ADVERTISEMENT

ചെർക്കള∙ ദേശീയപാതാ നിർമാണം നടക്കുന്ന ചെർക്കളയിൽ മണ്ണിടിച്ചിൽ ഭീതിയിൽ കഴിഞ്ഞിരുന്ന കുടുംബത്തിലെ വയോധികനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ചെർക്കള പുലിക്കുണ്ടിലെ എം.കേളു മണിയാണി(75)യെയാണ് ബുധനാഴ്ച വൈകിട്ട് 4.15ന് വീടിനു സമീപം തൂങ്ങിമരിച്ച നിലയിൽ ബന്ധുക്കൾ കണ്ടത്. ദേശീയപാതയുടെ പണിക്കിടെ മണ്ണുവീണ് വീടും പുരയിടവും നഷ്ടപ്പെടുമോയെന്ന മനോവിഷമം മൂലമാണ് കേളു ജീവനൊടുക്കിയതെന്നു ബന്ധുക്കൾ ആരോപിച്ചു. കുടുംബാംഗങ്ങൾ കാസർകോട് ചൗക്കിയിലുള്ള ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയപ്പോളാണ് സംഭവം.

ദേശീയപാതയുടെ നവീകരണ ജോലിക്കിടെ ഒന്നര മാസം മുൻപ് മണ്ണുവീണ് ഇദ്ദേഹത്തിന്റെ കിണർ നശിച്ചിരുന്നു. മുകൾഭാഗത്തു പണിയെടുക്കുമ്പോൾ മണ്ണ് നിരങ്ങി താഴ്‌വാരത്തുള്ള കിണറിലേക്കു വീഴുകയായിരുന്നു. കിണർ നന്നാക്കിത്തരണമെന്നാവശ്യപ്പെട്ടു കലക്ടറെ നേരിൽ കണ്ടു ഒരു മാസം മുൻപു നിവേദനം നൽകിയിരുന്നു. കുടിക്കാനുള്ള വെള്ളം അയൽവീടുകളിൽ നിന്നു കിട്ടുന്നുണ്ടെങ്കിലും വീട്ടാവശ്യത്തിനുള്ള വെള്ളം ടാങ്കർ ലോറികളിൽ നിന്നു വിലകൊടുത്തു വാങ്ങുകയാണ് ചെയ്യുന്നത്.

45 വർഷമായി കേളു മണിയാണിയും കുടുംബവും പുലിക്കുണ്ടിലെ ഈ സ്ഥലത്താണ് താമസിക്കുന്നതെങ്കിലും ഇതുവരെ പട്ടയം ലഭിച്ചിട്ടില്ല. 15 സെന്റ് സ്ഥലമാണ് കൈവശമുള്ളത്. ഈ സ്ഥലത്തിനു മുകളിലാണ് നേരത്തെ ദേശീയപാതയുടെ അലൈൻമെന്റ് അടയാളപ്പെടുത്തിയിരുന്നത്. എന്നാൽ വീടിന്റെ ഒരു ഭാഗം കൂടി റോഡിനായി വിട്ടുനൽകേണ്ടി വരുമെന്നാണ് അറിഞ്ഞതിനു ശേഷം കേളു വലിയ മാനസിക സമ്മർദത്തിലായിരുന്നെന്നു ബന്ധുക്കൾ പറഞ്ഞു.

ഭൂമിക്കു പട്ടയം ഇല്ലാത്തതിനാൽ നഷ്ടപരിഹാരത്തിനും സാധ്യതയില്ല. സ്വകാര്യ ബസ് ഡ്രൈവറായ മകൻ അശോകനു കിട്ടുന്ന വരുമാനം മാത്രമാണ് കുടുംബത്തിന്റെ ആകെയുള്ള ആശ്രയം. ‌ഭാര്യ: ശങ്കരി. മറ്റുമക്കൾ:ഉഷ, ആശ. മരുമക്കൾ:വി.എൻ.സാവിത്രി, മധുസൂദനൻ, കുഞ്ഞിക്കണ്ണൻ. സഹോദരങ്ങൾ: എം.ഗോപാലൻ മണിയാണി ഇരിയണ്ണി, നാരായണി, പരേതയായ ലക്ഷ്മി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com