ADVERTISEMENT

നാദാപുരം∙ വാണിമേൽ ചേലമുക്കിലെ ടാക്സി ജീപ്പ് ഡ്രൈവർ ഏക്കോത്ത് അസീസിന്റെ(55) ജീവനെടുത്തത് റോഡിലെ അപകടകരമായ തണൽ മരങ്ങളിലൊന്ന്. ഞായറാഴ്ച ജോലി സ്ഥലമായ കല്ലാച്ചിയിലേക്ക് മറ്റൊരാളുടെ ബൈക്കിനു പിറകിലിരുന്നു പോകുന്നതിനിടയിലാണ് വാണിമേൽ പാലത്തിനു സമീപത്തെ തണൽ മരങ്ങളിലൊന്നിന്റെ വലിയ കൊമ്പ് അസീസിന്റെ തലയിലേക്കു പതിച്ചത്.

ഉടൻ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും അബോധാവസ്ഥയിലായിരുന്ന അസീസ് ഇന്നലെ ഉച്ചയോടെ മരിച്ചു. റോഡരികിലെ അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചു മാറ്റാനൊന്നും അധികൃതർ ശ്രദ്ധിക്കാറില്ല. മരം അപകടകരമായ അവസ്ഥയിലാണെങ്കിൽ പോലും അതു മുറിച്ചാൽ മരംമുറി കേസിൽ പ്രതിയാകും.

നാദാപുരത്ത് ഈയിടെ ഇത്തരം 2 കേസുകൾ പൊലീസ് റജിസ്റ്റർ ചെയ്തിരുന്നു.  മഴക്കാലത്തു നിലം പതിക്കാൻ സാധ്യതയുള്ള മരങ്ങളേറെയാണ്. ഇത്തരം മരങ്ങൾ മുറിച്ചു നീക്കി സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യം ശക്തമാണ്. മരം മുറിക്കാൻ പൊതുമരാമത്തിനും നടപടിക്രമങ്ങളുണ്ട്. മരത്തിന്റെ വില വനം വകുപ്പ് നിർണയിച്ചു നൽകണം. അത് മുറിക്കാൻ കരാർ നടപടികൾ പൂർത്തീകരിക്കണം.

പലപ്പോഴും വനം അധികൃതരുടെ പരിശോധന നീണ്ടു പോകും. കുമ്മങ്കോട്, കുറ്റിപ്രം, കല്ലാച്ചി തുടങ്ങിയവിടങ്ങളിൽ അപകടകരമായി നിലനിൽക്കുന്ന റോഡിലെ മരങ്ങൾ മുറിച്ചു മാറ്റാനുള്ള അപേക്ഷ നവകേരള സദസ്സിൽ സമർപ്പിച്ചിരുന്നു. പൊതുമരാമത്ത് ഈ അപേക്ഷകളിൽ പരിശോധന നടത്തി വനം അധികൃതരോട് വില നിർണയിച്ചു നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ജീപ്പ് ഡ്രൈവർ ഏക്കോത്ത് അസീസിന്റെ ജീവനെടുത്ത തണൽ മരം അടക്കമുള്ള മരങ്ങൾ റോഡിൽ നിന്നു മുറിച്ചു മാറ്റുന്നതിനും റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും നിയമ പോരാട്ടം തുടങ്ങാനുള്ള ഒരുക്കത്തിലാണു നാട്ടുകാർ.

കണ്ണീരോടെ വിട 
നാദാപുരം∙ വാണിമേൽ പാലത്തിനു സമീപം മരക്കൊമ്പ് പൊട്ടി തലയിൽ വീണു പരുക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച കല്ലാച്ചിയിലെ ടാക്സി ജീപ്പ് ഡ്രൈവർ വാണിമേൽ ചേലമുക്കിലെ ഏക്കോത്ത് അസീസിന് വൻജനാവലി കണ്ണീരോടെ വിട നൽകി. പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നലെ രാത്രി വീട്ടിലെത്തിച്ച മൃതദേഹം ഒരു നോക്കു കാണാൻ  ആയിരങ്ങളാണ് എത്തിയത്. 

വാണിമേൽ ജുമുഅത്ത് പള്ളിയിൽ രാത്രി വൈകി കബറടക്ക ചടങ്ങിലും ജനാസ നമസ്കാരത്തിലും വൻജനാവലി പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റുമാരായ വി.വി.മുഹമ്മദലി, പി.സുരയ്യ, ജില്ലാ പഞ്ചായത്ത് അംഗം സി.വി.എം.നജ്മ, മറ്റു ജനപ്രതിനിധികൾ, രാഷ്ട്രീയ നേതാക്കൾ, മതപണ്ഡിതർ തുടങ്ങിയവർ ആദരാഞ്ജലി നേർന്നു.  കല്ലാച്ചി, വാണിമേൽ, വളയം റൂട്ടുകളിൽ ടാക്സി ജീപ്പുകാർ ഓട്ടം നിർത്തി. മുസ്‌ലിം ലീഗ്, എസ്ടിയു കമ്മിറ്റികൾ അനുശോചിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com