ADVERTISEMENT

പട്ടാമ്പി ∙ നിളാതീരത്ത് പട്ടാമ്പി ടൗണിൽ മനോഹരമായ നിളയോരം പാർക്ക് ഒരുങ്ങുന്നു. ടൗണിലെ ഭാരതപ്പുഴയുടെ തീരത്തെ കയ്യേറ്റഭൂമി തിരിച്ചുപിടിച്ചാണ് എംഎൽ‌എ ഫണ്ടിൽ നഗരസഭ പാർക്ക് നിർമാണത്തിന് സ്ഥലം കണ്ടെത്തിയത്. 74 സെന്റാണ് പാർക്കിനായി സ്വകാര്യ വ്യക്തികളിൽ നിന്നടക്കം തിരിച്ചുപിടിച്ചത്. എൽഡിഎഫും, വി ഫോർ പട്ടാമ്പിയും ചേർന്നാണ് നഗരസഭ ഭരിക്കുന്നത്. സിപിഎമ്മിലെ ഒ.ലക്ഷ്മിക്കുട്ടി നഗരസഭാധ്യക്ഷയും വി ഫോർ പട്ടാമ്പി മുന്നണിയിലെ ടി.പി. ഷാജി ഉപാധ്യക്ഷനുമായുള്ള നഗരസഭാ ഭരണസമിതിയുടെ ധീരമായ നടപടികളുടെ ഭാഗമായാണ് കയ്യേറ്റ ഭൂമി തിരിച്ചുപിടിക്കാനായത്. നഗരസഭയുടെയും റവന്യു വകുപ്പിന്റെയും നടപടികളുടെ ഭാഗമായും മുഹമ്മദ് മുഹസിൻ എംഎൽഎയുടെ ഇടപെടലിന്റെ ഭാഗമായും പാർക്കിനുള്ള സ്ഥലം ഒരുങ്ങിയതോടെ എംഎൽഎ പാർക്ക് നിർമാണത്തിന്റെ ആദ്യഘട്ടമായി പ്രാദേശിക വികസന ഫണ്ടിൽ നിന്നും 90 ലക്ഷം രൂപ അനുവദിച്ചു.

ഇതോടെ നിർമാണം തുടങ്ങി. പാർക്ക് നിർമാണത്തെ‍ാടെ‍ാപ്പം ഭാരതപ്പുഴ സംരക്ഷണവും ലക്ഷ്യമിട്ട പദ്ധതിയുടെ ഒന്നാംഘട്ട നിർമാണപ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്. തിരിച്ചുപിടിച്ച കയ്യേറ്റ ഭൂമിയിലെ കെട്ടിടങ്ങളും ഭിത്തികളുമെല്ലാം മണ്ണുമാന്തി യന്ത്ര സഹായത്തോടെ ഇടിച്ചുപെ‍ാളിച്ച് ഭൂമി നികത്തിയാണ് പാർക്കിനുള്ള സ്ഥലമെ‍ാരുക്കിയത്. തുടർന്ന് ചുറ്റുമതിലും പുഴയുടെ ഭാഗത്ത് ഭിത്തിയുടെ കേടുതീർത്ത് മുകളിൽ ഗ്രില്ലുകൾ സ്ഥാപിക്കുകയും ചെയ്തു.  പാർക്കിനകത്ത് കല്ലുകൾ വിരിച്ച് നടവഴിയെ‍ാരുക്കി. കിഴായൂർ റോഡിൽ നിന്നും ഇ.പി. സ്മാരക മന്ദിരത്തിന് സമീപത്തുകൂടി പാർക്കിലേക്ക് പ്രവേശന കവാടം നിർമാണം പൂർത്തിയാക്കി. 

ഇതോടെ ഒന്നാംഘട്ട നിർമാണം പൂർത്തിയായി. അലങ്കാരവിളക്ക് സ്ഥാപിക്കൽ, മരങ്ങളും ചെടികളും വച്ചുപിടിപ്പിക്കൽ, ഇരിപ്പിടങ്ങൾ സ്ഥാപിക്കൽ, കുട്ടികളുടെ പാർക്ക്, കളിയുപകരണങ്ങൾ സ്ഥാപിക്കൽ, ഓപ്പൺ ജിം, ആംഫി തിയറ്റർ ഒരുക്കൽ എന്നിവയാണ് രണ്ടാംഘട്ടത്തിൽ നടക്കുക. ഇതിനാവശ്യമായ 50 ലക്ഷം രൂപ കൂടി അനുവദിച്ചതായി മുഹമ്മദ് മുഹസിൻ എംഎൽഎ അറിയിച്ചു. പുഴയുടെ തീരത്ത് 74 സെന്റിൽ 252 മീറ്റർ നീളത്തിലുള്ള പാർക്ക് വരുന്നതോടെ ടൗണിന്റെ മുഖഛായ മാറും. പുഴയോരം വർഷങ്ങളോളം കാട് പിടിച്ച് കിടന്നിരുന്നപ്പോൾ പുഴയിലേക്ക് ടൗണിലെ മാലിന്യങ്ങൾ തള്ളിയിരുന്ന സ്ഥലത്താണ് പാർക്ക് ഒരുക്കുന്നത്. പട്ടാമ്പിക്കാർക്ക് സായാഹ്നങ്ങളിലും ഒഴിവുദിനങ്ങളിലും സമയം ചെലവഴിക്കാനുള്ള ഇടമായി ‘നിളയോരം’ പാർക്ക് മാറും. നിലവിൽ പട്ടാമ്പിയിലുള്ളവർ കിലോമീറ്ററുകൾ യാത്ര ചെയ്ത് തൃത്താല വെള്ളിയാങ്കല്ല് പൈതൃക പാർക്കിനെയായാണ് ഉപയോഗപ്പെടുത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com