ADVERTISEMENT

നീലേശ്വരം∙ചരിത്രത്തോടൊപ്പം 61 വർഷം നിലനിന്നിരുന്ന പാലം  ഇനി ഓർമയിലേക്ക്. കാര്യങ്കോട് പുഴയ്ക്ക് കുറുകെ വരുന്ന പുതിയ പാലം ജൂൺ ആദ്യ വാരത്തോടെ ഗതാഗതത്തിന് തുറന്ന് കൊടുക്കാൻ തയാറെടുക്കവെ പഴയ പാലം പൊളിച്ച് മാറ്റുന്ന നടപടിക്കും തുടക്കമാകും. 1963 ഏപ്രിൽ 17ന് അന്നത്തെ മുഖ്യമന്ത്രി ആർ.ശങ്കർ ഉദ്ഘാടനം ചെയ്ത പാലമാണ് പൊളിച്ചുമാറ്റാൻ ഒരുങ്ങുന്നത്. കാലപ്പഴക്കത്തിന്റെ പോരായ്മകൾ ഉണ്ടെങ്കിലും ഇന്നും കെട്ടുറപ്പോടെ നിൽക്കുന്ന പാലമാണിത്. ദേശീയ പാത വികസനത്തിന്റെ ഭാഗമായി നിർമിച്ച പുതിയ പാലം ജൂൺ ആദ്യ വാരത്തോടെ തുറന്ന് കൊടുക്കാനുള്ള നടപടികളാണ് ഇപ്പോൾ നടക്കുന്നത്. 302 മീറ്റർ നീളവും 16 മീറ്റർ വീതിയുള്ള പാലമാണ് ഇപ്പോൾ പൂർത്തീകരിച്ച് കൊണ്ടിരിക്കുന്നത്. ഈ പാലത്തിലൂടെ വാഹനങ്ങൾ കടത്തി വിടുന്നതോടെ പഴയ പാലം പൊളിച്ച് മാറ്റും.  ഇതോടൊപ്പം പാലത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് രണ്ടാമത്തെ പാലത്തിന്റെ നിർമാണത്തിന് തുടക്കം കുറിക്കും. 

അതെ സമയം പഴയ പാലം പൊളിച്ച് മാറ്റുന്നതോടെ പോയ കാലത്തെ ഗ്രാമ ജീവിതത്തിന്റെ അടയാളമാണ് ഇല്ലാതാവുന്നത്. വർഷങ്ങൾക്ക് മുൻപ് പാലം ഇല്ലാതിരുന്ന വേളയിൽ കണ്ണൂരിൽ നിന്ന് വരുന്ന വാഹനങ്ങൾ യാത്ര അവസാനിപ്പിച്ചിരുന്നത് കാര്യങ്കോട് പുഴയുടെ തീരത്തായിരുന്നു. തുടർന്ന് യാത്രക്കാർ ചങ്ങാടത്തിലൂടെ മറുകരയിലേക്ക് പോയി അവിടെ നിന്ന് വാഹനങ്ങളിൽ കയറി  ലക്ഷ്യ സ്ഥാനത്തേക്ക് എത്തുകയായിരുന്നു പതിവ്. അക്കാലത്ത് കണ്ണൂരിൽ നിന്ന് രണ്ട് ബസുകളാണ് കാര്യങ്കോട് പുഴയുടെ തീരത്തേക്ക് സർവീസ് നടത്തിയിരുന്നത്. അശോക, ആനന്ദ കൃഷ്ണൻ എന്നീ ബസുകളായിരുന്നു അത്. വർഷങ്ങൾക്ക് മുൻപ് ലീഡർ കെ.കരുണാകരൻ ആഭ്യന്തര മന്ത്രിയായിരുന്ന സമയത്ത് ഈ പാലത്തിന്റെ താഴെ ഇറങ്ങി കയ്യൂരിലേക്ക് ബോട്ടിൽ സഞ്ചരിച്ചതും ചരിത്രം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com