ADVERTISEMENT

കോട്ടയ്ക്കൽ ∙ ‘പുത്തനത്താണി വഴി കാടാമ്പുഴ, കാടാമ്പുഴ...’ സ്വകാര്യബസിൽ യാത്രക്കാരെ വിളിച്ചുകയറ്റുന്ന ഈ സ്ത്രീശബ്ദം ആളുകൾക്ക് ഏറെ പരിചിതമാണ്. കൊല്ലം ചടയമംഗലത്തെ വിവിധ സ്കൂളുകളിൽ അധ്യാപികയായി ജോലിചെയ്ത പി.സതീഭായിയാണ് ജീവിക്കാനായി കണ്ടക്ടറുടെ വേഷമണിഞ്ഞത്. മലപ്പുറത്തെ വിവിധ റൂട്ടുകളിലോടുന്ന ബസുകളിൽ 8 വർഷത്തോളമായി ജോലി ചെയ്യുകയാണ് ഈ അൻപത്തേഴുകാരി. ചടയമംഗലം സ്വദേശിയായ സതീഭായിക്ക് ചരിത്രത്തിൽ ബിരുദവും ഹിന്ദി അധ്യാപക യോഗ്യതയുമുണ്ട്. കൂടാതെ, ഹിന്ദി, മലയാളം, ഇംഗ്ലീഷ് ടൈപ്പ്റൈറ്റിങ്ങുമറിയാം. നാട്ടിൽ അധ്യാപികയായി ജോലി ചെയ്യുന്നതിനിടെയാണ് 25 വർഷം മുൻപ് മലപ്പുറം സ്വദേശിയുമായുള്ള വിവാഹം നടന്നത്.

ഭർത്താവുമായി വേർപിരിഞ്ഞതോടെ ജീവിതം വഴിമുട്ടി. മകൻ ഫവാസിനെ പഠിപ്പിക്കാനും മറ്റുമായി പല ജോലികളും ചെയ്തു. ഒടുവിലാണ് സ്വകാര്യബസിൽ കയറുന്നത്. മാറാക്കര - പുത്തനത്താണി - കാടാമ്പുഴ റൂട്ടിലോടുന്ന ബസിലായിരുന്നു ആദ്യ സർവീസ്. പിന്നീട്, കോട്ടയ്ക്കൽ - ചെമ്മാട്, കോട്ടയ്ക്കൽ - താനൂർ, കോട്ടയ്ക്കൽ - പാങ്ങ്, മലപ്പുറം - മഞ്ചേരി, കോട്ടയ്ക്കൽ - മരവട്ടം - കാടാമ്പുഴ തുടങ്ങിയ റൂട്ടുകളിലും ജോലി ചെയ്തു. കോവിഡ് കാലത്ത് ബസുകൾ കട്ടപ്പുറത്തായതോടെ ജീവിതത്തിൽ വീണ്ടും കരിനിഴൽ പതിഞ്ഞു. പൊതുഗതാഗതം പുനരാരംഭിച്ചപ്പോൾ ടിക്കറ്റ് റാക്ക് വീണ്ടും കയ്യിലേന്തി. യാത്രക്കാരിൽ അധികവും ‘ഭായിമാർ’ ആയതിനാൽ മറ്റു ഭാഷകൾ സംസാരിക്കാനും പഠിച്ചു. നടുവേദനയുള്ളതിനാൽ ഇപ്പോൾ ഇടയ്ക്കിടെ ചികിത്സയിൽ കഴിയേണ്ട സ്ഥിതിയാണ്. മകനുമൊത്ത് പാണ്ഡമംഗലത്താണ്  താമസം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com