ADVERTISEMENT

തിരൂർ ∙ അതീവ ഗുരുതരാവസ്ഥയിൽ ഐസിയുവിലാണ് ഇപ്പോൾ തിരൂർ ജില്ലാ ആശുപത്രി. വൈദ്യുതി മുടങ്ങുമ്പോൾ പകരം സംവിധാനമില്ലാത്തതും ആവശ്യത്തിനു ഡോക്ടർമാരും ജീവനക്കാരുമില്ലാത്തും കന്റീൻ പ്രവർത്തിക്കാത്തതുമടക്കം ഒട്ടേറെ പ്രശ്നങ്ങളാണ് ആശുപത്രി നേരിടുന്നത്. രോഗികൾ പ്രതിഷേധിച്ചു തുടങ്ങിയതോടെ ഇന്നലെ എംഎൽഎ ആശുപത്രിയിൽ യോഗം വിളിച്ചുചേർത്തു. തീരദേശത്തു നിന്നടക്കം ഒട്ടേറെപ്പേർ ആശ്രയിക്കുന്ന ആശുപത്രിയാണിത്. ഒരു ദിവസം ശരാശരി 1,500 പേർ ഇവിടെ ചികിത്സ തേടിയെത്തുന്നുണ്ട്.

എന്നാൽ ഡോക്ടർമാർ അടക്കം അൻപതോളം ജീവനക്കാരുടെ കുറവ് ഇവിടെയുണ്ട്. ജില്ലയിൽ ഏറ്റവുമധികം കാൻസർ രോഗികൾ ചികിത്സയ്ക്ക് എത്തുന്നത് ഇവിടെയാണ്. 2 ഡോക്ടർമാരാണ് ഈ ചികിത്സയ്ക്കു നേതൃത്വം നൽകിയിരുന്നത്. ഇതിലൊരാളെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലേക്കു മാറ്റി. ഇതോടെ ഈ വിഭാഗത്തിൽ ദിവസം 40 ഒപി ടിക്കറ്റുകൾ മാത്രമാക്കി ചുരുക്കി. മറ്റു രോഗികൾ ഇതോടെ പ്രയാസത്തിലായി. 

മാസം മുന്നൂറിലേറെ പ്രസവങ്ങൾ നടന്നിരുന്ന ആശുപത്രിയിൽനിന്ന് 3 ഗൈനക്കോളജിസ്റ്റുകളെ മാസങ്ങൾക്കു മുൻപ് സ്ഥലംമാറ്റിയിരുന്നു. പകരം 3 പേർ വന്നെങ്കിലും പ്രസവ പരിശോധനകൾക്ക് പ്രയാസം വന്നു. കൂടാതെ ഇതിലൊരു ഗൈനക്കോളജിസ്റ്റിനെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് വർക്ക് അറേഞ്ച്മെന്റിന്റെ ഭാഗമായി മാറ്റുകയും ചെയ്തു. ഇവിടെ ആദ്യമുണ്ടായിരുന്ന ഗൈനക്കോളജിസ്റ്റിനെ കാര്യമായ പ്രസവങ്ങൾ നടക്കാത്ത കുറ്റിപ്പുറം കുടുംബാരോഗ്യ കേന്ദ്രത്തിലേക്കാണു മാറ്റിയത്.

വൈദ്യുതിമുടക്കമാണ് ആശുപത്രിയെ വലയ്ക്കുന്ന മറ്റൊരു പ്രധാന പ്രശ്നം. വൈദ്യുതി പോയാൽ പകരം സംവിധാനം ഏർപ്പെടുത്തുന്നില്ലെന്ന് രോഗികൾ പരാതിപ്പെടുന്നു. പ്രസവം കഴിഞ്ഞ സ്ത്രീകളും നവജാത ശിശുക്കളും കിടക്കുന്ന മാതൃശിശു ബ്ലോക്കിലുള്ളവരെയാണ് ഇത് ഏറ്റവുമധികം വലയ്ക്കുന്നത്.

40 ലക്ഷം രൂപ മുടക്കി സ്ഥാപിച്ച സോളർ പ്ലാന്റും 2 ജനറേറ്ററുകളും ഇവിടെയുണ്ട്. എന്നാൽ സോളർ പ്ലാന്റ് വൈദ്യുതി പ്രശ്നം പരിഹരിക്കാൻ പര്യാപ്തമല്ലെന്നാണ് അധികൃതർ പറയുന്നത്. ഒരു ജനറേറ്റർ കേടാണ്. മറ്റൊന്ന് പ്രവർത്തിപ്പിക്കാൻ സമയമെടുക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പ്രസവം നടക്കുന്ന സമയം വൈദ്യുതി പോയെന്നും തുടർന്ന് ടോർച്ചിന്റെ വെളിച്ചത്തിലാണ് ഡോക്ടർ പ്രസവമെടുത്തതെന്നും ഇവിടെയുള്ള കൂട്ടിരിപ്പുകാർ പറയുന്നു.

ഒപി ടിക്കറ്റ് വിതരണത്തിലും ഇവിടെ വലിയ പ്രശ്നങ്ങളുണ്ട്. 3 പേരുണ്ടായിരുന്ന സ്ഥാനത്ത് കഴിഞ്ഞ ദിവസം വരെ 2 പേരാണ് കൗണ്ടറിൽ ജോലിക്കുണ്ടായിരുന്നത്. ഇത് പ്രതിഷേധത്തിനു കാരണമായപ്പോൾ ഇന്നലെ കുറുക്കോളി മൊയ്തീൻ എംഎൽഎ ഇവിടെ യോഗം വിളിച്ചുചേർത്തു. ജില്ലാ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ നസീബ അസീസ്, അംഗങ്ങളായ ഫൈസൽ എടശ്ശേരി, വി.കെ.എം.ഷാഫി, എ.പി.സബാഹ് എന്നിവരും പങ്കെടുത്തു. തുടർന്ന് ഒപി ടിക്കറ്റ് കൗണ്ടറിൽ 3 പേരെ തന്നെ നിയോഗിക്കാൻ തീരുമാനിച്ചു. ഇ ഹെൽത്ത് വഴി ടിക്കറ്റ് നൽകുന്നതിനാൽ സമയമെടുക്കുന്നതാണ് ഇവിടെയുള്ള മറ്റൊരു പ്രശ്നം.

ഇവിടെ സൗകര്യങ്ങൾ ഒരുക്കേണ്ട ബാധ്യത സർക്കാരിനുണ്ട്. കൂടുതൽ ഡോക്ടർമാരെ നിയമിക്കാൻ തയാറാകണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com