ADVERTISEMENT

കാട്ടാക്കട ∙ സിനിമ കണ്ടു വീട്ടിലേക്കു മടങ്ങാൻ ബസ് കാത്തിരുന്ന യുവാക്കളെ ഷാഡോ പൊലീസെന്ന പേരിൽ ബൈക്കിലെത്തിയ സംഘം ഫോണും പഴ്സും തട്ടിയെടുത്ത ശേഷം ക്രൂരമായി ആക്രമിച്ചു. കഞ്ചാവ് വാങ്ങാൻ വന്നവരല്ലേ എന്നു ചോദിച്ചു കത്തികാട്ടി ഭീഷണിപ്പെടുത്തി അക്രമികൾ ബൈക്കിൽ കയറ്റി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ഇരുവരുടെയും വലതു കൈ തല്ലിയൊടിച്ചു. മർദനമേറ്റ വെള്ളനാട് സ്റ്റേഡിയം റോഡ് കിഴക്കുംകര പുത്തൻ വീട്ടിൽ വിഷ്ണു(23), വെള്ളനാട് ദേവി വിഹാറിൽ എസ്.മനു(27) എന്നിവർ ചികിത്സയിലാണ്.

തിങ്കൾ രാത്രി 12 മണിയോടെയാണു സംഭവം. തൂങ്ങാംപാറയിലെ തിയറ്ററിൽ സിനിമ കണ്ട് ഇവർ കാട്ടാക്കട എത്തി. ഇവിടെനിന്നു വെള്ളനാട്ടേക്കു പോകാൻ ബസ് വൈകുമെന്നതിനാൽ നടന്നു. കൈതക്കോണത്ത് വെയിറ്റിങ് ഷെഡിൽ ഇരിക്കവെയാണു ബൈക്കിൽ 2 പേർ എത്തി ആക്രമിച്ചത്. യുവാക്കളുടെ അടുത്തെത്തി ‘കഞ്ചാവ് വാങ്ങാൻ വന്നവരല്ലേ’ എന്നായിരുന്നു ആദ്യം ചോദിച്ചതെന്നു മനുവും വിഷ്ണുവും പറഞ്ഞു. വീട്ടിൽ പോകാൻ ഇരിക്കുന്നു എന്നു പറഞ്ഞു. വെള്ളനാട് സ്വദേശികളായ ചിലരുടെ പേരുകൾ ചോദിച്ച ശേഷം തങ്ങൾ വീട്ടിലെത്തിക്കാമെന്നു പറഞ്ഞു. വിസമ്മതിച്ചപ്പോൾ കത്തികാട്ടി മർദിച്ച് ഇരുവരെയും ബൈക്കിൽ കയറ്റി. 

കാപ്പിക്കാട് നിർമാണത്തിലിരിക്കുന്ന വീടിനു സമീപം ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചു മർദിച്ചു. കൈകൾ അടിച്ചൊടിച്ചു. മനുവിന്റെ തലയ്ക്കും പരുക്കേറ്റു. മുഖത്തും കഴുത്തിലും അടിച്ചു. അവശരായതോടെ ഇരുവരെയും പോകാൻ അനുവദിച്ചു. സംഘം വീണ്ടും പിന്നാലെ വരുന്നെന്ന് മനസ്സിലാക്കി ഇരുവരും അടുത്തു കണ്ട വീട്ടിൽ കയറി.  ഇവർ കാട്ടാക്കട പൊലീസിൽ വിവരമറിയിക്കാൻ വിളിച്ചെങ്കിലും ഫോൺ എടുത്തില്ലെന്നാണ് ആരോപണം. 

ഇവിടെനിന്നു വെള്ളം കുടിച്ച ശേഷം നടന്നു വെള്ളനാട് പോയി. സ്റ്റേഡിയത്തിനടുത്ത് എത്തിയതോടെ സംഘം ബൈക്കുമായി പിന്നാലെ എത്തിയെങ്കിലും ഇരുവരും ഒളിച്ചതായി മനുവും വിഷ്ണുവും പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് ഇന്നലെ വൈകിട്ടോടെയാണു സംഭവം സത്യമെന്ന് ഉറപ്പിച്ചത്. അക്രമി സംഘത്തിലെ ഉറിയാക്കോട് സ്വദേശിയെ കസ്റ്റഡിയിലെടുത്തതായാണു വിവരം. എക്സൈസ് സംഘത്തിന്റെ ഇൻഫോമറായ കാപ്പിക്കാട് സ്വദേശിയെ തിരയുന്നുണ്ട്. അന്വേഷണം ഊർജിതമാണെന്നും പ്രതികൾ ഉടൻ പിടിയിലാകുമെന്നും കാട്ടാക്കട എസ്എച്ച്ഒ എൻ.ഗിരീഷ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com