ADVERTISEMENT

കൊപ്പം ∙ പഞ്ചായത്തിലെ അംഗപരിമിതർക്ക് മതിയായ സൗകര്യങ്ങളോടെ ഒരു ബഡ്സ് സ്കൂൾ വേണമെന്ന ആവശ്യത്തിനു ഇനിയും പരിഹാരമില്ല. സമീപ പഞ്ചായത്തുകളിലെല്ലാം ബഡ്സ് സ്കൂളുകളും സ്വന്തമായി വാഹനങ്ങളും അനുവദിച്ചിട്ടും കൊപ്പം പഞ്ചായത്തിന് അവഗണനയാണ്. 73 അംഗപരിമിതർ കൊപ്പം പഞ്ചായത്തിലുണ്ട്. ഇവരിൽ മിക്ക പേരും സാമ്പത്തികമായ പിന്നാക്കവസ്ഥ കാരണം വീടിനകത്ത് തന്നെ കഴിയുകയാണ്. ചിലരാകട്ടെ അടുത്തുള്ള സർക്കാർ വിദ്യാലയങ്ങളിലോ സമീപ പഞ്ചായത്തുകളിലെ ബഡ്സ് സ്കൂളുകളിലോ പഠിക്കുന്നു.

എല്ലാ ഭിന്നശേഷിക്കാരായ കുട്ടികൾക്കും തങ്ങളുടെ പഞ്ചായത്തിൽ തന്നെ പഠിക്കുന്നതിനു ഒരു ബഡ്സ് സ്കൂൾ അനുവദിക്കണമെന്ന ആവശ്യവുമായി വർഷങ്ങളായി സർക്കാർ ഓഫിസുകൾ കയറി ഇറങ്ങുകയാണ് ഇവിടുത്തെ അംഗപരിമിതരുടെ രക്ഷിതാക്കൾ. മാറി വരുന്ന എല്ലാ പഞ്ചായത്ത് ഭരണ സമിതിക്കു മുന്നിലും അമ്മമാർ പരാതികൾ സമർപ്പിക്കാറുണ്ടെങ്കിലും ഉടൻ ശരിയാക്കിത്തരാമെന്ന് പറയുന്നതല്ലാതെ ഭിന്നശേഷിക്കാരോട് കാരുണ്യം ഇല്ലാത്ത പോലെയാണ് അധികൃതരുടെ പെരുമാറ്റം.

പഞ്ചായത്തിലെ ഭിന്നശേഷിക്കാർക്ക് സർക്കാർ അനുവദിക്കുന്ന ആനുകൂല്യങ്ങൾ പോലും ചില വർഷങ്ങളിൽ വിതരണം ചെയ്യാറില്ലെന്നും അമ്മമാർ പരാതിപ്പെടുന്നു. വർഷങ്ങളായി അവഗണന തുടരുന്നതിനാൽ ചില രക്ഷിതാക്കൾ ചേർന്ന് കൊപ്പം - വളാഞ്ചേരി റോഡിൽ പുലാശ്ശേരിയിലെ വാടക കെട്ടിടത്തിൽ 2019 മുതൽ താൽക്കാലികമായി ബഡ്സ് സ്കൂൾ തുറന്നു. ഈ വിദ്യാലയത്തിൽ പഞ്ചായത്തിൽ നിന്ന് അടക്കം ഇരുപതോളം പേർ പഠിക്കുന്നുണ്ട്. രക്ഷിതാക്കൾ ചേർന്ന് പിരിവെടുത്താണ് ദൈനംദിന ചെലവുകൾ കണ്ടെത്തുന്നത്. 

ജീവനക്കാരുടെ വേതനവും കുട്ടികളുടെ ഭക്ഷണവും ഉൾപ്പെടെ 40, 000 രൂപയിലേറെ നടത്തിപ്പിനു ചെലവ് വരുന്നുണ്ട്. ഇത് രക്ഷിതാക്കളുടെ നേതൃത്വത്തിലുള്ള ട്രസ്റ്റ് പുറത്ത് നിന്ന് പിരിവെടുത്താണ് നടത്തുന്നത്. എന്നാൽ രക്ഷിതാക്കൾ സ്വന്തം ചെലവിൽ കുട്ടികളെ സ്കൂളിൽ എത്തിക്കണം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് ഇത് താങ്ങാൻ കഴിയുന്നതല്ല. പഞ്ചായത്തിലെ എല്ലാ അംഗപരിമിതരായ കുട്ടികളെയും സൗജന്യമായി പഠിപ്പിക്കുന്നതിനു ട്രസ്റ്റിനു ആഗ്രഹമുണ്ടെങ്കിലും ഒറ്റമുറിയിൽ പ്രവർത്തിക്കുന്ന സ്കൂളിൽ സൗകര്യങ്ങളില്ല.

കൊപ്പം പഞ്ചായത്തിൽ ബഡ്സ് സ്കൂൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു മുഹമ്മദ് മുഹസിൻ എംഎൽഎ, പഞ്ചായത്ത് എന്നിവർക്ക് ഒട്ടേറെ പരാതികൾ നൽകിയിട്ടുണ്ട്. പഞ്ചായത്തിലെ നാലാം വാർഡ് മണ്ണേങ്ങോട് പ്രഭാപുരത്ത് ബഡ്സ് സ്കൂളും ഹോമിയോ ആശുപത്രിയും പണിയുന്നതിനു പത്തു സെന്റ് സ്ഥലം സൗജന്യമായി വിട്ടു കിട്ടിയിട്ടുണ്ട്. എന്നാൽ ഇതിനുള്ള നടപടി നീളുകയാണെന്നും രക്ഷിതാക്കൾ പരാതിപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com