ADVERTISEMENT

കാക്കനാട്∙ ജില്ലയിൽ ലേണേഴ്സ് ടെസ്റ്റ് പാസായി ഡ്രൈവിങ് ടെസ്റ്റിനായി കാത്തു നിൽക്കുന്നത് ഒൻപതിനായിരത്തോളം പേർ. മുടങ്ങിക്കിടക്കുന്ന ഡ്രൈവിങ് ടെസ്റ്റ് സമീപ ദിവസങ്ങളിൽ പുനരാരംഭിച്ചാലും ഇവരിൽ മൂന്നിലൊരു ഭാഗം പേർക്കെങ്കിലും ഡ്രൈവിങ് ലൈസൻസെന്ന സ്വപ്നം പൂവണിയാൻ ഇനിയും മാസങ്ങൾ കാത്തുനിൽക്കേണ്ടി വരും. ഡ്രൈവിങ് ടെസ്റ്റ് നടക്കുന്നില്ലെങ്കിലും ആർടി ഓഫിസിൽ ലേണേഴ്സ് ടെസ്റ്റ് തുടരുന്നുണ്ട്. ലേണേഴ്സ് പാസായി പരിശീലനം പൂർത്തിയാക്കി ഡ്രൈവിങ് ടെസ്റ്റിന് അർഹത നേടുന്നവരുടെ എണ്ണം നിത്യേനെ കൂടി വരികയാണ്. 

എറണാകുളം ആർടി ഓഫിസിൽ മാത്രം ദിവസവും 80 പേരെ ലേണേഴ്സ് ടെസ്റ്റിനു വിധേയരാക്കുന്നുണ്ട്. ഇവരിൽ 70 ശതമാനം പേരെങ്കിലും പാസാകും. ജില്ലയിലെ മറ്റു സബ് ആർടി ഓഫിസുകളിൽ നിന്നും ഒട്ടേറെപ്പേർ നിത്യേന ലേണേഴ്സ് ടെസ്റ്റ് വിജയിക്കുന്നുണ്ട്. ഇത്രയും പേരെ ഡ്രൈവിങ് ടെസ്റ്റിന് വിധേയരാക്കാൻ സാധിക്കാതെ വരുന്നതോടെ ലേണേഴ്സ് പാസായാലും ഡ്രൈവിങ് ടെസ്റ്റിനു തീയതി കിട്ടാൻ വലിയ താമസമെടുക്കുമെന്നാണ് ആശങ്ക. ഉപരിപഠനവും ഉദ്യോഗവും മുൻനിർത്തി കേരളത്തിനും രാജ്യത്തിനും പുറത്തേക്ക് പോകാൻ കാത്തു നിൽക്കുന്ന ഒട്ടേറെ പേരെ ഡ്രൈവിങ് ടെസ്റ്റ് പ്രതിസന്ധി പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

പലരും ഡ്രൈവിങ് ലൈസൻസ് ഇല്ലാതെ തന്നെ യാത്ര തിരിച്ചു. ഇവിടെ നിന്നു ലഭിക്കുന്ന രാജ്യാന്തര ഡ്രൈവിങ് പെർമിറ്റ് പല വിദേശ രാജ്യങ്ങളിലും പ്രയോജനപ്പെടുന്നുണ്ട്.ഇവിടെ സാധാരണ ലൈസൻസുണ്ടെങ്കിലേ രാജ്യാന്തര ഡ്രൈവിങ് പെർമിറ്റിന് അപേക്ഷിക്കാനാകു. ഡ്രൈവിങ് ടെസ്റ്റ് മുടങ്ങിക്കിടക്കുന്നതിനാൽ ലൈസൻസ് എടുത്ത ശേഷം രാജ്യാന്തര ഡ്രൈവിങ് പെർമിറ്റിന് അപേക്ഷിക്കാനാകാത്ത സ്ഥിതിയാണ്. 

ലേണേഴ്സ് ടെസ്റ്റ് എണ്ണം കുറയ്ക്കും
ഡ്രൈവിങ് ടെസ്റ്റിനുള്ള പരീക്ഷാർഥികളുടെ എണ്ണം വെട്ടിക്കുറച്ചതോടെ ലേണേഴ്സ് ടെസ്റ്റിനുള്ള അപേക്ഷകരുടെ എണ്ണവും കുറയ്ക്കാൻ ഗതാഗത വകുപ്പ് നടപടി തുടങ്ങി. ലേണേഴ്സ് ടെസ്റ്റിനു വിധേയരാക്കുന്നവരുടെ എണ്ണം നിലവിലുള്ളതിന്റെ പകുതിയാക്കാനാണ് നീക്കം. ലേണേഴ്സ് പരീക്ഷ പാസായി ഡ്രൈവിങ് ടെസ്റ്റിന് അർഹത നേടുന്നവരുടെ എണ്ണം കുറയ്ക്കുകയാണ് ലക്ഷ്യം.

ഈയാഴ്ച തന്നെ ലേണേഴ്സ് പരീക്ഷാർഥികളുടെ എണ്ണം കുറയ്ക്കൽ പ്രാബല്യത്തിലാകുമെന്നാണ് സൂചന. നിത്യേന ഡ്രൈവിങ് ടെസ്റ്റിന് ഹാജരാകുന്നവരുടെ എണ്ണത്തിനനുസരിച്ചു മതി ലേണേഴ്സ് പാസാകുന്നവരുടെ എണ്ണമെന്നതാണ് പുതിയ നിബന്ധന. ഇതു പ്രാബല്യത്തിലാകുന്നതോടെ ഡ്രൈവിങ് പഠിക്കാനൊരുങ്ങുന്നവരും പ്രതിസന്ധിയിലാകും. ലേണേഴ്സ് ലഭിച്ചാലെ ഡ്രൈവിങ് പഠനം തുടങ്ങാനാകു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com