ADVERTISEMENT

കുറവിലങ്ങാട് ∙ മധ്യവേനൽ അവധിക്കാലത്ത് സയൻസ് സെന്റർ തുറക്കുമെന്ന അധികൃതരുടെ ഉറപ്പ് പാഴ്‌വാക്ക് ആയി. സയൻസ് സിറ്റിയിലെ റോഡുകളുടെ നിർമാണം ഉടൻ പൂർ‌ത്തിയാക്കുമെന്നും തുടർന്ന് മറ്റു അടിസ്ഥാന സൗകര്യങ്ങൾ കൂടി ഒരുക്കി തുറക്കുമെന്നും ആയിരുന്നു ഉറപ്പ്. പക്ഷേ, പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത ജോലികളുടെ ആദ്യഘട്ടം പോലും ആരംഭിച്ചിട്ടില്ല. റോഡുകളുടെ ടാറിങ്ങിനു പകരമായി ടൈലുകൾ സ്ഥാപിക്കുകയാണ്. ഒരുമാസത്തെ സമയമാണ് പൊതുമരാമത്ത് വകുപ്പിനു നൽകിയത്. രണ്ട് കിലോമീറ്ററോളം വരുന്ന റോഡ് നവീകരണം നടത്തുന്നതിനായി 3.5 കോടി രൂപ പൊതുമരാമത്ത് വകുപ്പിനു കൈമാറിയിട്ടുണ്ട്. എന്നാൽ പരിശോധനകളും ഉദ്യോഗസ്ഥ സന്ദർശനവും നടന്നതല്ലാതെ റോഡ് നവീകരണം ആരംഭിച്ചിട്ടില്ല. 

സയൻസ് സെന്റർ പ്രവർത്തനം ആരംഭിക്കുന്നതിനുള്ള ക്രമീകരണങ്ങളുടെ ഭാഗമായി സയൻസ് സിറ്റിയുടെ പരിസര പ്രദേശങ്ങളുടെ ശുചീകരണം നടക്കുന്നുണ്ട്. ഇതിനായി താൽക്കാലിക ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. ശുദ്ധജല സൗകര്യവും വൈദ്യുതിയും താമസിയാതെ ഉറപ്പാക്കും. സയൻസ് സെന്ററിലെത്തുന്നവർക്ക് മതിയായ പശ്ചാത്തല സൗകര്യങ്ങളെല്ലാം ഉറപ്പാക്കിയ ശേഷം തുറന്നു നൽകുകയാണ് ലക്ഷ്യം.വർഷങ്ങളായി നിലച്ചു കിടക്കുന്ന സബ് സ്റ്റേഷൻ ചാർജ് ചെയ്യുന്നതിനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്. ഗവേഷണ സൗകര്യങ്ങൾ ആദ്യഘട്ടത്തിൽ തന്നെ ഉറപ്പാക്കും. 

ഇതിനുള്ള ഇൻക്യുബേഷൻ സെന്ററുകൾ പൂർത്തിയാക്കി. 40,000 ചതുരശ്ര അടി വിസ്തീർണത്തിലുള്ള കെട്ടിടസമുച്ചയത്തിലാണ് സയൻസ് സെന്റർ. വിവിധ ശാസ്ത്ര തത്വങ്ങളെ കളികളിലൂടെയും ഉല്ലാസത്തിലൂടെയും അറിയുന്നതിനുള്ള സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഫൺ സയൻസ്, മറൈൻ ലൈഫ് ആൻഡ് സയൻസ്, എമേർജിങ് ടെക്നോളജി, ത്രിഡി തിയറ്റർ എന്നിവ സയൻസ് സെന്റർ പ്രവർത്തിക്കുന്നതോടെ നാടിന് ലഭിക്കും. അതിനിടെ കോഴായിലെ കേരള സയൻസ് സിറ്റിയിൽ ചട്ടങ്ങളും നിയമങ്ങളും പാലിക്കാതെ പിൻവാതിൽ നിയമനം നടത്തിയെന്ന യൂത്ത് കോൺഗ്രസ് പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com