ADVERTISEMENT

ബോവിക്കാനം∙വോൾട്ടേജ് കമ്മി രൂക്ഷമായതോടെ ജലഅതോറിറ്റിയുടെ ബാവിക്കര പമ്പിങ് സ്റ്റേഷനിൽ പമ്പിങ് മുടങ്ങുന്നതു പതിവാകുന്നു. ഇന്നലെ രാവിലെ ഒരു മണിക്കൂറിലേറെ തടസ്സപ്പെട്ടു. കഴിഞ്ഞ 4–5 ദിവസമായി വോൾട്ടേജ് വ്യതിയാനം തുടരുകയാണ്. ചെർക്കള മുതൽ നുസ്രത്ത് നഗറിലെ ശുദ്ധീകരണ നിലയം വരെയുള്ള ഭൂഗർഭ കേബിൾ തകരാറിലായതാണു പ്രധാന കാരണം. വിദ്യാനഗറിലെ സബ്സ്റ്റേഷനിൽ നിന്നു ബാവിക്കര പമ്പിങ് സ്റ്റേഷനിലേക്കു കിഫ്ബി പദ്ധതിയിൽ സ്ഥാപിക്കുന്ന ഭൂഗർഭ കേബിളിന്റെ പണി ചെർക്കള ഭാഗത്ത് 500 മീറ്ററോളം പൂർത്തിയാകാനുണ്ട്. ദേശീയപാതയുടെ പണി പൂർത്തിയാകാത്തതാണു തടസ്സമായി നിൽക്കുന്നത്. പ്രശ്നത്തിന് ഉടൻ പരിഹാരം കാണണമെന്ന് എൻ.എ.നെല്ലിക്കുന്ന് എംഎൽഎ ആവശ്യപ്പെട്ടു. പ്രശ്നം ജലവിഭവ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ശ്രദ്ധയിൽ പെടുത്തിയെന്നും എംഎൽഎ പറഞ്ഞു. 

അതുകൊണ്ടു കാനത്തൂർ ഫീഡറുമായി ബന്ധിപ്പിച്ചു ചെർക്കള മുതൽ ബാവിക്കര വരെയുള്ള കേബിൾ ഒരു മാസം മുൻപു കമ്മിഷൻ ചെയ്തിരുന്നു. ഇതു തകരാറിലായതിനാൽ ബോവിക്കാനം ഫീഡറിൽ നിന്നാണു ഇപ്പോൾ ജലഅതോറിറ്റിക്കു വൈദ്യുതി നൽകുന്നത്.പമ്പിങ് സ്റ്റേഷനും ശുദ്ധീകരണ നിലയവും പ്രവർത്തിക്കണമെങ്കിൽ 10 കെവി വൈദ്യുതി ആവശ്യമുണ്ട്. എന്നാൽ ചില സമയങ്ങളിൽ 8–9 കെവി മാത്രമേ ഉണ്ടാകാറുള്ളൂ. തകരാറിലായ കേബിൾ ഇന്നലെ നന്നാക്കുമെന്ന് കലക്ടർ അറിയിച്ചിരുന്നെങ്കിലും ഇന്നു മാത്രമേ തൊഴിലാളികൾ എത്തൂ എന്നാണു വിവരം.

350 കുതിരശക്തിയുടെ മോട്ടർ 24 മണിക്കൂറും പ്രവർത്തിപ്പിച്ചാണു കാസർകോട് നഗരത്തിലേക്കും സമീപ പഞ്ചായത്തുകളിലേക്കും ആവശ്യമായ വെള്ളം ജലഅതോറിറ്റി കണ്ടെത്തുന്നത്. പമ്പിങ് തടസ്സപ്പെട്ടാൽ ജലവിതരണവും മുടങ്ങും. വേനൽ കടുത്തതോടെ വെള്ളത്തിന്റെ ഉപയോഗവും വർധിച്ചു. 10–12 ദശലക്ഷം ലീറ്റർ വെള്ളമാണ് പ്രതിദിന ആവശ്യം. 

പമ്പിങ് നടക്കുന്ന സമയങ്ങളിൽ മാത്രമേ ടാങ്കർ ലോറികളിലേക്കു വെള്ളം നൽകാനാവൂ. നിരവധി തദ്ദേശ സ്ഥാപനങ്ങൾ ടാങ്കർ ലോറികളിൽ വിതരണം ചെയ്യാനുള്ള വെള്ളം എടുക്കുന്നത് ഇവിടെ നിന്നാണ്. പമ്പിങ് ലൈനുമായാണ് ടാങ്കർ ലോറികളിലേക്കു വെള്ളം നൽകാനുള്ള വാൽവ് ബന്ധിപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് ടാങ്കർ ലോറിക്കാർ വെള്ളത്തിനായി മണിക്കൂറുകൾ കാത്തുനിൽക്കേണ്ടി വരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com