ADVERTISEMENT

ചെർക്കള ∙ ‌പരാതികളൊന്നും അധികൃതർ ഗൗനിച്ചില്ല; കുണ്ടടുക്കത്തുകാർ ഭയന്നതു തന്നെ ഒടുവിൽ സംഭവിച്ചു. ആദ്യ മഴയിൽ തന്നെ ദേശീയപാതയ്ക്കരികിലെ ചെളിയും മണ്ണും ഒലിച്ചിറങ്ങി കുണ്ടടുക്കത്ത് ഉണ്ടാക്കിയതു വലിയ നാശം. കുണ്ടടുക്കത്തു നിന്നു തെക്കിൽ പുഴയിലേക്ക് ഒഴുകുന്ന വലിയ തോട് 250 മീറ്ററോളം നീളത്തിൽ നികന്നു. തോട്ടിൽ 2 മീറ്ററിലേറെ ഉയരത്തിൽ ചെളിയും കല്ലും മൂടിക്കിടക്കുകയാണ്. തോട് നികന്നതോടെ മഴവെള്ളം മുഴുവൻ ഒഴുകിയതു സമീപത്തെ തോട്ടങ്ങളിലൂടെയാണ്. എം.സുനിൽ കുമാർ, കെ.കെ.കുഞ്ഞമ്പു എന്നിവരുടെ ഒന്നര ഏക്കറോളമുള്ള കമുകിൻ തോട്ടം ചെളി മൂടിയ നിലയിലാണ്. സുനിൽ കുമാറിന്റെ തോട്ടത്തിലേക്കു കഴിഞ്ഞ കാലവർഷത്തിലും മണ്ണ് ഒലിച്ചെത്തിയിരുന്നു. കുടിവെള്ളത്തിനായി ആശ്രയിക്കുന്ന ഒരു കുളത്തിലും ചെളി നിറഞ്ഞ് ഉപയോഗശൂന്യമായി. 

ചെർക്കള– കുണ്ടടുക്കം റോഡിൽ മണ്ണും കല്ലും ഒഴുകിയെത്തി ഗതാഗതം തടസ്സപ്പെട്ടു. ദേശീയപാത നിർമാണത്തിനായി തള്ളിയ മണ്ണാണ് മഴയിൽ ഇവിടേക്കു ഒഴുകിയെത്തുന്നത്. പാർശ്വഭിത്തി നിർമിക്കാത്തതാണു പ്രശ്നത്തിനു കാരണം. കാലവർഷം തുടങ്ങുന്നതിനു മുൻപു പാർശ്വഭിത്തി നിർമിക്കണമെന്നാവശ്യപ്പെട്ടു ദേശീയപാത അധികൃതർക്കും കലക്ടർക്കും നാട്ടുകാർ പരാതി നൽകിയിരുന്നെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല. ആയിരക്കണക്കിനു ലോഡ് മണ്ണാണ് ചെർക്കള ടൗൺ മുതൽ വികെ പാറ വരെയുള്ള ഭാഗത്ത് റോഡ് നിർമാണത്തിനായി ഇട്ടിട്ടുള്ളത്. ഇതിന്റെ താഴ്‌വാരമായ കുണ്ടടുക്കം, പുലിക്കുണ്ട് ഭാഗങ്ങളിലേക്കായിരിക്കും മഴക്കാലത്ത് ഇതു ഒലിച്ചെത്തുന്നത്. കിണറ്റിൽ മണ്ണു വീണ് കുടിവെള്ളം മുട്ടുകയും വീട് നഷ്ടപ്പെടുകയും ചെയ്യുമെന്ന ആശങ്ക കാരണം കഴിഞ്ഞ ദിവസം പുലിക്കുണ്ടിലെ എം.കേളു മണിയാണി ആത്മഹത്യ ചെയ്തിരുന്നു. എന്നിട്ടും അധികൃതർ ഇതുവരെ കണ്ണു തുറന്നിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com