ADVERTISEMENT

ചെർക്കള ∙ ദേശീയപാത വികസനം നടക്കുന്ന ചെർക്കള ടൗണിൽ പൊടുന്നനെ പെയ്ത മഴയിൽ വൻ വെള്ളപ്പൊക്കം. ഇന്നലെ രാവിലെ 5.45 മുതൽ 7.15 വരെ ഒന്നര മണിക്കൂർ നീണ്ട മഴയിൽ ചെർക്കള പ്രാഥമികാരോഗ്യ കേന്ദ്രം, മാർത്തോമ്മാ സ്കൂൾ റോഡ്, പഞ്ചായത്ത് ഓഫിസ്, പാടി റോഡ് ഭാഗങ്ങളിൽ നിന്നുൾപ്പെടെ ഒഴുകി വന്ന വെള്ളം 200 മീറ്റർ നീളത്തിൽ 25 മീറ്റർ വീതിയിൽ പല ഇടങ്ങളിലായി 2 മീറ്ററോളം വരെ ഉയരത്തിൽ തളം കെട്ടി നിന്നു. മഴ നിലച്ച് ഒരു മണിക്കൂറിനു ശേഷമാണ് ഭാഗികമായെങ്കിലും വെള്ളം ഒഴിവായത്. റഷീദ് കനിയടുക്കം, സന്തോഷ്, ഇഷാഖ്, ജാസി‍ർ, തസ്‌ലിം, ഷരീഫ്, അബ്ദുൽഖാദർ, ഇഖ്ബാൽ, കബീ‍ർ, റഫീഖ് തുടങ്ങിയവരുടെ കടകളിൽ വെള്ളം കയറി.  വെള്ളക്കെട്ടിൽ കുടുങ്ങിയ ഒരു വാൻ നാട്ടുകാരുടെ സഹായത്തോടെ തള്ളി നീക്കി. ഒരു മണിക്കൂറോളം വാഹനഗതാഗതവും കാൽനടയാത്രയും സ്തംഭിച്ചു. ബ്ലോക്കിൽ കുടുങ്ങിയ വാഹനങ്ങൾ മറ്റു റോഡുകളിൽ വഴി മാറി തിരിച്ചു വിട്ടു. ദേശീയപാത വികസന ജീവനക്കാർ ഡീവാട്ടറിങ് പമ്പ് ഉപയോഗിച്ചാണ് മഴവെള്ളം നീക്കം ചെയ്തു തുടങ്ങിയത്. 

മഴയെത്തുടർന്ന് ചെർക്കള ടൗണിൽ ഉണ്ടായ വെള്ളക്കെട്ടിലൂടെ വാഹനം തള്ളിക്കൊണ്ട് പോകുന്നവർ.
മഴയെത്തുടർന്ന് ചെർക്കള ടൗണിൽ ഉണ്ടായ വെള്ളക്കെട്ടിലൂടെ വാഹനം തള്ളിക്കൊണ്ട് പോകുന്നവർ.

ഓവുചാൽ ഇല്ലാത്തത് കാരണം 
ദേശീയപാതയ്ക്ക് 45 മീറ്റർ വീതിയിൽ സ്ഥലം അനുവദിച്ചപ്പോൾ ഇവിടത്തെ ഓവുചാലും വെള്ളം ഒഴുകിപ്പോയിരുന്ന കലുങ്കും ഇല്ലാതായി. സർവീസ് റോഡിന് ഇരുവശവും 2 അടി വീതം ആഴത്തിലും വീതിയിലുണ് മഴവെള്ളം ഒഴുകിപ്പോകാൻ ദേശീയപാത അധികൃതർ ഓവുചാൽ പണിയുന്നത്.  അതാകട്ടെ ചെർക്കള ടൗണിൽ പണിതിട്ടുമില്ല. നേരത്തേ ഉണ്ടായിരുന്ന 2 മീറ്റർ വ്യാപ്തിയുള്ള ഓവുചാ‍ൽ ഇല്ലാതായപ്പോൾ പുതിയ ഓവുചാൽ അര മീറ്റർ‍ മാത്രമായിരുന്നു സ്ഥാപിക്കാൻ ഉദ്ദേശിച്ചിരുന്നത്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭത്തിനിറങ്ങാൻ 2 മാസം മുൻപാണ് നാട്ടുകാർ സമര കൂട്ടായ്മ രൂപീകരിച്ചത്. അതിനിടെ ആദ്യ മഴയിൽ തന്നെ  ജനം വെള്ളപ്പൊക്കം തീർത്തും അനുഭവിച്ചു.  ദേശീയപാതയുടെ 45 മീറ്റർ വീതി പരിധിയിൽ മറ്റൊരു വലിയ ഡ്രെയ്നേജ് പണിയാൻ കഴിയില്ലെന്നാണ് അധികൃതർ നൽകുന്ന സൂചന.  45 മീറ്റർ പരിധിക്കു പുറത്തുള്ള നിർമാണത്തിന് തങ്ങൾക്ക് ഉത്തരവാദിത്തം ഇല്ലെന്നും ദേശീയപാത നിർമാണ ജീവനക്കാർ പറയുന്നു.

പരിഹാരമെന്ത്?
നേരത്തെയുള്ള റോഡിൽ നിന്ന് ഒന്നര മീറ്റർ താഴ്ത്തിയാണ് ചെർക്കളയിൽ സർവീസ് റോഡ് പണിതിട്ടുള്ളത്. അത് നേരത്തെയുള്ളത് പോലെ ഉയർത്തി ആവശ്യമായ ഡ്രെയ്നേജ് പണിതാൽ മഴക്കാല വെള്ളം കെട്ടി നി‍ൽക്കുന്നത് ഒഴിവാകുമെന്നും ആവശ്യമായ പരിഹാരം ഉണ്ടാക്കുമെന്ന് ദേശീയപാത അധികൃതർ ഉറപ്പു നൽകുന്നുണ്ടെങ്കിലും അത് എന്താണെന്നതിന് മറുപടിയില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് ഖാദർ ബദ്‌രിയ പറയുന്നു. വെള്ളക്കെട്ടിനോടൊപ്പം ചെർക്കള ടൗണിൽ മാലിന്യം അടിഞ്ഞു കൂടുന്നതായും  കുറ്റമറ്റ ഡ്രെയ്നേജ് സംവിധാനം ഉടൻ ആരംഭിക്കണമെന്നും ചെർക്കള എൻഎച്ച് ജനകീയ കൂട്ടായ്മ സമര സമിതി ചെയർമാൻ മൂസ ബി. ചെ‍ർക്കള, വർക്കിങ് ചെയർമാൻ നാസർ ചെർക്കളം, ജനറൽ കൺവീനർ സി.എച്ച്.മുഹമ്മദുകുഞ്ഞി ബടക്കേക്കര, ട്രഷറർ പി.എ.അബ്ദുല്ല ടോപ്പ് എന്നിവർ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com