ADVERTISEMENT

കാസർകോട്∙ ജില്ലയിൽ വേനൽ ചൂട് വർധിക്കുന്ന സാഹചര്യത്തിൽ സൂര്യതാപം കൊണ്ടുള്ള ആരോഗ്യ പ്രശ്നങ്ങളും പ്രതിരോധ മാർഗങ്ങളും സംബന്ധിച്ച് പൊതുജനങ്ങൾ ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. എ വി രാംദാസ് അറിയിച്ചു.

ഹീറ്റ് റാഷ് 
ചൂടുകാലത്ത് കൂടുതലായി ഉണ്ടാകുന്ന വിയർപ്പു മൂലം ശരീരം ചൊറിഞ്ഞ് തിണർക്കുന്ന അവസ്ഥയാണ് ഹീറ്റ് റാഷ്. ഏറ്റവും കൂടുതൽ കുട്ടികളെ ബാധിക്കുന്ന ഹീറ്റ് റാഷ് തടയുന്നതിന് തിണർപ്പ് ബാധിച്ച ശരീര ഭാഗങ്ങൾ എപ്പോഴും ഈർപ്പരഹിതമായി സൂക്ഷിക്കുക. ഏത് സാഹചര്യങ്ങളിലും ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടില്ലെങ്കിൽ ഡോക്ടറെ കണ്ട് ചികിത്സ തേടണം. ഓയിന്റ്‌മെന്റ്, ലോഷൻ, ക്രീം, പൗഡർ എന്നിവ ഉപയോഗിക്കരുത്.‌

∙സൂര്യാഘാതമോ താപ ശരീര ശോഷണമോ ഉണ്ടാകുമ്പോൾ അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങൾ
∙ സൂര്യാഘാതമേറ്റതായി സംശയം തോന്നിയാൽ തണുത്ത സ്ഥലത്തേക്ക് മാറ്റുക
∙തണുത്ത വെള്ളം ശരീരത്തിൽ ഒഴിക്കുക, ഫാൻ, എസി എന്നിവയുടെ സഹായത്താൽ ശരീരം തണുപ്പിക്കുക.
∙എത്രയും പെട്ടെന്ന് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ച് ചികിത്സ ഉറപ്പുവരുത്തുക.

ലക്ഷണങ്ങൾ
∙ ഉയർന്ന ശരീര താപനില (104ഡിഗ്രി)
∙വറ്റിവരണ്ട ചുവന്ന് ചൂടായ ശരീരം    
∙മാനസികാവസ്ഥയിലുള്ള മാറ്റങ്ങൾ, പരസ്പര ബന്ധമില്ലാത്ത സംസാരം
∙ശക്തമായ തലവേദന, തലകറക്കം
∙മന്ദഗതിയിലുള്ള നാഡിമിടിപ്പ്
∙ അബോധാവസ്ഥ
വെയിലത്തു ജോലി ചെയ്യുകയോ, വെയിലേൽക്കുകയോ ചെയ്യുന്നവരിൽ ഇത്തരം ലക്ഷണങ്ങൾ കണ്ടെത്തിയാൽ ഉടനെ ഡോക്ടറുടെ സേവനം ലഭ്യമാക്കേണ്ടതാണ്

പ്രത്യേകം ശ്രദ്ധ വേണ്ടവർ
∙ 65 വയസ്സിനു മുകളിൽ പ്രായമുള്ള മുതിർന്ന പൗരന്മാർ
∙ 4 വയസ്സിനു താഴെ പ്രായമുള്ള കുഞ്ഞുങ്ങൾ
∙ പ്രമേഹം, വൃക്ക രോഗങ്ങൾ, ഹൃദ്രോഗം പോലുള്ള രോഗമുള്ളവർ
∙ വെയിലത്ത് ജോലി ചെയ്യുന്നവർ
∙ പോഷകാഹാര കുറവുള്ളവർ
∙ തെരുവുകളിലും തുറസ്സായ സ്ഥലങ്ങളിലും താൽകാലിക പാർപ്പിടങ്ങളിലും താമസിക്കുന്ന അഗതികൾ.
∙ കൂടുതൽ സമയവും പുറത്ത് ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികൾസൂര്യതാപമേറ്റുള്ള 

