ADVERTISEMENT

പാലക്കാട് ∙ ഉഷ്ണതരംഗത്തിന്റെ വക്കിലുള്ള കേ‍ാഴിക്കേ‍ാട്ട് അടക്കം 4 വടക്കൻ ജില്ലകളിൽ വേനൽമഴയുടെ കുറവ് 90 ശതമാനത്തിനു മുകളിൽ. മേയ് പത്തേ‍ാടെ മഴ പെയ്യുമെന്നാണ് ഇപ്പേ‍ാഴത്തെ നിഗമനമെങ്കിലും അതു ശക്തമായ ചാറ്റൽമഴയായി കുറയാനുള്ള സാധ്യതയും കാലാവസ്ഥാ വിദഗ്ധർ കാണുന്നു. ചാറ്റൽമഴയിൽ ഒതുങ്ങിയാൽ ഈർപ്പം വർധിച്ച് ഉഷ്ണം കൂടുതൽ കഠിനമായേക്കും. 

പാലക്കാട് ജില്ലയിൽ ചൂടിനു നേരിയ കുറവ് ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രം (ഐഎംഡി) പറയുന്നുണ്ടെങ്കിലും അനുഭവപ്പെടുന്ന ഉഷ്ണത്തിന്റെ കാഠിന്യം കുറഞ്ഞിട്ടില്ല. അടുത്ത സീസണിലെ കാർഷികവിളവിനെയും ഇതു ഗുരുതരമായി ബാധിച്ചേക്കും. ഉഷ്ണതരംഗത്തിന്റെ സാധ്യതയുള്ള കേ‍ാഴിക്കേ‍ാട് 96%, കണ്ണൂർ 91%, കാസർകേ‍ാട് 94%, മലപ്പുറം 98% എന്നിങ്ങനെയാണു വേനൽമഴയുടെ കുറവ്. പാലക്കാട്ടെ കുറവ് 86 ശതമാനമാണ്. കേ‍ാട്ടയത്താണു വേനൽമഴ ഇതുവരെ കൂടുതൽ പെയ്തത്. 

സാധാരണ രീതിയിൽ വടക്കു വേനൽമഴ കുറയാറുണ്ടെങ്കിലും ഉഷ്ണം ഇത്രയും കഠിനമാകാറില്ല. കാലവർഷത്തെ മഴക്കുറവാണ് ഇപ്പേ‍ാഴത്തെ അവസ്ഥയ്ക്കു പ്രധാന കാരണമായി കാലാവസ്ഥാ വിദഗ്ധർ കാണുന്നത്. തണുപ്പുകാലം പേരിനു മാത്രവുമായി. അറബിക്കടലിലെ തിളയ്ക്കുന്ന ചൂട് മത്സ്യലഭ്യതയെയും രൂക്ഷമായി ബാധിച്ചു. തടാകങ്ങൾ, നദികൾ, തണ്ണീർത്തടങ്ങൾ, ചതുപ്പുപ്രദേശങ്ങൾ എന്നിവയും തെക്കിനെ അപേക്ഷിച്ചു വടക്കു കുറവാണ്.

ആഗേ‍ാളതലത്തിൽ ചൂട് ഉയർന്ന സാഹചര്യത്തിൽ ഭൂമധ്യരേഖയ്ക്ക് അടുത്തുള്ള പ്രദേശമെന്നതും വടക്കൻ ജില്ലകളിൽ ചൂടു വർധിക്കാൻ കാരണമായി. സംസ്ഥാനത്ത് ആദ്യം ഉഷ്ണതരംഗം സ്ഥിരീകരിച്ച പാലക്കാട് മൂന്നാഴ്ചയായി കഠിനമായ ഉഷ്ണമാണ്. മൂന്നു ദിവസം ഉഷ്ണതരംഗം അനുഭവപ്പെട്ടതായാണ് ഔദ്യേ‍ാഗിക അറിയിപ്പ്. എന്നാൽ, മുതലമട, കെ‍‍ാല്ലങ്കേ‍ാട് ഭാഗത്തെ ഒ‍ാട്ടമാറ്റിക് കാലാവസ്ഥാ കേന്ദ്രങ്ങളിൽ അന്തരീക്ഷതാപം മാത്രം 44 ഡിഗ്രിയാണു കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.

