ADVERTISEMENT

ശ്രീകൃഷ്ണപുരം ∙ ഓരോ ദിവസവും ചെറുകിട വ്യാപാരികൾ ഇറച്ചിക്കോഴികളെ ഇറക്കുമ്പോൾ നെഞ്ചിൽ ആവലാതിയുടെ തീയാണ്. അതിന് പുറത്തെ താപനിലയെക്കാൾ ചൂടാണ്. ഒരു മാസത്തിലേറെയായി ഈ പ്രതിസന്ധി തുടങ്ങിയിട്ട്. ഒരോ ദിവസത്തേക്കും കച്ചവടത്തിനുള്ള കോഴികളെ പുലർച്ചെയാണ് കടകളിൽ ഇറക്കുക. ചൂട് കൂടിയാൽ കോഴി തീറ്റയെടുക്കുന്നതും വെള്ളം കുടിക്കുന്നതും കുറയും. ഇത് തൂക്കത്തെ ബാധിക്കും. 150 കിലോഗ്രാമിന്റെ കച്ചവടം നടക്കുന്ന ചെറുകിട ഇറച്ചിക്കോഴി കടയിൽ തൂക്കം കുറയുന്നത് മൂലം ദിവസം പത്ത് കിലോഗ്രാമിന്റെയെങ്കിലും കുറവ് കാണിക്കുന്നുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്.

അതാത് ദിവസം കോഴികൾ വിറ്റുപോയില്ലെങ്കിൽ നഷ്ടത്തിന്റെ തോതും കൂടും. ചൂട് സഹിക്കാനാകാതെ മൂന്ന് കോഴികളെങ്കിലും ദിവസേന ചാവുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ രണ്ടായിരം രൂപയോളം ഒരു ദിവസം നഷ്ടം വരും. കച്ചവടം പകുതിയോളമായതും വില ക്രമാതീതമായി ഉയരുന്നതും വ്യാപാരികളെ വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. അതിഥി തൊഴിലാളികളാണ് പല കടകളിലും ജോലിക്കുള്ളത്. കച്ചവടം കുറവാണെങ്കിലും ഇവർക്ക് കൂലിയും, വാടകയും നൽകണം. സ്വകാര്യ പണമിടപാട് സ്ഥാനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും ഭീമമായ പലിശയ്ക്ക് പല വ്യാപാരികളും കടമെടുത്തിട്ടുണ്ട്.

കച്ചവടം കുറഞ്ഞതോടെ തിരിച്ചടവ് മുടങ്ങി. പലിശക്കാർ പലരും ഭീഷണി മുഴക്കുന്ന സാഹചര്യവും നിലവിലുണ്ട്. വൻകിട ഫാമുകളിലും സമാന സാഹചര്യമാണ്. 5000 കോഴികളുള്ള ഒരു ഫാമിൽ ചൂടു സഹിക്കാൻ കഴിയാതെ ഒരു ബാച്ചിൽ എഴുന്നൂറോളം കോഴികളാണ് ചാവുന്നത്. ഒന്നര കിലോഗ്രാം തൂക്കം വന്ന കോഴികളാണ് ചാവുന്നതിൽ ഏറെയും.ഹോട്ടലുകളിൽ ചിക്കൻ വിഭവങ്ങൾക്ക് ആവശ്യക്കാർ കുറഞ്ഞു. ഹോം ഡെലിവറി ഉൾപ്പെടെയുള്ള കച്ചവടം വർധിക്കുന്ന സീസണാണ് അവധിക്കാലമെന്നും ഈ വർഷം അത് ഇല്ലെന്നുമാണ് ഹോട്ടൽ വ്യാപാരികൾ പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com