ADVERTISEMENT

മണ്ണാർക്കാട്∙ റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തി കാഞ്ഞിരപ്പുഴ പാമ്പന്തോട് ആദിവാസി കോളനിയിലെ കുടുംബങ്ങൾക്ക് പാങ്ങോട് നിർമിച്ച വീടുകൾ ഒരു വർഷം തികയും മുൻപ് വിണ്ടു പൊട്ടി. തറയും ഭിത്തികളും വിണ്ടു കീറിയതോടെ കുടുംബങ്ങൾ താമസം വീണ്ടും മലയിലേക്ക് മാറ്റി. കോളനിയിലെ തമ്പി, തങ്ക, ദീപു, രാജൻ, ശാന്ത തുടങ്ങിയവരുടെ വീടുകൾക്കാണ് കേടുപാടുകൾ സംഭവിച്ചത്. വീടുകളുടെ തറ ചുറ്റും പൊട്ടിയ നിലയിലാണ്. ഇതേ തുടർന്ന് ചുമരുകൾക്കും വിള്ളലുണ്ട്. ശാന്തയുടെ വീടിന്റെ പിൻവശത്തെ ജനലിന്റെ ഭാഗം ചുമര് പൊളിഞ്ഞു വീണു. ശുചിമുറിയും തകർന്നു.

ഇതു കാരണം ഇവർ മലയിലെ പഴയ വീട്ടിൽ തന്നെയാണ് താമസിക്കുന്നത്. വിണ്ടു പൊട്ടിയ ഭാഗത്ത് സിമന്റ് തേച്ച് വിള്ളൽ അടച്ച നിലയിലാണ്. കരാറുകാരന്റെ ജോലിക്കാരാണ് വിള്ളൽ അടച്ചതെന്നാണ് ഊരു നിവാസികൾ പറയുന്നത്. രാജന്റെ വീടിന്റെ വാർപ്പ് അടർന്ന് മേൽക്കൂരയിൽ തുള വീണു. തമ്പി, തങ്ക, ശാന്ത എന്നിവരുടെ വീടുകളുടെ തറയാണ് വിണ്ടു പൊട്ടിയത്. ദീപുവിന്റെ ശുചിമുറി വിണ്ടു കീറി. അടുപ്പിന്റെ പുകക്കുഴലുകൾ സ്ഥാപിച്ച ഭാഗം അടർന്നു പോന്ന വിധത്തിലാണ്. 2023 ഒക്ടോബറിലാണ് വീടുകളുടെ ഉദ്ഘാടനം നിർവഹിച്ചത്. റീ ബിൽഡ് കേരളയിൽ നിന്ന് 9.10 കോടിയും പട്ടിക വർഗ വികസന വകുപ്പിൽ നിന്ന് 1.8 കോടിയുമാണ് അനുവദിച്ചത്.

ഒരു കുടുംബത്തിന് പത്ത് ലക്ഷം രൂപ ചെലവിലാണ് സ്ഥലം വാങ്ങി വീട് നിർമിച്ചത്. 2018 ലെ പ്രളയത്തിൽ ഉരുൾപൊട്ടൽ ഉണ്ടായ പാമ്പൻതോട് ആദിവാസി ഊര് വാസയോഗ്യമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇവരെ പുനരധിവസിപ്പിക്കാൻ തീരുമാനിച്ചത്. സംസ്ഥാന സർക്കാരിന്റെ മികച്ച പദ്ധതിയായി എംഎൽഎയും എൽഡിഎഫും ഏറെ കൊട്ടിഘോഷിച്ച് നടപ്പാക്കിയ പദ്ധതി ഒരു വർഷം തികയും മുൻപ് തകർന്നത് വരും ദിവസങ്ങളിൽ ചർച്ചയാവും. നിർമാണത്തിലെ അപാകതയാണ് വീടുകൾക്ക് വിള്ളൽ രൂപപ്പെടാൻ കാരണമെന്നാണ് ആരോപണം. തറയും ചുമരുകളും വിണ്ടുകീറിയ വീട്ടിൽ കുട്ടികളെയും കൊണ്ട് എങ്ങനെ കഴിയുമെന്നാണ് ഊരുവാസികൾ  ചോദിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com