ADVERTISEMENT

ലക്കിടി ∙ ഭരതപ്പുഴയിലെ തടയണ വറ്റിവരണ്ടതോടെ ലക്കിടിപേരൂർ പഞ്ചായത്തിൽ താളംതെറ്റിയ ജലവിതരണം പുനഃസ്ഥാപിക്കാൻ പുതിയ മാർഗവുമായി ജലനിധി കമ്മിറ്റി രംഗത്ത്. പുഴിയിൽ മണ്ണുമാന്തി ഉപയോഗിച്ചു നീർച്ചാൽ തീർത്തു ജലനിധി പമ്പിങ് കേന്ദ്രത്തിലേക്കു വെള്ളം എത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണു ഉപയോക്താക്കളുടെ ആവശ്യം മുൻനിർത്തി സ്വകാര്യ വ്യക്തിയുടെ ജലസ്രോതസ്സിൽ നിന്നു വെള്ളം വിതരണം ചെയ്യാൻ അധികൃതർ ശ്രമം തുടങ്ങിയത്.

വെള്ളം നൽകാൻ ഉടമ തയാറായതോടെ ജലശുദ്ധീകരണ ശാലയിലെത്തിക്കാനുള്ള നീക്കം ജലനിധി എസ്എൽഇസി കമ്മിറ്റി തുടങ്ങി. പുഴയിൽ നിന്നു ലഭിക്കുന്ന വെള്ളവും പുതിയ സ്രോതസിലെ വെള്ളവും ഉപയോഗിച്ചു മൂന്നു ദിവസത്തിലൊരിക്കൽ ജലവിതരണം നടത്തുമെന്നു കമ്മിറ്റി പ്രസിഡന്റ് പി.എസ്. രാമചന്ദ്രൻ അറിയിച്ചു. 3800ൽ അധികം കുടുംബങ്ങൾ ആശ്രയിക്കുന്ന പദ്ധതിയിൽ വെള്ളം എത്തിക്കാൻ ശ്രമം തുടരുകയാണ്.

കലക്ടർക്കു നിവേദനം നൽകി കാത്തിരിക്കുമ്പോഴും 8ന് മലമ്പുഴ ഡാം തുറക്കുമെന്ന സൂചനയാണ് അധികൃതർക്കു ലഭിക്കുന്നത്. ‍‍അതിർക്കാട് ഞാവളിൻകടവ് തടയണയിൽ ആളിയാർ വെള്ളം എത്തിയെങ്കിലും തടയണ തുറക്കാൻ നടപടി സ്വീകരിക്കാത്തതാണ് ജലക്ഷാമം രൂക്ഷമാക്കിയത്. ഭവാനി പുഴയിലെ വെള്ളം എത്തുമെന്നു അധികൃതർ പറയുമ്പോഴും വെള്ളം എന്ന് എത്തുമെന്നത് അറിയില്ല. 

കലക്ടർക്ക് വീണ്ടും നിവേദനം നൽകി 
ലക്കിടിപേരൂർ പഞ്ചായത്തിലെ ജലക്ഷാമം അതിരൂക്ഷമായി തുടരുന്നതോടെ പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളിൽ വെള്ളം ടാങ്കർ ലോറിയിൽ വിതരണം ചെയ്യാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു ജലനിധി എസ്എൽഇസി ഒന്ന് കമ്മിറ്റി കലക്ടർക്കു നിവേദനം നൽകി. ഭാരതപ്പുഴയിലെ ഞാവളിൻ കടവ് തടയണയിലെ വെള്ളം ഭാഗികമായി തുറന്നു നൽകാൻ നടപടി സ്വീകരിക്കണമെന്നു ജനപ്രതിനിധികളും ജലനിധി ഭാരവാഹികളും നേരത്തെ നിവേദനം നൽകിയിരുന്നു. 

4 ദിവസം കഴിഞ്ഞിട്ടും നടപടി സ്വീകരിക്കാത്തതിനാൽ ലക്കിടിയിൽ ജലവിതരണത്തിന് നിർവാഹമില്ലാത്ത സ്ഥിതിയാണ്. നെല്ലിക്കുറുശ്ശി ക്വാറി, അയലക്കംപാറ, മുളഞ്ഞൂർ വെൺമരം, ചൂഴിക്കാട്, പൂക്കാട്ടുകുന്ന് റേഷൻകട, മേലേ കോട്ടക്കാട്, നെല്ലുകുത്താംപാറ, തീപ്പാറ, ചാത്തനാംകുണ്ട്, റയിൽവേ സ്റ്റേഷൻ പരിസരം, പല്ലാർമംഗലം, കിൻഫ്ര എന്നീ പ്രദേശങ്ങളിൽ ലോറിയിൽ വെള്ളം എത്തിക്കാൻ നടപടി വേണമെന്നതാണ് ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com