ADVERTISEMENT

കൊച്ചി ∙ വേണാട് എക്സ്പ്രസ് എറണാകുളം സൗത്ത് (ജംക്‌ഷൻ) റെയിൽവേ സ്റ്റേഷൻ ഒഴിവാക്കി ഓടിത്തുടങ്ങി രണ്ടാഴ്ച പിന്നിട്ടതോടെ യാത്രാദുരിതം ചൂണ്ടിക്കാട്ടി യാത്രികർ. ബദൽ യാത്രാമാർഗം ഒരുക്കാതെ റെയിൽവേ അധികൃതർ മിണ്ടാതിരിക്കുന്നതായി യാത്രക്കാർ പറയുന്നു. സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായി സൗത്ത് സ്റ്റേഷനിലെ പ്ലാറ്റ്ഫോമുകളിൽ ജോലി നടത്തേണ്ടതിനാലാണു വേണാട് നോർത്ത് വഴിയാക്കിയത്. സൗത്ത് ഒഴിവാക്കി നോർത്ത് വഴി വേണാട് സർവീസ് നടത്തുമ്പോൾ കോട്ടയം വഴി സൗത്ത് സ്റ്റേഷനിലേക്കു മെമു സർവീസ് വേണമെന്നതു മുൻപേയുള്ള ആവശ്യമാണ്. പാലരുവി എക്സ്പ്രസ് രാവിലെ 7നു കോട്ടയം സ്റ്റേഷൻ വിടും. 8.30ന് ആണു വേണാട് കോട്ടയത്ത് എത്തുക. 

ഈ സമയത്തിനിടയ്ക്ക് മെമു ഓടിക്കണമെന്നാണ് ആവശ്യം. ഇതോടൊപ്പം, പാലരുവിയിലെ കോച്ചുകൾ കൂട്ടുകയും വേണം. 14 കോച്ചുകളാണു പാലരുവിക്ക്. ഇത് 18 ആക്കണമെന്നാണ് ആവശ്യം. രാവിലെ കായംകുളം-കോട്ടയം-എറണാകുളം റൂട്ടിൽ യാത്രാത്തിരക്കേറെയാണ്. തൃപ്പൂണിത്തുറയിൽ നിന്നു നോർത്ത് സ്റ്റേഷനിലേക്കു വേണാട് നേരിട്ടു കടന്നതോടെ തൃപ്പൂണിത്തുറ സ്റ്റേഷനിൽ യാത്രക്കാരുടെ തിരക്കേറി. തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനിൽ നിന്നു മെട്രോ സ്റ്റേഷനിലേക്കുള്ള ദൂരം ഏകദേശം 100 മീറ്ററാണ്. 

തൃപ്പൂണിത്തുറയിൽ യാത്രക്കാർക്കു മെട്രോ സ്റ്റേഷനിലേക്കു വേഗമെത്താൻ സ്കൈവോക് സൗകര്യം ആവശ്യമാണ്. മെട്രോ ട്രെയിനുകൾ തമ്മിലുള്ള 7 മിനിറ്റിന്റെ ഇടവേള തിരക്കേറെയുള്ള സമയങ്ങളിൽ കുറയ്ക്കണമെന്നും ചൂണ്ടിക്കാട്ടുന്നു. തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമുകളിൽ മുഴുനീളത്തിൽ മേൽക്കൂരയില്ലാത്തതിനാൽ യാത്രക്കാർ അങ്ങനെയും ബുദ്ധിമുട്ടുന്നുണ്ട്. 

അപകടച്ചാട്ടം 
നോർത്ത് സ്റ്റേഷനിലേക്കു കടക്കുന്നതിനു മുൻപുള്ള വേണാടിന്റെ വേഗനിയന്ത്രണ സമയത്തു യാത്രക്കാർ പലരും ട്രെയിനിൽ നിന്നു ചാടിയിറങ്ങുന്നുണ്ട്. ഇങ്ങനെ ഇറങ്ങുന്നതു മൂലമുള്ള അപകടങ്ങളുമേറി. സൗത്ത് ഭാഗത്തെ ഓഫിസുകളിലും ജോലിസ്ഥലങ്ങളിലും സമയത്തിനെത്താനാണു ചാടിയിറങ്ങേണ്ടി വരുന്നതെന്നു യാത്രക്കാർ പറയുന്നു. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപെട്ട റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്സ് (ആർപിഎഫ്) നടപടി തുടങ്ങി. ട്രെയിനിൽ നിന്നു ചാടിയിറങ്ങുന്നതും അപകടകരമായി യാത്ര ചെയ്യുന്നതും കുറ്റകരമാണെന്നു ചൂണ്ടിക്കാട്ടി 16 പേർക്കെതിരെ ഇന്നലെ നടപടിയെടുത്തു. ഇത്തരം യാത്ര തടയാൻ ആർപിഎഫ് സ്പെഷൽ ഡ്രൈവ് തുടരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com