ADVERTISEMENT

കൊച്ചി ∙ രണ്ടര പതിറ്റാണ്ടായി കാര്യമായി ഉപയോഗിക്കാതെ കിടക്കുന്ന സുഭാഷ് ചന്ദ്രബോസ് റോഡിലൂടെ ബസ് റൂട്ട് തുടങ്ങാം, റോഡ് അതേ വീതിയിൽ വൈറ്റിലവരെ എത്തിക്കാം – ആകെ വേണ്ടത് 16 സെന്റ് സ്ഥലം.സഹോദരൻ അയ്യപ്പൻ റോഡിന് സമാന്തര റോഡാണ് സുഭാഷ് ചന്ദ്രബോസ് റോഡ്. പക്ഷേ ഇതുവരെ പൂർണ തോതിൽ ഉപയോഗപ്പെടുത്താനായിട്ടില്ല. ഫുട്പാത് ഉൾപ്പെടെ 15 മീറ്റർ വീതിയുള്ള റോഡ് 4 മീറ്റർ സർവീസ് റോഡിലേക്കാണു തിരിയുന്നത് എന്നതാണു കാരണം. കലൂർ – കടവന്ത്ര റോഡിൽ നിന്നാരംഭിക്കുന്ന സുഭാഷ് ചന്ദ്രബോസ് റോഡ് പൊന്നുരുന്നി പാലത്തിനു കീഴെ അവസാനിക്കുന്നു. കെഎസ്ആർടിസി ഇതുവഴി സർവീസ് തുടങ്ങിയെങ്കിലും റോഡ് തിരിയുന്ന പൊന്നുരുന്നി ഭാഗത്ത് ബസ് തിരിയാതെ വന്നതോടെ ഉപേക്ഷിച്ചു.

പൊന്നുരുന്നിയിൽ നിന്നു വലത്തോട്ടു തിരിഞ്ഞ്, ശ്രീനാരായണേശ്വരം അമ്പലത്തിനു സമീപത്തുകൂടെ ദേശീയപാതയുടെ അടിപ്പാത കടന്നാണു വൈറ്റില ജംക്‌ഷനിലേക്കു ഇപ്പോൾ വാഹനങ്ങൾ പോകുന്നത്. ഇതിനൊരു പരിഹാരമാണു പുതിയ നിർദേശം. സൂഭാഷ് ചന്ദ്രബോസ് റോഡ് അവസാനിക്കുന്ന ഭാഗത്തുനിന്നു പൊന്നുരുന്നി മേൽപാലത്തിന് അടിയിലൂടെ റോഡ് മുന്നോട്ടു പോവാൻ , 180 മീറ്റർ നീളത്തിൽ 3 ഉടമകളിൽ നിന്നായി 16 സെന്റ് സ്ഥലം ഏറ്റെടുക്കണം. നിലവിലെ റിഫൈനറി റോഡും ഏറ്റെടുക്കുന്ന സ്ഥലം ഉപയോഗിച്ച് 15 മീറ്റർ വീതിയിൽ തന്നെ റോഡ് നിർമിക്കാം. ഇതിനു ശേഷം വലത്തോട്ടു തിരിഞ്ഞാൽ പൊതുമരാമത്തു വകുപ്പിന്റെയും ദേശീയപാത അതോറിറ്റിയുടെയും സ്ഥലമാണ്. 

ദേശീയപാതയുടെ സർവീസ് റോഡിലേക്ക് ഇതുവഴി പ്രവേശിക്കാം. അങ്ങനെ 15 മീറ്റർ റോഡിന്റെ തുടർച്ചയായി വൈറ്റില ജംക്‌ഷൻ വരെ അതേ വീതിയിൽ റോഡു ലഭിക്കും. എസ്എ റോഡു പോലെ , സുഭാഷ് ചന്ദ്രബോസ് റോഡ് വഴിയും ഇരുഭാഗത്തേക്കും ബസ് സർവീസ് ആരംഭിക്കാം.പി. ടി. തോമസ് എംഎൽഎയുടെയും മുൻ ഡപ്യൂട്ടി മേയർ സി. കെ. മണിശങ്കറിന്റെയും നേതൃത്വത്തിൽ റോഡിന്റെ ഇൗ ഭാഗം നിർമിക്കാനുള്ള നീക്കം സജീവമായി വന്നതാണ്. കോവിഡ് പ്രതിസന്ധിയിൽ എല്ലാം നിലച്ചു. 

എളംകുളം, കുമാരനാശാൻ നഗർ, ചെട്ടിച്ചിറ, പൊന്നുരുന്നി നിവാസികളുടെ യാത്രാ ദുരിതത്തിനു പരിഹാരമാകുന്ന റോഡ് ഉടൻ നിർമിക്കണമെന്നാവശ്യപ്പെട്ടു കോൺഗ്രസ് വൈറ്റില മണ്ഡലം മുൻ പ്രസിഡന്റ് എം. എക്സ്. സെബാസ്റ്റ്യനും മുഖ്യമന്ത്രിക്കും മേയർക്കും നിവേദനം നൽകിയിട്ടുണ്ട്. കോൺവന്റ് റോഡ് എന്നപേരിലുണ്ടായിരുന്ന റോഡ് ബസ് ഗതാഗതത്തിന് ഉപകരിക്കുന്ന വിധം വികസിപ്പിക്കാൻ ജിസിഡിഎ ചെയർമാൻ കെ. ബാലചന്ദ്രൻ, മേയർ കെ. കെ. സോമസുന്ദരപ്പണിക്കർ, ഡപ്യൂട്ടി മേയർ സി. കെ. മണിശങ്കർ എന്നിവരുടെ നേതൃത്വത്തിൽ ആരംഭിച്ച ശ്രമങ്ങൾ 6 വർഷത്തിനു ശേഷമാണു പൂർത്തിയായത്. 
75 % സ്ഥലവും നാട്ടുകാർ സൗജന്യമായാണു വിട്ടുനൽകിയത്. റോഡ് പൂർത്തിയായെങ്കിലും പൊന്നുരുന്നിയിൽ മേൽപാലം വന്നപ്പോൾ റോഡിന്റെ ഉപയോഗം ഇല്ലാതായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com