ഉഷ്ണതരംഗം  6 വരെ നിയന്ത്രണങ്ങൾ തുടരും; തൊഴിലാളികളെ ആസ്ബറ്റോസ് മേഞ്ഞ സ്ഥലത്തുനിന്നു മാറ്റണം
പാലക്കാട് ∙ ഉയർന്ന താപനില തുടരുന്ന ജില്ലയിൽ നിയന്ത്രണങ്ങൾ ശക്തമാക്കുമെന്നു ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപഴ്സൻ  കൂടിയായ ജില്ലാ കലക്ടർ ഡോ. എസ്. ചിത്ര അറിയിച്ചു. പ്രഫഷനൽ കോളജുകൾ, മെഡിക്കൽ കോളജുകൾ ഉൾപ്പെടെയുളള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ട്യൂഷൻ, അഡിഷനൽ ക്ലാസുകൾ, സമ്മർ ക്ലാസുകൾ എന്നിവ മെയ് 6 വരെ ഓൺലൈനായി മാത്രമേ നടത്താവൂ.

കായികപരിപാടികൾ, പരേഡുകൾ എന്നിവ രാവിലെ 11 മുതൽ ഉച്ചയ്ക്കു 3 വരെ നടത്തരുത്. ആസ്ബറ്റോസ്, ടിൻ ഷീറ്റുകൾക്കു കീഴിൽ താമസിക്കുന്ന തൊഴിലാളികളെ ഉടൻ മാറ്റിത്താമസിപ്പിക്കാൻ തെ‍ാഴിലുടമകൾക്ക് നിർദേശമുണ്ട്. ജില്ലാ മെഡിക്കൽ ഓഫിസർ ജില്ലയിലെ ആശുപത്രികൾ കേന്ദ്രീകരിച്ച്  അടിയന്തര പ്രാധാന്യത്തോടെ ഫയർ ഓഡിറ്റ് നടത്തണം. രാവിലെ 11 മുതൽ ഉച്ചയ്ക്കു 3 വരെ കന്നുകാലികളെ മേയാൻ വിടരുത്.

തോട്ടം മേഖലകളിലെ ലയങ്ങളിൽ പ്ലാന്റേഷൻ ഇൻസ്പെക്ടർമാർ മുഖേനയും ആദിവാസി മേഖലകളിൽ ട്രൈബൽ വകുപ്പ് ട്രൈബൽ പ്രമോട്ടർമാർ വഴിയും ശുദ്ധജലം ഉറപ്പാക്കാനും നിർദേശിച്ചു. ശുദ്ധജല ദൗർലഭ്യം പരിഗണിച്ച് മംഗലം, അപ്പർ ഭവാനി ഡാമുകൾ തുറന്നു.  സാഹചര്യം പരിശോധിച്ച് ആവശ്യമെങ്കിൽ മലമ്പുഴ ഡാം തുറക്കുമെന്നും പഞ്ചായത്തുകളുടെ നേതൃത്വത്തിൽ ആവശ്യമുള്ള സ്ഥലങ്ങളിൽ ശുദ്ധജല വിതരണം നടത്തുമെന്നും ജില്ലാ കലക്ടർ അറിയിച്ചു. ഉഷ്ണതരംഗ സാധ്യതയുള്ളതിനാൽ ഇന്നു വരെ ജില്ലയിൽ യെലോ അലർട്ടുണ്ട്. ഈ മാസം 6 വരെ നിയന്ത്രണങ്ങൾ തുടരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com