ADVERTISEMENT

കാറഡുക്ക∙ ‌ചൂടിൽ വെന്തുരുകുമ്പോൾ, എവിടെയെങ്കിലും വെള്ളക്കെട്ടു കണ്ടാൽ അതിലിറങ്ങാൻ കൊതിക്കാത്തവരുണ്ടാകില്ല. പയസ്വിനിപ്പുഴ ആൾക്കാരെ മോഹിപ്പിക്കുന്നതും അങ്ങനെ തന്നെ.പുറമേക്കു ശാന്തമെന്നു തോന്നിപ്പിക്കുമെങ്കിലും വേനൽക്കാലങ്ങളിൽ ഈ കയങ്ങൾ ദുരന്തക്കെണിയായി മാറുന്ന കാഴ്ചയാണ് അടുത്ത കാലങ്ങളിൽ.

അബ്ദുൽ ഇല്യാസ്
അബ്ദുൽ ഇല്യാസ്

ഈ പട്ടികയിൽ ഏറ്റവും ഒടുവിലത്തെ ഇരയാണ് കഴിഞ്ഞ ദിവസം മരണപ്പെട്ട മഞ്ഞംപാറ പടിയത്തടുക്ക എരിക്കളയിലെ അബ്ദുൽ ഇല്യാസ് എന്ന 31കാരൻ. മേപ്പുങ്കാൽ കയത്തിൽ കുളിക്കുന്നതിനിടയിലാണ് അപകടം. മേപ്പുങ്കാലിൽ സഹോദരൻ അടുത്ത കാലത്തായി വാങ്ങിയ വീട്ടിൽ താമസിക്കാനെത്തിയതായിരുന്നു ഇല്യാസ്.

4 ആൾ പൊക്കത്തിൽ കയത്തിൽ വെള്ളം ഉള്ളതായി മൃതദേഹം തിരച്ചിൽ നടത്തിയ അഗ്നിരക്ഷാ സേന ജീവനക്കാർ പറയുന്നു. കയത്തിന്റെ അരികിലെ പാറക്കൂട്ടങ്ങളിലെ വഴുതലും അടിയിലെ ചെളിയുമൊക്കെ അപകടം ഉണ്ടാക്കുന്നതാണ്. ഇതറിയാതെ കയങ്ങളിലേക്കു കുളിക്കാനിറങ്ങിയാൽ അപകടം ഉറപ്പാണ്. 

കഴിഞ്ഞ വേനൽക്കാലത്ത് ദേലംപാടി കുയിത്തൽ കയത്തിൽ 2 കുട്ടികൾ മുങ്ങി മരിച്ചതും കടുമനയിൽ 3 പേർ മരിച്ചതും ഉൾപ്പടെ സമീപകാലത്ത് നിരവധി ജീവനുകളാണ് പയസ്വിനിയിലെ കയങ്ങളിൽ പൊലിഞ്ഞത്. ചെറിയ രീതിയിൽ നീന്തൽ അറിയുന്നവർ പോലും ഈ കയങ്ങളിലിറങ്ങിയാൽ പെട്ടു പോകും. ഇതിന്റെ ആഴം തന്നെ പ്രശ്നം.

കഠിനമായ വേനലിൽ പോലും വറ്റാത്തവയാണിത്. അതുകൊണ്ടു തന്നെ ആർക്കും ഇവയുടെ ആഴം അറിയില്ല. ഏറ്റവും വലിയ കയങ്ങളിലൊന്നായ നെയ്യങ്കയത്തിന് ഏകദേശം 10 മീറ്ററിലേറെ ആഴമുണ്ട്. നാട്ടുകാരേക്കാൾ പുറമേ നിന്ന് എത്തുന്നവരാണ് കൂടുതലും അപകടത്തിൽപെടുന്നത്. 

പുഴയിലിറങ്ങുന്നതു വിലക്കി ചില സ്ഥലങ്ങളിൽ നാട്ടുകാർ മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെന്നതല്ലാതെ കൂടുതൽ മുന്നറിയിപ്പു സംവിധാനങ്ങളില്ല.  പയസ്വിനി വറ്റിവരണ്ടു കിടക്കുകയാണെങ്കിലും ഇതിലെ കയങ്ങൾ(വലിയ കുഴിയുള്ള ഭാഗം) ഇപ്പോഴും ജലസമൃദ്ധമാണ്. വേനലവധി ആഘോഷിക്കാൻ പുഴയിലെത്തുന്നവർ സ്വയം ജാഗ്രത പുലർത്തിയില്ലെങ്കിൽ പയസ്വിനിയിൽ ഇനിയും ദുരന്തങ്ങൾക്കു സാക്ഷിയാകേണ്ടി വരും.

യുവാവ് പുഴയിൽ മുങ്ങിമരിച്ചു
ആദൂർ ∙ പിതാവിനൊപ്പം കുളിക്കുന്നതിനിടെ യുവാവ് പുഴയിൽ മുങ്ങി മരിച്ചു. ആദൂർ മഞ്ഞംപാറയിലെ മുഹമ്മദിന്റെ മകൻ അബ്ദുൽ ഇല്യാസ് (31) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെ പയസ്വിനിപ്പുഴയിലെ മഞ്ഞംപാറ മേത്തുങ്കാൽ കയത്തിലായിരുന്നു അപകടം.

കയത്തിൽ നീന്തുകയായിരുന്ന ഇല്യാസിനെ കാണാതായതിനെത്തുടർന്നു പിതാവ്  ബഹളം വയ്ക്കുകയും നാട്ടുകാരെത്തി തിരച്ചിൽ നടത്തുകയും ചെയ്തെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. കാസർകോട് നിന്ന് എത്തിയ അഗ്നിശമനസേന രാത്രി വൈകിയാണ് മൃതദേഹം പുറത്തെടുത്തത്.

പുഴയിലെ ഒഴുക്ക് നിലച്ചെങ്കിലും ഇവിടെ 20 അടിയോളം താഴ്ചയിൽ വെള്ളമുണ്ട്.  ദൈനബിയാണ് മാതാവ്. സഹോദരങ്ങൾ: നാസർ, റസാഖ്, ലത്തീഫ് സഖാഫി, സാജിദ്, ഫൗസിയ, നൂറുജാബി, ഖൈറുന്നീസ, മിസ്‌രിയ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com