ADVERTISEMENT

കോട്ടയം ∙ ജില്ലയിൽ രണ്ടര വർഷത്തിനിടെ പിടികൂടിയത് 2,541 ലഹരിക്കേസുകൾ. ഇതിൽ 30 കേസുകളിൽ സിന്തറ്റിക് ഡ്രഗ് ആയ 205 ഗ്രാം എംഡിഎംഎ പിടികൂടി.കഞ്ചാവു വലിച്ച കേസുകളുടെ എണ്ണം 2052 ആണ്. 450 കഞ്ചാവ് കേസുകൾ റജിസ്റ്റർ ചെയ്യുകയും 183 കിലോ കഞ്ചാവ് പിടികൂടുകയും ചെയ്തു. ഹഷീഷ്, നൈട്രസെപാം, എൽഎസ്ഡി സ്റ്റാംപ് കേസുകളും ജില്ലാ പൊലീസ് രണ്ടര വർഷത്തിനിടെ റജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞദിവസം ലഹരിക്കടത്ത് സംഘം റോഡരികിലെ വീടിനു മുകളിലേക്ക് എംഡിഎംഎ എറിഞ്ഞു രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പിടിയിലായിരുന്നു. ചങ്ങനാശേരി മാമ്മൂട് പുളിക്കൽ ലിജോ സേവ്യർ (26), മാമ്മൂട് പുന്നമൂട്ടിൽ ബിപിൻ (23), അമ്പലപ്പുഴ പുറക്കാട് ഒറ്റതെങ്ങിൽ പവിരാജ് (29), ശാന്തിപുരം മാടപ്പള്ളി കാലായിൽ അജിൽ കുമാർ (26) എന്നിവരാണ് അറസ്റ്റിലായത്. 

സോഷ്യോ–ഡ്രഗ് ഗ്രൂപ്പുകൾ
സിന്തറ്റിക് ലഹരി കൈമാറ്റത്തിനു പ്രധാനമായും ആശ്രയിക്കുന്നതു സമൂഹമാധ്യമ ഗ്രൂപ്പുകളാണെന്നു പൊലീസിന്റെ കണ്ടെത്തൽ. ജില്ലയിലെ നർകോട്ടിക് വിഭാഗം ഉദ്യോഗസ്ഥരെ നിരീക്ഷിക്കാനും ലഹരിക്കടത്ത് സംഘത്തിന് വാട്സാപ് ഗ്രൂപ്പുണ്ട്.  ഉദ്യോഗസ്ഥരുടെ ചിത്രങ്ങളടക്കം അടുത്തയിടെ പിടിയിലായ ലഹരിക്കടത്ത് സംഘങ്ങളിൽ നിന്നു കണ്ടെത്തി. പൊലീസ് ഉദ്യോഗസ്ഥരുടെ നീക്കങ്ങളറിഞ്ഞാണു ലഹരിമാഫിയ സംഘത്തിന്റെ പ്രവർത്തനം. 

യുവാക്കളെ  ലക്ഷ്യമിട്ട്  സിന്തറ്റിക് ഡ്രഗ് 
യുവാക്കളെയും വിദ്യാർഥികളെയും ലക്ഷ്യമിട്ടാണ് എംഡിഎംഎ അടക്കമുള്ള സിന്തറ്റിക് ഡ്രഗ്ഗുകൾ ജില്ലയിലേക്ക് എത്തുന്നത്. കടത്തിന്റെ തോത് വർധിച്ചതായാണു അന്വേഷണ സംഘങ്ങൾക്കു ലഭിക്കുന്ന വിവരം. നേരത്തെ കഞ്ചാവായിരുന്നു ജില്ലയിലേക്ക് കൂടുതലായി എത്തിയിരുന്നത്. ഇടുക്കി ജില്ല വഴിയും ട്രെയിൻ മാർഗം ആന്ധ്ര, ഒഡീഷ സംസ്ഥാനങ്ങളിൽ നിന്നുമാണു കഞ്ചാവ് കൂടുതലായി എത്തിയിരുന്നത്. എന്നാൽ ഈ വഴികളിൽ നിരീക്ഷണം ശക്തമായതോടെ സിന്തറ്റിക് ഡ്രഗ് എത്തിക്കാൻ പുതുവഴികൾ തേടുകയാണു കാരിയർമാർ. ബെംഗളൂരു കേന്ദ്രീകരിച്ചാണു ജില്ലയിലേക്കു കൂടുതൽ സിന്തറ്റിക് ഡ്രഗ് എത്തുന്നതെന്നാണു പൊലീസിന്റെ നിഗമനം. ബെംഗളൂരുവിൽ നിന്നു ജില്ലയിലേക്ക് എംഡിഎംഎ എത്തിക്കാൻ കാരിയർമാരുടെ വൻനിരയുണ്ട്. ബെംഗളൂരുവിൽ ഒരു ഗ്രാമിന് 1000 രൂപ നിരക്കിലാണു കാരിയർമാർ എംഡിഎംഎ വാങ്ങുന്നത്. ജില്ലയിലെത്തിച്ച ശേഷം ഗ്രാമിന് 3000–4000 രൂപ നിരക്കിലാണു വിൽപന. 

കടത്തുന്നതിൽ ഒരു വിഹിതം 
കടത്തുന്ന ലഹരിമരുന്നിന്റെ ഒരു വിഹിതമാണ് എംഡിഎംഎ എത്തിക്കുന്ന കാരിയർമാർക്ക്  വേതനമായി നൽകുന്നത്. സമീപകാലത്ത് 13,000 രൂപ മുടക്കി 13 ഗ്രാം എംഡിഎംഎ ബെംഗളൂരുവിൽ നിന്നു ജില്ലയിലേക്ക് ലഹരിക്കടത്ത് സംഘം എത്തിച്ചു. കാരിയർക്ക് എംഡിഎംഎ വാങ്ങാനായി 13,000 രൂപ നൽകിയ സുഹൃത്തിന് 6 ഗ്രാം മാത്രമാണ് കൈമാറിയത്. കാരിയർക്ക് 7 ഗ്രാം വേതനമായി നൽകി. ഇതിൽ ഒരു ഗ്രാം കൂടുതൽ നൽകിയത് കാരിയർക്ക് സ്വന്തമായി ഉപയോഗിക്കാനാണ്. 10 ഗ്രാം വിൽക്കുമ്പോൾ ഏകദേശം അരലക്ഷം രൂപയാണ് ലഹരി വിൽപന നടത്തുന്ന സംഘത്തിന്റെ വരുമാനം. 

അളവ് കൂടിയാൽ  ശിക്ഷ 10 വർഷം
എംഡിഎംഎ 10 ഗ്രാമിന് മുകളിൽ പിടികൂടിയാൽ ശിക്ഷ 10 വർഷമോ അതിലധികമോ ലഭിക്കും. അളവു കുറയുന്നതോടെ ശിക്ഷയുടെ കാഠിന്യവും കുറയും.

ആരോഗ്യം ക്ഷയിക്കും
എംഡിഎംഎ സ്ഥിരമായി ഉപയോഗിക്കുന്നവരുടെ പല്ല് കൊഴിയും ആരോഗ്യം ക്ഷയിക്കും. സൈക്കോ ആക്ടീവ് ലഹരി മരുന്നാണ് എംഡിഎംഎ. ഉപയോഗിച്ചാൽ 12 മണിക്കൂർ വരെ സജീവമാകും. 2 ദിവസം വരെ ഇതിന്റെ സ്വാധീനം നിലനിൽക്കും.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com