ്യുന്ന ദിവസം ജല അതോറിറ്റി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ മറ്റു പഞ്ചായത്തുകളിലേക്ക് ശുദ്ധജലം തിരിച്ച് വിടുന്ന പ്രവണത ഉണ്ട്. 

ഈ മോഷണം അവസാനിപ്പിക്കാനുള്ള നടപടി അധികൃതർ സ്വീകരിക്കണം എന്നു സമരക്കാർ ആവശ്യപ്പെട്ടു.  പഞ്ചായത്ത് യുഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് എം.പി. ഷൈമോൻ, യുഡിഎഫ് അംഗങ്ങളായ സ്മിത രാജേഷ്, നിമിൽ രാജ്, നിഷ ബാബു, ആനി അഗസ്റ്റിൻ, ബിനു ജോഷി, സ്വതന്ത്ര അംഗം എം.കെ. അനിൽകുമാർ എന്നിവരാണു സമരം ചെയ്യുന്നത്. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടി.വി. ഗോപി ദാസ്, മുൻ അംഗം സുനിൽ കുമാർ തുടങ്ങിയവരും ഇവർക്ക് പിന്തുണയായി എത്തിയിരുന്നു. പ്രശ്നം പരിഹരിക്കുന്നത് വരെ സമരം തുടരുമെന്ന് ഇവർ അറിയിച്ചു. ശുദ്ധജലം കിട്ടാതായതോടെ പഞ്ചായത്തിലെ പല സ്ഥലങ്ങളിലും നാട്ടുകാർ ദുരിതത്തിലാണ്. ഉദ്യോഗസ്ഥരുടെ പല ഉറപ്പുകളും പാലിക്കപ്പെടുന്നില്ല എന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു. 

ശുദ്ധജലം വരുന്നതും കാത്ത് പൈപ്പിൻ ചുവട്ടിൽ കുടങ്ങളും ബക്കറ്റുകളുമൊക്കെ വച്ചു പകലെന്നോ, രാത്രിയെന്നോ ഇല്ലാതെ കാത്തുനിൽക്കേണ്ട അവസ്ഥയാണെന്ന് വീട്ടമ്മമാർ അടക്കമുള്ളവർ പറയുന്നു. മാളെക്കാട് ഭാഗത്ത് 45 ദിവസത്തിനു മുകളിലായി ശുദ്ധജലം ലഭിച്ചിട്ട് എന്ന് പഞ്ചായത്ത് അംഗങ്ങൾ പറയുന്നു. മാങ്കായിക്കടവ്, കുറുപ്പശ്ശേരി തുടങ്ങിയ ഭാഗങ്ങളിൽ എല്ലാം ശുദ്ധജല ക്ഷാമം രൂക്ഷമാണ്. ജല അതോറിറ്റിയുടെ കക്കാട് ശുദ്ധജല പദ്ധതി വഴിയാണ് ഉദയംപേരൂർ പഞ്ചായത്തിന്റെ ഭൂരിഭാഗം പ്രദേശത്തും ശുദ്ധജലം എത്തിക്കുന്നത്. കുറെ ഭാഗത്തേക്കു ചൂണ്ടി ശുദ്ധജല പദ്ധതി വഴി വെള്ളം എത്തുന്നുണ്ട്. കക്കാട് പദ്ധതി വഴി എത്തുന്ന ഭാഗങ്ങളിലേക്കു ഒന്നിടവിട്ട ദിവസം  35 ലക്ഷം ലീറ്റർ ശുദ്ധജലമാണ് വേണ്ടത്. 25, 26 ലക്ഷം ലീറ്റർ വെള്ളം ആകുമ്പോൾ വെള്ളത്തിന്റെ വരവ് നിൽക്കും. ഇതോടെ പൈപ്പ് കണക്‌ഷന്റെ അവസാന ഭാഗങ്ങളിൽ ഒരു തുള്ളി പോലും വെള്ളം എത്തില്ല. ഇതാണ് ശുദ്ധജല ക്ഷാമത്തിനു പ്രധാന കാരണം. 

ധർണ ഇന്ന് 
രൂക്ഷമായ ശുദ്ധജല ക്ഷാമത്തിനു അടിയന്തിര പരിഹാരം കാണണം എന്നാവശ്യപ്പെട്ടും തീരദേശ മേഖലകളിൽ ടാങ്കർ ലോറികളിൽ ശുദ്ധജലം എത്തിക്കണമെന്നും ആവശ്യപ്പെട്ടു കോൺഗ്രസ് ഉദയംപേരൂർ സൗത്ത്, നോർത്ത് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ധർണ ഇന്ന്  10നു പഞ്ചായത്ത് ഓഫിസിനു മുൻപിൽ നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com