ADVERTISEMENT

കോട്ടയം ∙ റോഡരികിലെ വീടിനു മുകളിലേക്ക് എംഡിഎംഎ എറിഞ്ഞു കടന്നുകളയാൻ ശ്രമിച്ച ലഹരിക്കടത്ത് സംഘം ഒടുവിൽ പിടിയിലായി. ഇന്നലെ രാവിലെ 9നു ചിങ്ങവനം ടൗണിലാണു സംഭവം. യാത്രക്കാർ വാഹനങ്ങൾ നിർത്തി സംഭവം കാണാനായി ഇറങ്ങിയതോടെ എംസി റോഡിൽ രണ്ടു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.പൊലീസ് പിന്തുടരുന്നതു മനസ്സിലാക്കിയ ലഹരിസംഘം, സിഗരറ്റ് പാക്കറ്റിലാക്കിയ 21 ഗ്രാം എംഡിഎംഎ വഴിയരികിലെ വീടിനു മുകളിലേക്കു വലിച്ചെറിയുകയായിരുന്നു. 

ബെംഗളൂരുവിൽനിന്നു സ്വകാര്യ ബസിൽ എംഡിഎംഎയുമായി എത്തിയ ചങ്ങനാശേരി മാമ്മൂട് പുളിക്കൽ ലിജോ സേവ്യർ (26), മാമ്മൂട് പുന്നമൂട്ടിൽ ബിപിൻ (23), അമ്പലപ്പുഴ പുറക്കാട് ഒറ്റതെങ്ങിൽ പവിരാജ് (29), ശാന്തിപുരം മാടപ്പള്ളി കാലായിൽ അജിൽ കുമാർ (26) എന്നിവരാണു പിടിയിലായത്.ചിങ്ങവനത്തു ബസിറങ്ങിയ ലിജോ എംഡിഎംഎ അജിലിനു കൈമാറാൻ ശ്രമിക്കുന്നതിനിടെ നർകോട്ടിക് സ്പെഷൽ ടീമായ ഡാൻസ‌ാഫ് സംഘം വളയുകയായിരുന്നു. ഇതോടെയാണു

ലിജോ സമീപത്തെ വീടിനു മുകളിലേക്കു പാക്കറ്റ് വലിച്ചെറിഞ്ഞത്. ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്, നർകോട്ടിക് ഡിവൈഎസ്പി സി.ജോൺ, എസ്ഐമാരായ സജീർ, താജുദ്ദീൻ, സീനിയർ സിപിഒ രാജേഷ്, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങൾ എന്നിവർ ചേർന്നാണു പ്രതികളെ പിടികൂടിയത്.വിദ്യാർഥികൾക്കിടയിൽ വിതരണം ചെയ്യാനാണു പ്രതികൾ എംഡിഎംഎ എത്തിച്ചതെന്നറിഞ്ഞതോടെ ജനം പ്രതിഷേധം ഉയർത്തി. ഇതോടെ തെളിവെടുപ്പ് നടത്തിയ വീടിന്റെ മുൻവശത്തെ ഗേറ്റ് പൊലീസ് അടച്ചു. സ്വർണക്കടയിലെത്തി തൂക്കിയപ്പോഴാണു പിടികൂടിയ എംഡിഎംഎ 21 ഗ്രാമുണ്ടെന്നു കണ്ടെത്തിയത്.

ലിജോ സേവ്യർ, ബിപിൻ, പവിരാജ്, അജിൽ കുമാർ.
ലിജോ സേവ്യർ, ബിപിൻ, പവിരാജ്, അജിൽ കുമാർ.

പുരമുകളിൽ പൊലീസ്
എംസി റോഡിനു സമീപമുള്ള വീട്ടിലെ ജോലിക്കാരൻ രാവിലെ ബഹളംകേട്ടു നോക്കിയപ്പോൾ കാണുന്നത് 2 പേർ വീടിന്റെ മേൽക്കൂരയിൽ കയറാൻ ശ്രമിക്കുന്നതാണ്. താഴെനിന്ന മറ്റൊരാൾ ഒരു കമ്പിവടിയെടുത്ത് മുകളിലേക്കു കൊടുക്കുന്നതും കണ്ടു. പുരമുകളിൽനിന്നു സിഗരറ്റ് കവർ എടുത്തശേഷമാണു തങ്ങൾ പൊലീസുകാരാണെന്നു വീട്ടുകാരോടു പറഞ്ഞത്. അതോടെയാണു വീട്ടുകാർ സംഭവമറിയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com