താപ ശരീരശോഷണം 
സൂര്യാഘാതത്തെക്കാൾ കുറച്ച് കാഠിന്യം കുറഞ്ഞ അവസ്ഥയാണ് താപശരീര ശോഷണം. കനത്ത ചൂടിനെ തുടർന്ന് ശരീരത്തിൽ നിന്ന് ധാരാളം ജലവും ലവണവും വിയർപ്പിലൂടെ നഷ്ടപ്പെട്ടതിനെ തുടർന്നുണ്ടാകുന്ന അവസ്ഥയാണിത്. ക്ഷീണം, തലകറക്കം, തലവേദന, പേശിവലിവ്, ഓക്കാനവും ഛർദിയും, അസാധാരണമായ വിയർപ്പ്, കഠിനമായ ദാഹം എന്നിവയാണ് ലക്ഷണങ്ങൾ. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ താപ ശരീര ശോഷണം സൂര്യാഘാതത്തിന്റെ അവസ്ഥയിലേക്ക് മാറിയേക്കാം.

പ്രതിരോധ മാർഗങ്ങൾ
 ∙ദാഹം തോന്നിയില്ലെങ്കിൽ പോലും ധാരാളം വെള്ളം കുടിക്കുക.
∙ വെയിലത്ത് ജോലി ചെയ്യുന്നവർ ഉച്ചയ്ക്ക് 11 മണി മുതൽ മൂന്ന് മണി വരെയുള്ള സമയം വിശ്രമവേളയായി പരിഗണിച്ച് ജോലി സമയം ക്രമീകരിക്കുക.
 ∙കുട്ടികളെ ഒരു കാരണവശാലും വെയിലത്ത് കളിക്കാൻ അനുവദിക്കരുത്.
 ∙വീടിന്റെ വാതിലുകളും ജനലുകളും തുറന്നിട്ട് കാറ്റ് കടക്കാൻ അനുവദിക്കുക.
∙ കട്ടി കുറഞ്ഞതും വെളുത്തതോ ഇളം നിറത്തിലുള്ളതോ ആയ വസ്ത്രങ്ങൾ ധരിക്കുക.
∙വെയിലത്ത് പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ കുട്ടികളെ ഇരുത്തി പോകരുത്.
∙വിയർപ്പിലൂടെ ജലവും ലവണങ്ങളും നഷ്ടപ്പെടാൻ സാധ്യതയുള്ളതിനാൽ, ഒആർഎസ് ലായനി, കരിക്കിൻ വെള്ളം, ഉപ്പിട്ട കഞ്ഞിവെള്ളം, പഞ്ചസാര ഉപ്പ്‌ചേർത്ത പാനീയങ്ങൾ എന്നിവ കുടിക്കുക. ∙ സൂര്യാഘാതം മൂലം കുഴഞ്ഞു വീണാൽ അടിയന്തിര ചികിത്സ നൽകേണ്ടതാണ്.

എന്താണ് സൂര്യാഘാതം?
അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയർന്നാൽ മനുഷ്യ ശരീരത്തിലെ താപനില നിയന്ത്രണ സംവിധാനങ്ങൾ തകരാറിലാവുകയും  വിയർപ്പ്, ശ്വാസം എന്നിവയിലൂടെ ശരീരതാപം കുറക്കുന്നതിനു സാധിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് സൂര്യാഘാതം. സൂര്യാഘാതം സംഭവിച്ച ഒരാളുടെ ശരീരത്തിന്റെ  താപനില 41 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുകയും താപ നിയന്ത്രണം നഷ്ട്ടപ്പെടുകയും തലച്ചോർ, ഹൃദയം രക്തധമനികൾ, വൃക്ക മുതലായ അവയവങ്ങൾ നിമിഷങ്ങൾക്കുള്ളിൽ തകരാറിലാവുകയും ചെയ്യും. സൂര്യാഘാതം സംഭവിച്ച് എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിച്ചില്ലെങ്കിൽ മരണം സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com