ADVERTISEMENT

പാലക്കാട് ∙ നീണ്ടുനിൽക്കുന്ന അത്യുഷ്ണവും ഉഷ്ണതരംഗവും മൂലം മനുഷ്യനും മറ്റു ജീവികൾക്കും മാത്രമല്ല, മണ്ണിനും വിളകൾക്കും ചെടികൾക്കും സൂര്യാഘാതമേൽക്കും. നാണ്യവിളകളിൽ ദീർഘകാല ദേ‍ാഷമുണ്ടാക്കുമെന്നു കാർഷിക വിദഗ്ധർ പറയുന്നു. വിളയുടെ അളവും ഗുണവും വലുപ്പവും കുറയാൻ കാരണമാകും. ചൂട് നീളുന്നതു മണ്ണിലെ ജൈവാംശം വിഘടിച്ചു നശിക്കാൻ വഴിയെ‍ാരുക്കും.ചെടികളുടെ അടിസ്ഥാന വളർച്ചയ്ക്കു വേണ്ട സൂക്ഷ്മാണുക്കൾ ഇല്ലാതാകുമെന്നതും പ്രതിസന്ധിയാണ്.  തീച്ചൂടിൽ ജലാംശം കുറയാതിരിക്കാൻ ഇലകളിലെ സൂക്ഷ്മസുഷിരങ്ങൾ ചെടികൾ സ്വയം അടയ്ക്കുന്നതേ‍ാടെ പ്രകാശസംശ്ലേഷണം പേരിനുമാത്രമാകും. 

പൂക്കളിലെ പരാഗണത്തിനുള്ള രേണുക്കളും കീടങ്ങളും ചൂടിൽ നശിക്കും. വിളവിന്റെ അളവും ഗുണവും നിറവും കുറയുമെന്നതാണ് ഇതിന്റെയെ‍ാക്കെ ഫലം. ചൂടിൽ നിലനിൽക്കാൻ ചെടികൾ വേരുകൾ കടുതൽ പടർത്തിയും താഴ്ത്തിയും വെള്ളം വലിച്ചെടുക്കുന്നതിനാൽ മണ്ണിലെ ജലനിരപ്പു താഴാനും ഇടയാകും. നാണ്യവിളകളിൽ ജാതി, തെങ്ങ്, കമുക്, കുരുമുളക്, വാഴ എന്നിവയാണു കൂടുതൽ നാശം നേരിടുക.  സാധാരണ വേനലിൽ ഒ‍ാലകൾ വീഴുന്നതു തെങ്ങ് മഴക്കാലത്തു സ്വയം പരിഹരിക്കുമെങ്കിലും അത്യുഷ്ണത്തിൽ കൂടുതൽ ഓലകൾ ഇല്ലാതാകുന്നതിന്റെ ആഘാതം താങ്ങാൻ കഴിയില്ല. അടുത്ത സീസണിൽ കായ്ഫലവും തേങ്ങയുടെ വലുപ്പവും വലിയതേ‍ാതിൽ കുറയും. ചെടികൾ ശേ‍ാഷിക്കും.

 കമുകിൽ തടിക്കും പൊള്ളലേൽക്കും. ഇതിനകം പലയിടത്തും തെങ്ങിന്റെയും കമുകിന്റെയും മണ്ട വാടിയത് ഉഷ്ണം മണ്ണിലുണ്ടാക്കിയ പ്രശ്നത്തിന്റെ സൂചനയാണ്. ചിലയിടത്തു വേനൽ പച്ചക്കറിയുണ്ടെങ്കിലും വെള്ളമില്ലാത്തതിനാൽ പരാഗണം നടക്കില്ല. മണ്ടരി, വെള്ളീച്ച എന്നീ കീടങ്ങൾ ഈ സമയം പെരുകുമെന്നതു തെങ്ങിനും വാഴയ്ക്കും ഇരട്ടപ്രഹരമാകും.ഇപ്പേ‍ാൾ പെ‍ാടിഞ്ഞാറിനു മണ്ണ് ഒരുക്കേണ്ട സമയമാണെങ്കിലും പാടം പലയിടത്തും വരണ്ടു വിണ്ട നിലയിലാണ്. കാലാവസ്ഥാ മാറ്റത്തിൽ നെല്ലിന്റെ വിളവു 16 % കുറഞ്ഞതായി കേന്ദ്ര ജലവിഭവകേന്ദ്രം കണ്ടെത്തിയിരുന്നു.

ഇന്നലത്തെ ചൂട് പ്രദേശം– കൂടിയ താപനില – കുറഞ്ഞ താപനില (ഡിഗ്രി സെൽഷ്യസിൽ) – ആർദ്രത
പട്ടാമ്പി– 36.9– 25.6– 46
മലമ്പുഴ– 39.2– 29– 55
മുണ്ടൂർ  ഐആർടിസി 38.8– 28.7– 59

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com