ADVERTISEMENT

നിലമ്പൂർ ∙ കാറിൽ സഞ്ചരിച്ച കുടുംബത്തെ ആക്രമിച്ച് പരുക്കേൽപിച്ച കേസിൽ പ്രതികളെ പിടികൂടിയില്ല. ഒളിവിലെന്നാണ് പൊലീസിന്റെ വിശദീകരണം. കെഎൻജി പാതയിൽ അരുവാക്കോട് 11ന് രാത്രി 12.15ന് ആണ് സംഭവം. സിനിമ കണ്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുടുംബത്തെ ആണ് ആക്രമിച്ചത്. കൈക്കുഞ്ഞ് ഉൾപ്പെടെ കാറിലുണ്ടായിരുന്നു. വീട്ടിലേക്ക് വഴി തടസ്സപ്പെടുത്തി കാർ നിർത്തിയതു കണ്ട് ഹോണടിച്ചതിനെത്തുടർന്നാണ് അതിക്രമം നടത്തിയത്. കുടുംബം സഞ്ചരിച്ച കാറിന് അക്രമികൾ തങ്ങളുടെ വാഹനം വിലങ്ങിട്ടു. വാതിൽ തുറന്ന് കുടുംബനാഥനെ വലിച്ചിറക്കി മർദിച്ചു. 

തടയാൻ ശ്രമിച്ച ഭാര്യ, മകൻ എന്നിവർക്ക് മർദനമേറ്റു. ബീയർ കുപ്പി പൊട്ടിച്ച് കുത്താൻ ശ്രമിച്ചു. മകന്റെ ഭാര്യയും കുഞ്ഞും പിൻസീറ്റിലിരുന്ന് പേടിച്ച് നിലവിളിച്ചിട്ടും അക്രമികൾ ദയ കാണിച്ചില്ല. മുൻഭാഗത്തെ ചില്ല് കല്ല് കൊണ്ട് ഇടിച്ച് തകർത്ത് ഭീഷണി മുഴക്കിയാണ് പോയത്. പരുക്കേറ്റ കുടുംബം ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. 2 പേർക്ക് എതിരെ പൊലീസ് കേസെടുത്തു. ലഹരി മാഫിയയിൽ ഉൾപ്പെട്ടവരാണ് പ്രതികളെന്ന് പറയുന്നു. ഇവർക്കെതിരെ ബാറിൽ അക്രമം നടത്തിയതിന് 2 കേസുണ്ട്. ഈ കേസുകളിലെ ഒരാൾ ലഹരി കേസിൽ പെരിന്തൽമണ്ണ ജയിലിലാണ്.

കരുളായി ∙ ദേശീയ സ്കൂൾ കായിക താരത്തെ ആക്രമിച്ച് പരുക്കേൽപിച്ച സാമൂഹികവിരുദ്ധരെ പാെലീസ് പിടികൂടാത്തതിൽ കെഎംഎച്ച്എസ്എസ് പിടിഎ പൊതുയോഗം പ്രതിഷേധിച്ചു. സൈക്കിളിൽ ടർഫിലേക്ക് പാേകുന്നതിനിടെ ഏപ്രിൽ 20ന് രാത്രി 9.45ന് എതിരെ തെറ്റായ ദിശയിൽ ബൈക്കിൽ വന്ന സംഘം ഇടിച്ചു വീഴ്ത്തുകയായിരുന്നു. മണൽ, ലഹരി മാഫിയ സംഘത്തിലുൾപ്പെട്ടവരാണ് അക്രമം നടത്തിയതെന്ന് നാട്ടുകാർ ആരോപിച്ചു. പൂക്കോട്ടുംപാടം പൊലീസ് കേസെടുത്തെങ്കിലും അക്രമികളെ പിടികൂടിയില്ല. മന്ത്രിമാർ, ബാലാവകാശ കമ്മിഷൻ, ജില്ലാ പൊലീസ് മേധാവി എന്നിവർക്ക് പരാതി നൽകി. പിടിഎ പ്രസിഡന്റ് ഒ.സലീന അധ്യക്ഷത വഹിച്ചു. മാനേജർ ടി.കെ.മുഹമ്മദ് സക്കീർ, പ്രിൻസിപ്പൽ കവിത ക്ലീറ്റസ് പ്രധാനാധ്യാപകൻ എൻ.സാദത്തലി, മുജീബ് കോയ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com