ADVERTISEMENT

ഉഴവൂർ ∙വിശുദ്ധഗ്രന്ഥം പകർത്തിയെഴുതിയതിന്റെ  സന്തോഷത്തിലാണ് ഉഴവൂർ കണ്ണംമാനാൽ ഏലിയാമ്മ ജോൺ. എൺപതാം വയസ്സിൽ മലയാളം, ഇംഗ്ലിഷ്,ഹിന്ദി ഭാഷകളിലാണ് എഴുത്ത്. ബൈബിൾ പകർത്തിയെഴുത്ത് പതിവാണെങ്കിലും 3 ഭാഷകളിൽ അപൂർവമാണ്. 2018 ഏപ്രിൽ 28ന് മലയാളത്തിലുള്ള പകർത്തിയെഴുത്ത് തുടങ്ങി. 11 മാസത്തിനുള്ളിൽ പൂർത്തിയാക്കി. വാക്കർ ഉപയോഗിച്ചാണ് ഏലിയാമ്മയുടെ  നടപ്പ്. അനാരോഗ്യത്തെ മറന്നാണ് രചനകൾ.  മകൻ സജയ് ജോണിനൊപ്പം ആൽപ്പാറ ഭാഗത്താണു താമസം. 

6 വർഷം കൊണ്ടാണ്  3 ഭാഷകളിലെയും എഴുത്ത് പൂർത്തിയാക്കിയത്. ദൈവവിളി പോലെയാണ് എഴുത്ത് ആരംഭിച്ചത്. ഇംഗ്ലിഷിൽ എഴുതാനായിരുന്നു ആദ്യ തീരുമാനം. കോവിഡ് സമയത്താണ് ഈ ആശയം ഉദിച്ചത്.  തൂവാനീസ പ്രാർഥനാ കേന്ദ്രത്തിലെ  വൈദികൻ സമ്മാനിച്ച ഇംഗ്ലിഷ് ബൈബിൾ ഒന്നര വർഷം കൊണ്ടു പകർത്തിയെഴുതാനായി.മധ്യപ്രദേശിൽ ജോലി ചെയ്തിരുന്ന മകൻ ജയ്‌രാജ് ജോണും ഭാര്യ ജെസിയുമാണ് ഹിന്ദി ഭാഷയിലേക്കുള്ള പകർത്തിയെഴുത്തിനു പ്രേരണയായത്. 

എട്ടാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള ഏലിയാമ്മ എങ്ങനെയാണ് 3 ഭാഷകളിൽ എഴുതുന്നതെന്ന ചോദ്യത്തിന് ഉത്തരം ഇങ്ങനെ; ‘പഴയ ഏട്ടാം ക്ലാസാണെങ്കിലും ഏഴിലും എട്ടിലും ഹിന്ദി, ഇംഗ്ലിഷ്, കണക്ക് വിഷയങ്ങളിൽ മുഴുവൻ മാർക്കും നേടിയിട്ടുണ്ട്.’ദിവസം 8 മണിക്കൂർ വരെ എഴുത്തിനു ചെലവിട്ടു. ഹിന്ദിയെഴുത്തിനു സമയമേറെയെടുത്തു. 76 ബുക്കുകളും 250 പേനകളും എഴുത്തിനു വേണ്ടിവന്നു. പരേതനായ ജോണാണു ഭർത്താവ്. ജോമണിയാണ് മറ്റൊരു മകൻ. ഉഴവൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.എംതങ്കച്ചൻ, വൈസ് പ്രസിഡന്റ്‌ ബിനു  ജോസ് എന്നിവരുടെ നേതൃത്വത്തിൽ ഏലിയാമ്മയെ ആദരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com