ADVERTISEMENT

മുണ്ടക്കയം ∙ മഴ വരാറായി, ചിലപ്പോൾ മലവെള്ളപ്പാച്ചിലും എത്തും. അതിനു മുൻപേ അധികൃതരോട് ജനങ്ങൾ പറയുന്നു: കോസ്‌വേയിൽ തങ്ങി നിൽക്കുന്ന തടികൾ ഒന്ന് നീക്കം ചെയ്യൂ...  ഇത്രയും നാൾ അത് അവിടെ കിടന്നില്ലേ, ഇനി വെള്ളം വരുമ്പോൾ ഒഴുകിപ്പൊയ്ക്കോളും എന്ന് കരുതി ഉത്തരം നൽകാതിരുന്നാൽ ചിലപ്പോൾ വലിയ വില നൽകേണ്ടി വരും. തടഞ്ഞുനിൽക്കുന്ന തടികൾ പാലത്തിന് സുരക്ഷാഭീഷണിക്കും വെള്ളപ്പൊക്കത്തിനും കാരണമായേക്കാം.

2021ലെ പ്രളയം മുതൽ മണിമലയാർ കരകവിഞ്ഞ് ഒഴുകിയപ്പോഴെല്ലാം വലിയ തടികൾ പാലത്തിൽ തടഞ്ഞിട്ടുണ്ട്. കൂട്ടിക്കൽ, ഏന്തയാർ, ഇളംകാട് മേഖലകളിൽ നിന്നുൾപ്പെടെ കിലോമീറ്ററുകളോളം ഒഴുകി എത്തിയ തടികൾ പാലത്തിൽ തടയുകയായിരുന്നു. ഇവയിൽ ഭൂരിഭാഗവും യന്ത്രസഹായത്തോടെ അന്ന് നീക്കം ചെയ്തിരുന്നു. ഒടുവിൽ വന്നടിഞ്ഞ മൂന്നു വലിയ തടിക്കഷണങ്ങളാണ് ഇപ്പോൾ പാലത്തിന് വിലങ്ങു തടി ആകുന്നത്. പാലത്തിന്റെ എട്ടു തൂണുകളിൽ മൂന്നിടങ്ങളിലായാണ് തടികൾ തങ്ങി നിൽക്കുന്നത്. മണിമലയാർ കരകവിഞ്ഞ് ഒഴുകിയാൽ ആദ്യം വെള്ളം കയറുന്നത് കോസ്‌വേയുടെ സമീപം മുളങ്കയം ഭാഗത്താണ്. 

ഇൗ പ്രദേശത്ത് വെള്ളം കയറാനുള്ള എല്ലാവിധ സാധ്യതകളും വിലങ്ങിക്കിടക്കുന്ന തടികൾ നൽകുന്നു. തടികൾ വന്നിടിച്ച് പാലത്തിന്റെ പല ഭാഗങ്ങളിലും കോൺക്രീറ്റ് അടർന്ന നിലയിലാണ്. അതുകൊണ്ട് തന്നെ വെള്ളം ഒഴുകി എത്തുമ്പോൾ തടിയിൽ തടഞ്ഞ് മർദം കൂടിയാൽ പാലത്തിന്റെ നിലനിൽപിനു തന്നെ ദോഷമാകും. അധികൃതർ മാറ്റാൻ തയാറാകാത്തതിനാൽ നാട്ടുകാർ തന്നെ വെട്ടി നീക്കേണ്ട അവസ്ഥയാണ്. മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി, ആറിന്റെ സുഗമമായ ഒഴുക്കിന് തടസ്സമായി നിൽക്കുന്ന എല്ലാ പ്രശ്നങ്ങളിലും പരിഹാരം കാണണം എന്നാണ് ജനങ്ങളുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com